ന്യൂനപക്ഷങ്ങളെ പൊള്ളിക്കുന്ന ബംഗ്ലാദേശിലെ തീയണയ്ക്കണം
Saturday, August 10, 2024 12:00 AM IST
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ഉൾഭയം നിസാരമായി കാണരുത്. ഇന്ത്യ ജാഗ്രത തുടരേണ്ടതാണ്. അതേസമയം, വ്യാജവാർത്തകളും വീഡിയോകളും പരത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ ഇന്ത്യയിലും കരുതിയിരിക്കണം.
അടുപ്പിൽ തീ പിടിപ്പിക്കുന്നതിലും എളുപ്പമാണ് ഒരു നാട് കത്തിക്കുന്നത് എന്നത്, ദേശഭേദമില്ലാതെ ഏതൊരു കലാപത്തെയുംകുറിച്ചു പറയാവുന്നതാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും കാറ്റ് ഉറപ്പാക്കിയാൽ പിന്നെയൊരു തീപ്പൊരിയുടെ ആവശ്യമേയുള്ളൂ.
ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ കലാപവും തുടർന്നുള്ള അക്രമസംഭവങ്ങളും ഓർമിപ്പിക്കുന്നത് അതാണ്. രാജ്യംവിട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാരും അവരുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്. ഇതിനിടെ, മതമൗലികവാദികൾ കിട്ടിയ അവസരമുപയോഗിച്ച് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്കു നേരേയും തിരിഞ്ഞു.
അവിടത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഉൾഭയം നിസാരമായി കാണരുത്. ഇന്ത്യ ജാഗ്രത തുടരേണ്ടതാണ്. അതേസമയം, ന്യൂനപക്ഷ ആക്രമണത്തിന്റെ വ്യാജവാർത്തകളും വീഡിയോകളും പരത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ ഇന്ത്യയിലും കരുതിയിരിക്കണം.
ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്റ്റ്യൻ യൂണിറ്റി കൗൺസിൽ ജനറൽ സെക്രട്ടറി റാണ ദാസ് ഗുപ്ത കഴിഞ്ഞദിവസം പറഞ്ഞത്, ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു എന്നാണ്. കലാപം രൂക്ഷമായ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 97 അക്രമസംഭവങ്ങളുണ്ടായി.
10 ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ഒരാൾ കൊല്ലപ്പെട്ടെന്നും ഗുപ്ത അറിയിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് ധാക്കയിലെ അമേരിക്കൻ എംബസിയും യൂറോപ്യൻ യൂണിയൻ അംബാസഡർ ചാൾസ് വൈറ്റ്ലിയും എക്സിലൂടെ അറിയിച്ചു. പ്രശസ്ത സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടും കലാപകാരികൾ ആക്രമിച്ചു.
അഹമ്മദിയ മുസ്ലിംകൾക്കും ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കാര്യം നിരീക്ഷിച്ചുവരികയാണെന്നും ക്രമസമാധാനം സാധാരണ നിലയിലാകും വരെ ജാഗ്രതയിലാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.
ആശാവഹമായ കാര്യങ്ങളും സംഭവിക്കുന്നുണ്ട്. സർക്കാരിനെതിരേ സമരം നയിച്ച വിദ്യാർഥി സംഘടനകൾ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും കാവൽ നിൽക്കുന്ന റിപ്പോർട്ടുകളുണ്ട്. യൂണിറ്റി കൗൺസിൽ ജനറൽ സെക്രട്ടറി റാണ ദാസ് ഗുപ്ത തന്നെ പ്രസ്താവിച്ചത്, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളായ മുസ്ലിംകൾ എത്തുന്നത് സ്വാഗതാർഹമാണെന്നാണ്.
സ്ഥിതി ശാന്തമാകുവോളം സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായ നാഹിദ് ഇസ്ലാം, ന്യൂനപക്ഷ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്യുന്ന നിരവധി കുറിപ്പുകൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
അതേസമയം, ന്യൂനപക്ഷവിരുദ്ധതയേക്കാൾ ഇപ്പോഴത്തെ ആക്രമണത്തിനു കാരണം ഷേഖ് ഹസീനയുടെ പാർട്ടിയുമായുള്ള ന്യൂനപക്ഷങ്ങളുടെ ബന്ധമാണെന്നു റിപ്പോർട്ടുകളുണ്ട്. അവാമി ലീഗ് താരതമ്യേന മതേതര പാർട്ടിയായതുകൊണ്ട് ന്യൂനപക്ഷ മതവിശ്വാസികളിൽ മഹാഭൂരിപക്ഷവും അവർക്കാണ് പിന്തുണ നൽകിയിരുന്നത്.
ആ രോഷവും വലതുപക്ഷ പാർട്ടികൾ ഇപ്പോൾ പ്രകടിപ്പിക്കുന്നുണ്ടെന്നു വേണം കരുതാൻ. ഷേഖ് ഹസീന ബംഗ്ലാദേശിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ജനാധിപത്യവിരുദ്ധതയും അഴിമതിയും അടിച്ചമർത്തലുമാണ് ഇപ്പോഴത്തെ കലാപങ്ങൾക്കു വഴിതെളിച്ചതെന്ന നിരീക്ഷണങ്ങളാണ് കൂടുതൽ യുക്തിസഹം.
പ്രതിപക്ഷങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പുപോലും അട്ടിമറിച്ച് തുടർച്ചയായി അധികാരത്തിലെത്തിയ ഹസീന ജനങ്ങൾക്ക് അനഭിമതയായി. പൊട്ടിത്തെറിയുടെ വക്കിലായിരുന്ന രാജ്യം സംവരണവിരുദ്ധ പ്രക്ഷോഭത്തെ ഉപകരണമാക്കി. ഇത് വലതുപക്ഷങ്ങളും മതമൗലികവാദികളും മുതലെടുത്തു.
ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം തുടർന്നാൽ താൻ രാജിവയ്ക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന നൊബേൽ ജേതാവുകൂടിയായ മുഹമ്മദ് യൂനുസിന്റെ മുന്നറിയിപ്പ് കർശന സ്വഭാവമുള്ളതാണ്. ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിച്ച് ഭൂരിപക്ഷ ധ്രുവീകരണത്തിനു ശ്രമിക്കാത്ത ഭരണകൂട നിലപാട് ശ്രദ്ധേയമാണ്.
ആവശ്യാനുസരണം ഇടപെടാനറിയാവുന്ന നമ്മുടെ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. അതിനേക്കാൾ വലിയ നിരീക്ഷകരെന്ന മട്ടിൽ വ്യാജപ്രചാരണം കൊഴുപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണു നല്ലത്. ബംഗ്ലാദേശിലെ തീക്കൊള്ളികൊണ്ട് ഇന്ത്യയിൽ ചൊറിയാൻ ആരെയും അനുവദിക്കരുത്.