മുല്ലപ്പെരിയാറല്ല, 35 ലക്ഷം മനുഷ്യർ
ഇത്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കഥയല്ല. 35 ലക്ഷത്തോളം മനുഷ്യരുടെ നിസഹായതയുടെ കഥയാണ്; വല്ലാത്തൊരു കഥ.
മുല്ലപ്പെരിയാർ അണക്കെട്ട് ഉടനെ തകരില്ല എന്നു തർക്കിക്കുന്നവരുണ്ട്. തകരാതിരിക്കട്ടെ. പക്ഷേ, ഈ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞെന്ന കാര്യത്തിൽ ആർക്കുമില്ല തർക്കം. ആയുസ് അവസാനിച്ച അണക്കെട്ടുകൾ തകരുമെന്നത് ശാസ്ത്രീയവും യുക്തിസഹവുമാണ്. അതായത്, കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഏതു നിമിഷവും തകരാം.
ഒരുപക്ഷേ, അതു കുറച്ചുകാലംകൂടി ഇങ്ങനെ നിലനിന്നേക്കാം. അല്ലെങ്കിലോ...? എന്തു സംഭവിക്കുമെന്നത് മനുഷ്യത്വമുള്ളവർക്കു ചിന്തിക്കാൻപോലും ആകില്ല. ഇത്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കഥയല്ല. തങ്ങളുടെ ജീവനു കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതിപോലും വില കൽപ്പിക്കുന്നില്ലെന്നു കരുതുന്ന 35 ലക്ഷത്തോളം മനുഷ്യരുടെ വല്ലാത്തൊരു കഥയാണ്; നിസഹായതയുടെ അങ്ങേയറ്റം.
പരിസ്ഥിതിലോലമെന്നും കുടിയേറ്റക്കാരുടെ വീടും കൃഷിയും പോലും വിനാശകരമാണെന്നും നിശ്ചയിച്ചുറപ്പിച്ച പശ്ചിമഘട്ടത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 1895ല്‍ നിര്‍മിച്ച അണക്കെട്ട് 999 വര്‍ഷത്തേക്ക് തമിഴ്നാടിനു പാട്ടത്തിനു കൊടുത്താണ് കരാറെഴുതിയിരിക്കുന്നത്.
50 വർഷം മാത്രം ആയുസ് കല്പിക്കപ്പെട്ട അണക്കെട്ടിന് 999 വർഷത്തെ കരാർ! ലോകത്ത് വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ചുണ്ണാന്പും കളിമണ്ണും ചേർത്തുള്ള സുർക്കി മിശ്രിതമുപയോഗിച്ചു നിർമിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ളത് ഇതു മാത്രമാണ്. അസ്തിവാരത്തിൽനിന്ന്, 176 അടി ഉയരവും 1200 അടി നീളവുമുള്ള ഈ വയസൻ അണക്കെട്ടിലാണ് ഇപ്പോൾ 142 അടി ഉയരത്തിൽ വെള്ളം കെട്ടിനിർത്താൻ അനുമതിയുള്ളത്.
കെട്ടുകഥകളെ വെല്ലുന്ന ചരിത്രമാണ് മുല്ലപ്പെരിയാറിന്റേത്. പെരിയാർ, പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നതിനാൽ അണക്കെട്ടിന്റെ കരാറിൽ അന്നത്തെ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ ഒപ്പിടണമായിരുന്നു. അതിനു വിസമ്മതിച്ച അദ്ദേഹത്തെ ബ്രിട്ടീഷുകാർ നിർബന്ധിച്ച് ഒപ്പു വയ്പിച്ചു. “എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത്” എന്നാണ് അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.
പക്ഷേ, 1970 മേയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ, കേരളത്തിന്റെ ശാപമായി മാറിയ 1886ലെ കരാർ പുതുക്കിക്കൊടുത്ത് ഒപ്പിട്ടത്, സ്വന്തം സംസ്ഥാനത്തെ ‘35 ലക്ഷം മനുഷ്യരുടെ ഹൃദയരക്തം’ കൊണ്ടാണ്. പഴയ വ്യവസ്ഥകൾ നിലനിർത്തുക മാത്രമല്ല, വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതിയും പുതിയ കരാറിൽ ഉൾപ്പെടുത്തി. പരാജയങ്ങളുടെ പുതിയ യുഗം അവിടെ തുടങ്ങി.
ഐഐടി റൂര്‍ക്കി 2009ല്‍, ഒരു ഭൂകമ്പം നടന്നാല്‍ മുല്ലപ്പെരിയാര്‍ അതിനെ അതിജീവിക്കുമോ എന്നതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതനുസരിച്ച് മുല്ലപ്പെരിയാർ ഭൂകന്പസാധ്യതയുള്ള പ്രദേശമാണ്. റിക്ടർ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം അണക്കെട്ടിന്റെ 16 കിലോമീറ്ററിനുള്ളിൽ ഉണ്ടായാല്‍, ജലനിരപ്പ് 136 അടി ഉള്ളപ്പോള്‍ പോലും, മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ടിനും ബേബി അണക്കെട്ടിനും കേടുപാടുകള്‍ ഉണ്ടാകുമെന്നാണ് പഠനം.
2023 സെപ്റ്റംബർ 10ന് രാത്രിയിലാണ് ലിബിയയിലെ വാഡി, ഡെർണ ഡാമുകൾ കനത്ത മഴയിൽ തകർന്ന് 12,000 പേർ മരിക്കുകയും 10,000 പേരെ കാണാതാകുകയും ചെയ്തത്. സെപ്റ്റംബർ 17ന് ന്യൂയോർക്ക് ടൈംസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, രണ്ട് അണക്കെട്ടുകളുടെയും തകർച്ച മുൻകൂട്ടി അറിയാനാകുമായിരുന്നതും തടയാവുന്നതുമായിരുന്നു എന്നാണ്.
സമാന ദുരന്തങ്ങൾ ലോകത്ത് പലയിടത്തും കാത്തിരിപ്പുണ്ട്. 100 വർഷത്തിലേറെ പഴക്കമുള്ളതും പ്രത്യക്ഷത്തിൽ കേടുപാടുകളുള്ളതും ഭൂകന്പബാധിത മേഖലയിലുള്ളതുമായ മുല്ലപ്പെരിയാർ ഡാമാണ് ഇന്ത്യയിലെ അപകടകരമായ അണക്കെട്ടുകളെക്കുറിച്ചു പറയാൻ ന്യൂയോർക്ക് ടൈംസ് എടുത്തുകാണിച്ചത്. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റേതുൾപ്പെടെ വേറെയും റിപ്പോർട്ടുകൾ മുല്ലപ്പെരിയാറിന്റെ ദുരന്തസാധ്യതയെ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ... അണക്കെട്ട് അവിടെത്തന്നെയുണ്ട്; അതിനു ചുവട്ടിൽ ഉറക്കമില്ലാത്ത മനുഷ്യരും.
മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കിയിലേക്ക് വെള്ളം ഒഴുക്കിവിടാം. എന്നാൽ, ഇടുക്കി ഡാമിലെ ജലനിരപ്പ് പ്രളയകാലത്ത് കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി പ്രവചിക്കാനാവാത്തതാകും. ഇടുക്കി താങ്ങില്ല. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കും.
ദിവസങ്ങൾക്കുമുന്‍പ് വയനാട്ടിലുണ്ടായ സർവനാശത്തിന്റെ കുത്തൊഴുക്ക് നമ്മുടെ കണ്ണിൽനിന്നു മാഞ്ഞിട്ടില്ല. 2018ലെയും 19ലെയും പ്രളയങ്ങളും പെട്ടിമുടിയിലെയും വയനാട്ടിലെയും ഉരുൾപൊട്ടലുമൊക്കെ നമ്മുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചവയായിരുന്നെന്നു മറക്കരുത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് സർക്കാരുകളും കോടതിയും മാറിച്ചിന്തിക്കണം.
ഇടുക്കി, എറണാകുളം ജില്ലകളെ മാത്രമല്ല കോട്ടയം, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട ജില്ലകളെയും ഗുരുതരമായി ബാധിക്കുന്നതാണ് മുല്ലപ്പെരിയാറെന്ന ജലബോംബ്. ഇത്രയും മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ സർക്കാരുകൾക്കും കോടതികൾക്കും സാങ്കേതികത്വം പറയാൻ സാധിക്കുന്നത് എങ്ങനെയാണ്?
പുതിയ അണക്കെട്ട് വേണോ അല്ലെങ്കിൽ തമിഴ്നാട്ടിൽ ചെറിയ അണക്കെട്ടുകളുടെ സംഭരണശേഷി വർധിപ്പിച്ച് മുല്ലപ്പെരിയാറിന്റെ ഭാരം കുറയ്ക്കണോ തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി പരിശോധിക്കണം. ഗൃഹപാഠം ചെയ്യാതെ കേരളം ഇനി കോടതി കയറിയിറങ്ങുകയുമരുത്. എന്തായാലും, ‘തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും’ എന്ന പരിഹാരം പ്രായോഗികമാക്കിയേ തീരൂ.
വയനാട് ദുരന്തത്തിലും നമ്മെ സഹായിച്ചവരാണ് തമിഴ്നാട് ജനത. അവരുടെ നന്മയും കരുണയും ആർക്കും ചോദ്യം ചെയ്യാവുന്നതല്ല. വോട്ടുരാഷ്ട്രീയക്കാർ അതിനെ ചിറകെട്ടി വഴിതിരിച്ചുവിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. അധികാരകേന്ദ്രങ്ങളേ, നാളെയല്ല, മുല്ലപ്പെരിയാർ ദേശീയദുരന്തമായി പ്രഖ്യാപിക്കേണ്ടത്; ഇന്നാണ്.