ആ നല്ല ശമറായൻ നിങ്ങളല്ലേ..?
നല്ല വാക്കുകൾകൊണ്ടും ഐക്യദാർഢ്യംകൊണ്ടും മാത്രമല്ല, ചിലപ്പോഴെങ്കിലും സ്നേഹം
പ്രകടിപ്പിക്കേണ്ടത് പണംകൊണ്ടുമാണ്. വയനാടിനെ നാം മഴയത്തു നിർത്തരുത്.
"ഉള്ളുപൊട്ടി' എന്ന തലക്കെട്ടിൽ വയനാട് ദുരന്തത്തിന്റെ വേദന പങ്കുവയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇന്നലെ ദീപിക ഉൾപ്പെടെ കേരളത്തിലെ മാധ്യമങ്ങൾ. ആറു പത്രങ്ങൾ ഒരേ തലക്കെട്ട് ഉപയോഗിച്ച ചരിത്രദിനം! നമുക്ക് തുല്യദുഃഖമായിരുന്നു.
പക്ഷേ, വാർത്ത വായിച്ചും കണ്ടും സഹതപിച്ചും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിട്ടും അവസാനിപ്പിക്കാനുള്ളതല്ല, നമ്മുടെ ഉത്തരവാദിത്വം. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വയനാട്ടിലെ മലയോരഗ്രാമങ്ങൾക്ക് ഇനി നമ്മുടെ കരുണയാണു വേണ്ടത്; കണ്ണീരല്ല.
പൊട്ടിയ ഉള്ളങ്ങൾ പൊള്ളയാകരുത്. നമ്മുടെ സഹായത്തിന്റെ സൂര്യൻ മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും ഉദിച്ചുയരണം. സന്പാദ്യങ്ങളിൽനിന്നു മാത്രമല്ല, ഇല്ലായ്മയിൽനിന്നെടുത്തും കൊടുക്കണം. അവർ തിരിച്ചറിയട്ടെ, തനിച്ചല്ലെന്ന്; "നല്ല സമരിയാക്കാരൻ' വെറുമൊരു കഥാപാത്രമല്ലെന്ന്.
പരിക്കേറ്റു വഴിയിൽ അർധപ്രാണനായി കിടന്ന മനുഷ്യനോടു സഹതപിച്ചശേഷം മുഖം തിരിച്ചു കടന്നുപോയവരുടെയും അയാളുടെ മുറിവു വച്ചുകെട്ടി വേണ്ടതെല്ലാം ചെയ്ത സമരിയാക്കാരന്റെയും കഥയാണ് ബൈബിളിലുള്ളത്. ആരാണ് നല്ല അയൽക്കാരൻ എന്ന നിയമജ്ഞന്റെ ചോദ്യത്തിനുത്തരമായി ക്രിസ്തു ഈ ഉപമ പറയുകയായിരുന്നു.
കഥ നിർത്തി ക്രിസ്തു പറഞ്ഞു: “നീയും പോയി, അതുപോലെ ചെയ്യുക.” നമ്മളെങ്ങോട്ടു പോകും? ജറുസലേമിൽനിന്നു ജറീക്കോയിലേക്കുള്ള വഴിയിലല്ല, ലോകത്തെവിടെനിന്നും വയനാട്ടിലേക്കാണ് നല്ല സമരിയാക്കാരന്റെ യാത്ര നാം ഏറ്റെടുക്കേണ്ടത്.
മുണ്ടക്കൈയിലും ചൂരൽമലയിലും തിങ്കളാഴ്ച രാത്രി പലരും ഒന്നിച്ചു കഴിച്ചത് അന്ത്യത്താഴമായിരുന്നു. നിരവധിപ്പേർ മണ്ണിനടിയിൽ നിത്യനിദ്രയിലായി. ആശുപത്രികളിലുള്ളവരുടെ പരിക്കുകൾ ദേഹത്തു മാത്രമല്ല, മനസിലുമാണ്.
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകൾ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങൾപോലെ വരുംനാളുകളിൽ അവരെ വേട്ടയാടും. ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും അവർക്കു മടങ്ങിപ്പോകാൻ ഇത്രനാൾ വിടുതി നൽകിയ ഭവനങ്ങളില്ല. എല്ലാം മണ്ണോടു മണ്ണു ചേർന്നിരിക്കുന്നു.
എത്ര കോടി രൂപകൊണ്ടും തീർക്കാനാവാത്തതാണ് തുടച്ചുനീക്കപ്പെട്ട ഗ്രാമങ്ങളുടെ നഷ്ടം. പക്ഷേ, ഒരു നാണയംപോലും മരുഭൂമിയിലെ ഒരുതുള്ളി ദാഹജലം പോലെ വിലപ്പെട്ടതാകുന്ന കാലമുണ്ട്. ഭക്ഷണം, വസ്ത്രം, വീട്, വിദ്യാലയങ്ങൾ, ആശുപത്രികൾ... എല്ലാം ആദ്യം മുതൽ തുടങ്ങണം. നല്ല വാക്കുകൾകൊണ്ടും ഐക്യദാർഢ്യംകൊണ്ടും മാത്രമല്ല, ചിലപ്പോഴെങ്കിലും സ്നേഹം പ്രകടിപ്പിക്കേണ്ടത് പണംകൊണ്ടുമാണ്.
ഒരാളും മാറിനിൽക്കരുത്. ദുരിതബാധിതരുടെ പുനരധിവാസത്തിന് കത്തോലിക്കാ സഭയും ദീപികയും ചേരുകയാണ്. ജാതി-മത-രാഷ്ട്രീയമില്ലാതെ നമുക്കു കൈ കോർക്കാം.
അപരനു സന്പാദ്യം പങ്കുവച്ചതിന്റെ പേരിൽ ആരും നശിച്ചിട്ടില്ലെന്ന വാക്യം ആൻ ഫ്രാങ്കിന്റേതാണ്. അങ്ങനെ നശിച്ച ആരെയും നമുക്കും അറിയില്ല. പക്ഷേ, പങ്കുവയ്പിന്റെ സന്തോഷം അനുഭവിക്കാത്ത ആരുമില്ലതാനും.
ആ സന്തോഷത്തിന്റെ സ്നേഹത്തൂവാലകൊണ്ട് നമുക്ക് അയൽക്കാരന്റെ കണ്ണീരൊപ്പാം. കേന്ദ്രസർക്കാരും അയൽസംസ്ഥാനങ്ങളുമൊക്കെ വയനാടിനെ സഹായിക്കാൻ മുന്നോട്ടു വരുന്നുണ്ട്. പക്ഷേ, അതൊന്നും നമ്മുടേതിനു പകരമാവില്ല. വയനാട് മുറിവേറ്റു കിടക്കുന്നു. ആ നല്ല സമരിയാക്കാരൻ നിങ്ങളല്ലേ..?
ഡോ. ജോർജ് കുടിലിൽ, ചീഫ് എഡിറ്റർ