കാരുണ്യപ്രവാഹം മറ്റൊരു ‘ദുരന്തമാകരുത്’
നാടിനും നാട്ടുകാർക്കും ആവശ്യമായിവരുന്ന അടിസ്ഥാന സൗകര്യ വികസനമുണ്ട്. അതിനെ അവഗണിച്ചുകളയരുത്. അതുകൂടി സമയബന്ധിതമായി ചെയ്തുതീർക്കുന്പോഴാണ് ഈ പുനരധിവാസം ഗുണപ്രദമാകുന്നതും നീതിയായി മാറുന്നതും. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.
മലയാളിയുടെ മനസിന്റെ നന്മ തൊട്ടറിയുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. ഉരുൾദുരന്തത്തിന് ഇരയായ വയനാട്ടിലും വിലങ്ങാടുമുള്ള സഹജീവികളുടെ സങ്കടങ്ങളോടു മനസുചേർക്കുക മാത്രമല്ല അവർ ചെയ്യുന്നത്. കുഞ്ഞുകുടുക്കകളിലെ ചില്ലിക്കാശു വരെ തട്ടിക്കുടഞ്ഞെടുത്തു വയനാടിനെയും വിലങ്ങാടിനെയും പണിതുയർത്താൻ അവർ കൈകോർത്തിരിക്കുന്നു.
സർക്കാർ സംവിധാനങ്ങൾക്കു പുറമേ മതസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും വ്യവസായികളും സെലിബ്രിറ്റികളും മാത്രമല്ല, സാധാരണക്കാർ വരെ ദുരന്തഭൂമിയിലേക്ക് കരുണയുടെ കൈവഴി തീർത്തിരിക്കുന്നു. ഉരുൾപ്രവാഹത്തെ അതിജീവിക്കുന്ന കാരുണ്യപ്രവാഹം. ഇനി നമ്മൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടത് ഈ കാരുണ്യപ്രവാഹം മറ്റൊരു ‘ദുരന്തമായി’ മാറാതിരിക്കാനാണ്.
ബ്രിട്ടീഷ് എഴുത്തുകാരി മേരി വോൾസ്റ്റോൺക്രാഫ്റ്റ് പറഞ്ഞിട്ടുള്ള ഒരു വാചകം ഇവിടെ പ്രസക്തം, “ദാനമല്ല, നീതിയാണ് ലോകത്തിനു വേണ്ടത്”. അതെ, വയനാടിനും വിലങ്ങാടിനും ആരുടെയും ദാനമല്ല ആവശ്യം, നീതിയാണ്. അർഹതപ്പെട്ടതു യഥാസമയം നൽകുന്നതാണു നീതി. ആ ജനതയ്ക്ക് അർഹതപ്പെട്ടത് യഥാസമയം ഒരുക്കി നൽകുകയെന്നത് നമ്മുടെ കടമയാണെന്നുള്ള ബോധ്യമാണ് സർക്കാർ സംവിധാനങ്ങളെയും സന്നദ്ധസംഘടനകളെയുമൊക്കെ നയിക്കേണ്ടത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു നിലവിൽ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ ചുമതലയിൽ ഇപ്പോൾ കാര്യങ്ങൾ കാര്യക്ഷമമായി മുന്നേറുന്നുണ്ടെന്നത് ആശാവഹമാണ്. എന്നാൽ, ഈ ആവേശവും ശ്രദ്ധയും മാധ്യമശ്രദ്ധ പോയിക്കഴിഞ്ഞാലും തുടരുകയെന്നതാണ് ദുരന്തബാധിതർക്കു നൽകേണ്ട യഥാർഥ നീതി. ഇപ്പോൾ അവരെ ദുരിതാശ്വാസ ക്യാന്പിൽ സംരക്ഷിക്കുന്നതും തല ചായ്ക്കാൻ സുരക്ഷിത ഇടമൊരുക്കുന്നതുമൊക്കെയാണ് അടിയന്തര ആവശ്യം.
അതു ഭംഗിയായി നടക്കട്ടെ. എന്നാൽ, ഇതിനു ശേഷം നാടിനും നാട്ടുകാർക്കും ആവശ്യമായി വരുന്ന അടിസ്ഥാന സൗകര്യ വികസനമുണ്ട്. അതിനെ അവഗണിച്ചുകളയരുത്. അതുകൂടി സമയബന്ധിതമായി ചെയ്തുതീർക്കുന്പോഴാണ് ഈ പുനരധിവാസം ഗുണപ്രദമാകുന്നതും നീതിയായി മാറുന്നതും. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.
2021 ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കയാറിലും വൻ ഉരുൾപൊട്ടൽ ഉണ്ടായി. 21 പേരെയാണ് ഒറ്റ രാത്രി ഉരുൾ കവർന്നുകൊണ്ടുപോയത്. നിരവധി വീടുകൾ തകർന്നു. കോട്ടയം, ഇടുക്കി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്നതടക്കം മേഖലയിലെ ചെറുതും വലുതുമായ 17 പാലങ്ങൾ തകർന്നടിഞ്ഞു.
നിരവധി റോഡുകൾ ഒലിച്ചുപോയി. അന്നും ഇതുപോലെ സഹായവാഗ്ദാനങ്ങൾ ഒഴുകി. രണ്ടു മാസം കൂടി കഴിഞ്ഞാൽ ദുരന്തം നടന്നിട്ട് മൂന്നു വർഷമാകും. എന്താണ് ദുരന്തബാധിതരുടെ സ്ഥിതി? കത്തോലിക്ക സഭ തങ്ങൾ പ്രഖ്യാപിച്ചിരുന്നതുപോലെ കുറെ കുടുംബങ്ങൾക്കു വീടും സ്ഥലവും നൽകി. മറ്റു ചില മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർ ഏറ്റിരുന്ന വീടുകൾ പൂർത്തിയാക്കി.
എന്നാൽ, തകർന്ന പാലങ്ങളിൽ ബഹുഭൂരിപക്ഷവും തകർന്നുതന്നെ കിടക്കുന്നു, ഒലിച്ചുപോയ റോഡുകളിൽ പലതും ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ട് അങ്ങനെതന്നെ തുടരുന്നു. ചിലതൊക്കെ നാട്ടുകാർതന്നെ മുൻകൈയെടുത്തു താത്കാലികമായി നന്നാക്കി. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിച്ചു നൽകേണ്ട ഉത്തരവാദിത്വം മൂന്നു വർഷമായിട്ടും നിറവേറ്റാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കു കഴിഞ്ഞിട്ടില്ല. ‘സർക്കാർ കാര്യം മുറപോലെ’ എന്ന പേരുദോഷം ദുരന്തമുഖങ്ങളിലെങ്കിലും ഒഴിവാക്കാൻ കഴിയാത്തതാണ് പലപ്പോഴും അനാവശ്യമായ വിമർശനങ്ങളെയും പ്രചാരണങ്ങളെയും ക്ഷണിച്ചുവരുത്തുന്നത്.
2018ലെ വെള്ളപ്പൊക്ക കാലത്ത് ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിൽ കമ്യൂണിറ്റി സെന്ററുകൾ പണിതുനൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 36 കോടി രൂപ കെഎസ്എഫ്ഇക്കു കൈമാറി. വെള്ളപ്പൊക്കം വന്നാൽ ജനങ്ങൾക്ക് അഭയം നൽകാൻ ഉപയോഗിക്കാവുന്ന രീതിയിൽ കമ്യൂണിറ്റി സെന്ററുകൾ നിർമിക്കുകയായിരുന്നു ലക്ഷ്യം.
കെഎസ്എഫ്ഇ ചെയർമാൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം കമ്യൂണിറ്റി സെന്ററുകളുടെ നിർമാണം യഥാസമയം നടക്കാത്തതിനാൽ തുകയും പലിശയും പ്രത്യേക അക്കൗണ്ടിൽ കിടപ്പുണ്ടത്രേ. വെള്ളപ്പൊക്കം കഴിഞ്ഞിട്ട് വർഷം ആറ്. നമ്മുടെ പല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും നടത്തിപ്പു രീതി ഇങ്ങനെയാണ്.
പണം ലഭിച്ചാൽപോലും അതു കാര്യക്ഷമതയോടെ നടപ്പാകുന്നില്ല. ഇതിനു തടസമാകുന്നത് ഉദാസീനതയാണോ ചുവപ്പുനാടയാണോ ഉദ്യോഗസ്ഥ വീഴ്ചയാണോ അതോ അഴിമതി ആരോപണം ഭയന്നുള്ള നിസംഗതയാണോ? എന്തു കാരണംകൊണ്ടായാലും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.
വയനാട്ടിലേക്കൊഴുകുന്ന കാരുണ്യപ്രവാഹം എവിടെയെങ്കിലും കെട്ടിക്കിടന്നു മലിനമാകാൻ അനുവദിക്കരുത്. അത് അർഹതപ്പെട്ടിടത്തേക്കു തടസമില്ലാതെ ഒഴുകാൻ ചാലൊരുക്കുകയാണ് സർക്കാരിന്റെ കടമ.