ഓൺലൈൻ ഗബ്ബർ സിംഗുമാർ
Monday, August 12, 2024 12:00 AM IST
ഓൺലൈൻ തട്ടിപ്പിനുശേഷമുള്ള ഒരു മണിക്കൂർ പ്രധാനമാണ്. അതിനകം പരാതിപ്പെട്ടാൽ പണം തിരികെ കിട്ടാൻ സാധ്യയുണ്ട്. അല്ലെങ്കിൽ വിയർത്തുണ്ടാക്കിയ പണം വിയർക്കാതെ ജീവിക്കുന്നവർ കൊണ്ടുപോകും.
തോക്കുംചൂണ്ടി കുതിരപ്പുറത്തെത്തി തീവെട്ടിക്കൊള്ള നടത്തിയിരുന്ന ഗബ്ബർ സിംഗ് എക്കാലത്തെയും ഹിറ്റായ “ഷോലെ’’യിലെ അംജത് ഖാന്റെ കഥാപാത്രമാണ്. കാലം ഒത്തിരി മുന്നോട്ടുപോയി. കൊള്ള വർധിച്ചെങ്കിലും അതിനുള്ള കഷ്ടപ്പാട് കുറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ഒളിച്ചുകയറിയും തല്ലിത്തകർത്തും കൊള്ളയടിക്കുന്നവരുടെ കാലം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ പത്തിരട്ടി പണം, ഒരു ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ അങ്ങേത്തലയ്ക്കലിരുന്നു വിയർക്കാതെ കൊയ്യുന്ന ഓൺലൈൻ ഗബ്ബർ സിംഗുമാരുടെ സുവർണകാലമായി.
ഓൺലൈൻ തട്ടിപ്പുകളുടെ കാര്യമാണു പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ തട്ടിപ്പുകാരുടെ നൂതന കൗശലങ്ങളെ വെളിപ്പെടുത്തുക മാത്രമല്ല, ജാഗ്രത പാലിച്ചില്ലെങ്കിൽ എത്ര ഉന്നതരും ഇരകളാകുമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസിന്റെ 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടുപോയത് ദിവസങ്ങൾക്കു മുന്പാണ്.
സിബിഐ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയാണ് വീഡിയോ കോൾവഴി തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. മുംബൈ സ്വദേശിയുടെ കള്ളപ്പണക്കേസിൽ മാർ കൂറിലോസും പ്രതിയാണെന്നു പറഞ്ഞതിനൊപ്പം വ്യാജരേഖകൾ കാണിക്കുകയും ചെയ്തു. കേസിൽനിന്ന് ഒഴിവാക്കാൻ പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് 15 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കോളജ് വിദ്യാർഥിയായ മകൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും രക്ഷിക്കണമെങ്കിൽ 35,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് അതിരന്പുഴ സ്വദേശിയും ആം ആദ്മി പാർട്ടി നേതാവുമായ ജോയി ചാക്കോയ്ക്ക് വ്യാജ സിബിഎ ഉദ്യോഗസ്ഥന്റെ വാട്സാപ് വിളിയെത്തിയത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. വിദ്യാർഥിനിയായ മകളെ ലഹരിക്കേസിൽ പിടികൂടിയെന്നും പണം നൽകിയാൽ രക്ഷിക്കാമെന്നും പറഞ്ഞ് ചങ്ങനാശേരിയിൽ വീട്ടമ്മയെ വിളിച്ചതും അതിരന്പുഴയിൽ വിളിച്ച വ്യാജനാണെന്നാണ് സൂചന.
പക്ഷേ, ഒറ്റപ്പാലത്ത് ഒരാഴ്ചയ്ക്കിടെ ഓൺലൈൻ തട്ടിപ്പുസംഘങ്ങളുടെ കെണിയിൽ രണ്ടു ഡോക്ടർമാരും വ്യവസായിയും വീണു. 40 ലക്ഷം രൂപയാണ് നഷ്ടമായത്. വ്യവസായിയിൽനിന്നു മാത്രം 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഓൺലൈനിലൂടെ അറസ്റ്റ് എന്നു തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പുശ്രമത്തിൽനിന്നു മറ്റു നാലു പേർ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷം രാജ്യത്താകമാനം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 7488.64 കോടി രൂപയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. അതിൽ 201.79 കോടി കേരളത്തിൽനിന്നു മാത്രം.
ഏറ്റവും കൂടുതൽ പണം നഷ്ടമായത് മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലാണ്; 990 കോടി. 7488.64 കോടി രൂപയിൽ 921 കോടി തടഞ്ഞുവയ്ക്കാനും കഴിഞ്ഞു. പണം കൂടുതലും ചൈനയിലെ അക്കൗണ്ടുകളിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ അന്വേഷണവും പണം വീണ്ടെടുക്കലും എളുപ്പമല്ല. കേന്ദ്ര ഹെൽപ് ലൈൻ നന്പറായ 1930ലേക്ക് വിളിച്ച് പരാതിപ്പെട്ടവരുടെ മാത്രം കണക്കാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. യഥാർഥ നഷ്ടം ഇതിലുമൊക്കെ വലുതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വർഷം ജൂലൈ ഒന്പതുവരെ ഇടുക്കി ജില്ലയിൽ മാത്രം 5.5 കോടിയുടെ ഓൺലൈൻ തട്ടിപ്പു നടന്നു. വീട്ടിലിരുന്നു പണമുണ്ടാക്കാമെന്നു വിശ്വസിപ്പിക്കുന്ന ലിങ്കിൽ കയറിയവരാണ് കേരളത്തിൽ പണം നഷ്ടപ്പെട്ടവരിലേറെയും. മയക്കുമരുന്ന് അടങ്ങിയ കൊറിയർ പിടിച്ചിട്ടുണ്ട്, പ്രതിചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണം തുടങ്ങിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പോലീസ് ജൂലൈ ആദ്യം മുന്നറിയിപ്പു നൽകിയെങ്കിലും അതേ തട്ടിപ്പുകളിൽ പിന്നെയും ആളുകൾ വീണു. വാട്സാപിലോ ഇ മെയിലിലോ ഉൾപ്പെടെ വരുന്ന പ്രലോഭനകരമായ ലിങ്കുകളിൽ തൊടുകയോ നേരിട്ടു ഫോണിൽ വിളിച്ചാലും വിശ്വസിക്കുകയോ ചെയ്യരുത്.
തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കുക, അബദ്ധം പറ്റിയാൽ അപ്പോൾതന്നെ 1930ൽ പരാതിപ്പെടുക എന്നീ രണ്ടു കാര്യങ്ങൾ മറക്കരുത്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. തട്ടിപ്പിനുശേഷമുള്ള ഒരു മണിക്കൂർ സുവർണ മണിക്കൂർ എന്നാണ് അറിയപ്പെടുന്നത്. അതിനകം പരാതിപ്പെട്ടാൽ പണം തിരികെ കിട്ടാനുള്ള സാധ്യയുണ്ട്. അല്ലെങ്കിൽ വിയർത്തുണ്ടാക്കിയ പണം വിയർക്കാതെ ജീവിക്കുന്നവർ കൊണ്ടുപോകും.