പതിനഞ്ചാം സ്ഥലം
പതിനാലു സ്ഥലങ്ങളിൽ ഒപ്പം നടന്നിട്ടും പിന്നീടൊരിടത്തുവച്ചും ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെപോകുന്നവരുടെ എണ്ണം കൂടുകയാണ്. വിശന്നു ചാകാറായപ്പോൾ ഭക്ഷണമെടുത്തവനെ കള്ളനെന്നു വിളിച്ച് വിചാരണയും വധശിക്ഷയും നടപ്പാക്കിയവർക്കും ക്രിസ്തുവിനെ തിരിച്ചറിയാനായില്ല.
പതിനാലു സ്ഥലങ്ങളിലെ കുരിശിന്റെ വഴി ഭക്തിപുരസരം പൂർത്തിയാക്കിയ ഒരാൾ പോകുന്ന അടുത്ത സ്ഥലമേതെന്നറിയുന്പോൾ വ്യക്തമാകും ക്രൂശിതനുമായി അയാൾക്കെന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്ന്. ആ പതിനഞ്ചാം സ്ഥലമാണ് ഓരോ ക്രൈസ്തവന്റെയും സ്വത്വം തിരിച്ചറിയാനുള്ള വഴി. ആത്മാവിനോട് അത്തരമൊരു ചോദ്യം ചോദിക്കാതെ ഈ ദുഃഖവെള്ളിയും കടന്നുപോകില്ല.
പള്ളികളിൽ ഇന്നു പീഡാനുഭവങ്ങളുടെ അനുസ്മരണമാണ്. സ്ലീവാപ്പാതയുടെ പ്രായശ്ചിത്ത കർമങ്ങളിലൂടെ, ഉപവാസത്തിലൂടെ, കയ്പുനീർ പാനത്തിലൂടെ ക്രിസ്തുവിന്റെ വേദനയിൽ പങ്കു ചേരുകയാണ് വിശ്വാസികൾ. അവയൊക്കെ ആത്മാർഥതയോടെ ഉള്ളതായിരുന്നെങ്കിൽ സങ്കടപ്പെട്ടു നടക്കുന്ന സഹജീവികളുടെ എണ്ണം ഇത്ര പെരുകുമായിരുന്നോ? കൊല്ലപ്പെടുന്പോൾ ക്രിസ്തുവിനു 33 വയസായിരുന്നു. കാലാന്തരത്തിൽ പല പ്രായത്തിലും പല പേരുകളിലും പല ദേശങ്ങളിലും അവൻ സമീപസ്ഥനായത് പക്ഷേ, പള്ളികളിൽനിന്നു മടങ്ങിയവർ ഉൾപ്പെടെ അറിഞ്ഞില്ല. സ്ത്രീയെന്നോ പുരുഷനെന്നോ കറുത്തവരെന്നോ വെളുത്തവരെന്ന ഭേദമില്ലാതെ, പീഡിതരായ സകല മനുഷ്യരുടെയും വിശന്നുവലഞ്ഞ, മുറിവേറ്റ, അപമാനിക്കപ്പെട്ട ശരീരങ്ങളിൽ ക്രിസ്തുവുണ്ടായിരുന്നു.
‘പാവങ്ങള്‍’ എന്ന നോവലിന്റെ ആമുഖത്തില്‍ വിക്തോര്‍ യൂഗോ പറയുന്നത് കേള്‍ക്കൂ: “മനുഷ്യന് അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്ക്കപ്പെടുന്നു, അറിവുണ്ടാകാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്ക്കല് മുട്ടി വിളിച്ചുപറയും: എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്’’ (പരിഭാഷ: നാലപ്പാട്ട് നാരായണ മേനോന്). ഇങ്ങനെ വാതിൽക്കൽ മുട്ടാൻപോലും ശേഷിയില്ലാതെ തെരുവായ തെരുവെല്ലാം അലയുകയാണ് ക്രിസ്തു. പീഡനമേല്ക്കുന്നവരോടു നിശ്ചയമായും ഉയിര്‍പ്പ് ഉണ്ടാകുമെന്നു പറയുക മാത്രമല്ല, പീഡിപ്പിക്കുന്നവര്‍ എക്കാലവും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകും എന്നും ദുഃഖവെള്ളി ലോകത്തോടു പറയുന്നുണ്ട്. ഈ രണ്ടുതരം മനുഷ്യര്‍ മുഖാമുഖം നില്ക്കുന്ന കാഴ്ച ക്രിസ്തുവിനെ കുരിശിലേറ്റി രണ്ടു സഹസ്രാബ്ദം കഴിഞ്ഞിട്ടും തുടരുകയാണ്.
പതിനാലു സ്ഥലങ്ങളിൽ ഒപ്പം നടന്നിട്ടും പിന്നീടൊരിടത്തുവച്ചും ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെപോകുന്നവരുടെ എണ്ണം കൂടുകയാണ്. യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് അന്യനാടുകളിലേക്കു പലായനം ചെയ്യുന്നവരില്‍ ക്രിസ്തുവുണ്ട്. ന്യൂനപക്ഷമായതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നവരിലുമുണ്ട്. വിശന്നു ചാകാറായപ്പോൾ ഭക്ഷണമെടുത്തവനെ കള്ളനെന്നു വിളിച്ച് വിചാരണയും വധശിക്ഷയും നടപ്പാക്കിയവർക്കും ക്രിസ്തുവിനെ തിരിച്ചറിയാനായില്ല. മറ്റു ചിലരെ കോടതിവരാന്തയില്‍ നിര്‍ത്തിയിരിക്കുകയാണ്. ചിലരെ ആള്‍ക്കൂട്ടത്തിന്റെ ആട്ടും തുപ്പുമേറ്റ് തെരുവില്‍ അവഹേളിക്കപ്പെടാന്‍ അന്വേഷണ സംഘങ്ങൾ തെരുവിലൂടെ നടത്തിക്കൊണ്ടു പോകുന്നു. സ്ത്രീകളിൽ ചിലരെ ജനം അശ്ലീല ചേഷ്ടകളാൽ കൂക്കിവിളിക്കുന്നു, ശരീരത്തിന്റെയും ചാരിത്ര്യത്തിന്റെയും പേരില്‍, കോടതികൾ വെറുതെ വിട്ടാലും ചിലരെ നാം പിന്തുടരുകയാണ്, അവരെ ക്രൂശിക്കുക എന്നാർത്തു വിളിച്ച്.
പീഡിതര്ക്കുമുന്നില് കൊട്ടിയടയ്ക്കപ്പെട്ട ഹൃദയവാതിലുകള്‍ തുറന്നുകൊടുക്കാനല്ലാതെ മറ്റെന്തു സുവിശേഷമാണ് ദുഃഖവെള്ളി പ്രഘോഷിക്കുന്നത്! നിരവധിപ്പേര്‍ അതു കേള്‍ക്കുന്നുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 35,000-ലേറെപ്പേരുടെ മരണത്തിനും വ്യാപക നാശത്തിനും ഇടയാക്കിയ ഭൂകമ്പത്തിനിടെ തുര്‍ക്കിയിലെ ഗാസിയാന്റെപ്പിലെ ഒരാശുപത്രിയില്നിന്നുള്ള സിസി ടിവി ദൃശ്യം അതിലൊന്നാണ്. ആശുപത്രി കെട്ടിടം ആടിയുലഞ്ഞപ്പോള്‍ നഴ്സുമാര്‍ സ്വന്തം ജീവന് രക്ഷിക്കാന്‍ പുറത്തേക്കല്ല, മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ അകത്തേക്ക് ഓടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നവജാതശിശുക്കളുടെ യൂണിറ്റില്‍ കുതിച്ചെത്തിയ രണ്ടു നഴ്സുമാര്‍, ആടിയുലയുന്ന ബേബി ഇന്‍കുബേറ്ററുകള്‍ നിലത്തുവീഴാതെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
ആരുടെയോ മക്കള്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും മറന്ന് കെട്ടിടത്തിന്റെ കുലുക്കം അവസാനിക്കുവോളം അവരങ്ങനെ നിന്നു. സംഭവത്തിനുശേഷവും നഴ്സുമാര്‍ അതേക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും തുര്‍ക്കിയിലെ മാധ്യമപ്രവര്ത്തകന് ആന്‍ഡ്രൂ ഹോപ്കിന്‍സ് ആ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അവിടെ സിസി ടിവി ഉണ്ടായിരുന്നതുകൊണ്ട് നമ്മളതു കണ്ടു. അങ്ങനെ തെളിവുകള്‍ അവശേഷിപ്പിക്കാത്ത കരുണയുടെ എത്രയോ ദൃശ്യങ്ങള്‍ ലോകമെങ്ങും സംഭവിക്കുന്നുണ്ട്.
കേരളത്തിലെ നൂറുകണക്കിന് അനാഥാലയങ്ങളിൽ, അഗതിമന്ദിരങ്ങളിൽ, ഭ്രാന്താലയങ്ങളിൽ ക്രിസ്തുവിനെ നെഞ്ചോടു ചേർത്തുവച്ചിരിക്കുന്നവർ അവരുടെ പതിനഞ്ചാം സ്ഥലത്താണ്. ഭീഷണിക്കും 30 വെള്ളിക്കാശിന്റെ പ്രലോഭനത്തിനും വഴങ്ങാതെ ആൾക്കൂട്ടം കൊന്നവന്റെ പക്ഷത്തുനിന്ന നിതിമാന്മാരായ സാക്ഷികൾ പതിനഞ്ചാം സ്ഥലത്താണ്. തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വായ്പ കൊടുക്കുന്നവർ അവരുടെ പതിനഞ്ചാംസ്ഥലം തെരഞ്ഞെടുത്തുകഴിഞ്ഞു.
കരയുന്ന കുഞ്ഞിനോട് അനുകമ്പ കാട്ടുന്നവരും വയോധികരുടെ ശാഠ്യങ്ങൾ സാധിച്ചുകൊടുക്കുന്നവരും കുരിശിന്റെ വഴിയുടെ പതിനഞ്ചാം സ്ഥലത്താണ്. ലഹരിയുടെയും അനാശാസ്യത്തിന്റെയും അഹങ്കാരത്തിന്റെയും അടിച്ചമർത്തലിന്റെയും നിതിനിഷേധത്തിന്റെയും കൂലിനിഷേധത്തിന്റെയും സമൂഹ മാധ്യമങ്ങളിലെ അവഹേളനത്തിന്റെയും വിദ്വേഷത്തിന്റെയുമൊക്കെ പതിനഞ്ചാം സ്ഥലങ്ങളുണ്ട്. നമ്മൾ ഇനിയെങ്ങോട്ടാണെന്ന ചോദ്യമേ ബാക്കിയുള്ളു.