വിനേഷ്, ജനകോടികൾ നിനക്കൊപ്പമാണ്
Friday, August 9, 2024 12:00 AM IST
വിനേഷ്, ഭാരം കുറയ്ക്കാൻ ഉറക്കമിളച്ചും കഠിനവ്യായാമം ചെയ്തും നടത്തിയ നിന്റെ പ്രയത്നങ്ങൾ കോടിക്കണക്കിനു ജനങ്ങളെ ത്രസിപ്പിച്ചിട്ടുണ്ട്. യുവതലമുറയ്ക്ക് നീ ആവേശമായിട്ടുണ്ട്. അവരുടെ ഹൃദയത്തിലാണ് നിന്റെ സ്ഥാനം. തളരരുത്, തകരരുത്. പോരാടാൻ ഗോദയിൽതന്നെ തുടരുക...
ബിഗ് സല്യൂട്ട് വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, നീ ജനകോടികളുടെ മനസിൽ ചാമ്പ്യന്മാരുടെ ചാമ്പ്യൻതന്നെ. നിർഭാഗ്യത്തിന്റെ പേരായി നിന്റേതു മാറരുത്. വീഴ്ച നിനക്കല്ല. രാജ്യം ഒറ്റക്കെട്ടായി നിന്നോടൊപ്പമുണ്ട്. നൂറു ഗ്രാം തൂക്കം ഒളിമ്പിക് കമ്മിറ്റിയുടെ കർക്കശ നിയമത്തിനു മുന്നിൽ അധികഭാരമായിരിക്കാം.
എന്നാൽ, ആ നിയമത്തിനു മുന്നിൽ തട്ടിത്തെറിപ്പിക്കപ്പെട്ടത് 140 കോടി ജനങ്ങളുടെ സുവർണസ്വപ്നമാണെന്ന യാഥാർഥ്യം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഒരു വർഷത്തോളം അനീതിക്കെതിരേ തെരുവിൽ ഗുസ്തിപിടിച്ച നിന്റെ നിശ്ചയദാർഢ്യം ലോകം മുഴുവൻ കണ്ടതാണ്. അതുകൂടി കണക്കിലെടുത്താൽ ക്ഷമ ചോദിക്കേണ്ടത് നീയല്ലെന്നു വ്യക്തം.
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാജ്യം ലോക കായിക ഭൂപടത്തിൽ എത്രയോ പിന്നിലാകുന്നതിനു പല കാരണങ്ങളുമുണ്ടാകാം. അതിലെവിടെയോ വിനേഷ് ഫോഗട്ടിന്റെ നൂറു ഗ്രാം അധികഭാരത്തിന്റെ പേരിലുള്ള മെഡൽനഷ്ടത്തിന്റെ കാരണവുമുണ്ട്. അതു കണ്ടെത്താനും തിരുത്താനും നമുക്കു കഴിയുന്നില്ലെങ്കിൽ ഇതു കേവലമൊരു മെഡൽനഷ്ടം മാത്രമായി അസ്തമിക്കും.
വിനേഷ് ഗോദയിൽനിന്നു വിരമിക്കുന്നതായി അറിയിച്ചതിനാൽ എല്ലാം പെട്ടെന്നവസാനിപ്പിക്കാം. രാഷ്ട്രം ചൊരിഞ്ഞ ആശ്വാസവാക്കുകളിൽ നീതി നടപ്പിലായെന്നും വിശ്വസിക്കാം. ഗോദയിലെ നേട്ടങ്ങൾക്കു പിന്നിൽ വിനേഷ് ഫോഗട്ടിന്റെ കഠിനാധ്വാനവും അർപ്പണബോധവും തലമുറകൾക്കു പ്രചോദനമാണ്. 2013 ഏഷ്യൻ ഗെയിംസിൽ സീനിയർ വിഭാഗം ഗുസ്തിയിൽ വെങ്കലമെഡൽ നേട്ടത്തോടെയാണ് രാജ്യാന്തര തലത്തിൽ വിനേഷ് ശ്രദ്ധേയയായത്.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും വെങ്കലം നേടി. തുടർന്നുള്ള അഞ്ചു വർഷങ്ങളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽനിന്ന് മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി. 2014ൽ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ആദ്യസ്വർണം. 2018ൽ ഓസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സ്വർണനേട്ടം ആവർത്തിച്ചു. ജക്കാർത്ത ഏഷ്യൻ ഗെയിംസിലും സുവർണസ്ഥാനത്തായിരുന്നു.
2019ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2021ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി. 2022ൽ കോമൺവെൽത്ത് ഗെയിംസിൽ മൂന്നാമത്തെ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമത്തെ വെങ്കലവും നേടി. ഇത്തരത്തിൽ വിവിധ രാജ്യാന്തര മത്സരങ്ങളിൽനിന്നായി 15 മെഡലുകൾ നേടിയ സുവർണതാരമാണ്, ഇന്ത്യൻ ഗുസ്തിയുടെ ഈറ്റില്ലമായ ഹരിയാനയിൽനിന്നുള്ള വിനേഷ്. എന്നാൽ, ഒളിമ്പിക് മെഡലെന്ന സ്വപ്നമാണ് അവിശ്വസനീയമാംവിധം നഷ്ടമായിരിക്കുന്നത്.
2016ലെ ഒളിമ്പിക്സിൽ പരിക്കായിരുന്നു വിനേഷിനു തടസമായത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ഒന്നാം സീഡായിരുന്നെങ്കിലും രണ്ടാമത്തെ പോരാട്ടത്തിൽ പുറത്തായി. ഇപ്പോൾ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് മികച്ച ഫോമിൽ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയിൽ 100 ഗ്രാം അധികഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടു.
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാട്ടുന്നുവെന്ന പരാതിയിൽ സഹതാരങ്ങൾക്കുവേണ്ടി സമാനതകളില്ലാത്ത സമരത്തിനിറങ്ങിയ വിനേഷ് ഫോഗട്ടിന് പോലീസിന്റെ അതിക്രമം വരെ നേരിടേണ്ടിവന്നിരുന്നു.
തനിക്കു ലഭിച്ച ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയിൽ ഉപേക്ഷിച്ച് ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ആളിക്കത്തിക്കാനും വിനേഷിനായിരുന്നു. ബ്രിജ്ഭൂഷൺ സിംഗിന്റെ സ്വാധീനത്തിൽനിന്ന് ഗുസ്തി ഫെഡറേഷനെ മോചിപ്പിക്കാൻ ഇത്ര വലിയ സമരങ്ങൾ നടത്തിയ വിനേഷിനെതിരേ ഗൂഢാലോചനയ്ക്ക് സാധ്യത ഏറെയുണ്ടായിരുന്നു.
ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾക്കു പിന്നിൽ ഇത്തരം ശക്തികളുണ്ടോയെന്ന് തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചുവെന്നതുകൊണ്ടു മാത്രം ഈ വിഷയം സർക്കാർ അവഗണിക്കരുത്. എന്നാൽ, രാജ്യത്തിനാകെ ദുഃഖമായിത്തീർന്നു വിഷയം രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കുകയുമരുത്.
ഇന്ത്യക്ക് ഏറെ സാധ്യതയുള്ള കായിക ഇനമാണ് ഗുസ്തിയെങ്കിലും രാഷ്ട്രീയത്തിനും വ്യക്തിതാത്പര്യങ്ങൾക്കും മുൻതൂക്കം നൽകുന്നവർ തലപ്പത്തു വന്നതോടെ ഗുസ്തി ഫെഡറേഷന് അപഭ്രംശങ്ങളുണ്ടായി എന്നത് യാഥാർഥ്യമാണ്. ഉത്തരവാദപ്പെട്ട കായികമന്ത്രാലയം സമയോചിതമായി ഇടപെടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.
അതിന്റെയെല്ലാം ആകെത്തുകയാണ് വിനേഷിന്റെ കാര്യത്തിലും സംഭവിച്ചതെന്നു വിലയിരുത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിനേഷ് ഫോഗട്ടിനെ ചേർത്തുപിടിക്കുന്നതോടൊപ്പം വീഴ്ചകളുണ്ടായോ എന്നു പരിശോധിക്കപ്പെടണം. അനുചിതമായതു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു വെളിച്ചത്തു വരണം.
രാഷ്ട്രീയത്തിനും വ്യക്തിബന്ധങ്ങൾക്കുമല്ല, രാഷ്ട്രത്തിനാണ് പ്രാമുഖ്യമെന്നതു മറക്കരുത്. “ഏറ്റവും പ്രധാന കാര്യം ജയിക്കുകയല്ല, പങ്കെടുക്കുകയാണ്” എന്നതാണ് ലോക കായിക മാമാങ്കത്തിന്റെ വിശ്വാസപ്രമാണമെങ്കിലും, വിനേഷ് ഫോഗട്ടിനോട് ആരെങ്കിലും അരുതാത്തതു ചെയ്തിട്ടുണ്ടെങ്കിൽ അവർ 140 കോടി ജനങ്ങളോടുമാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതു മറക്കരുത്.
വിനേഷ്, ഭാരം കുറയ്ക്കാൻ ഉറക്കമിളച്ചും കഠിനവ്യായാമം ചെയ്തും നടത്തിയ നിന്റെ പ്രയത്നങ്ങൾ കോടിക്കണക്കിനു ജനങ്ങളെ ത്രസിപ്പിച്ചിട്ടുണ്ട്. യുവതലമുറയ്ക്ക് നീ ആവേശമായിട്ടുണ്ട്. അവരുടെ ഹൃദയത്തിലാണ് നിന്റെ സ്ഥാനം. തളരരുത്, തകരരുത്. പോരാടാൻ ഗോദയിൽതന്നെ തുടരുക.