ഏതൊരു ഭാഷയിലെയും പദങ്ങളെ വേണമെങ്കിൽ എണ്ണിത്തിട്ടപ്പെടുത്താം. വാക്കുകൾ ചേർന്നു രൂപപ്പെടുന്ന വാക്യങ്ങളുടെ കാര്യം അങ്ങനെയല്ല. പരിമിതമായ പദസന്പത്തുകൊണ്ട് കോടാനുകോടി വാക്യങ്ങൾ ഉണ്ടാക്കാം. ഓരോ വ്യക്തിയുടെയും സ്വത്വത്തോട് അവ ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വാക്യത്തിൽ ഒന്നോ അതിലധികമോ വാചകങ്ങളുണ്ടായിരിക്കും. വാക്യത്തിൽ പദങ്ങളുടെ എണ്ണം എത്രവരെ ആകാം എന്നതിന് ക്ലിപ്തമായ നിയമമില്ല. എത്ര ശബ്ദങ്ങൾ വേണമെങ്കിലും ചേർത്തു വാക്യത്തെ നീട്ടാം. അർഥവ്യക്തത നഷ്ടപ്പെടരുത് എന്നേയുള്ളൂ. ഒരു വാക്യം ചെറുതായാലും വലുതായാലും അതിൽ രണ്ട് ഘടകങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും. ഒന്ന്: ആഖ്യ, രണ്ട് ആഖ്യാതം.
വക്താവ് (പറയുന്ന ആൾ) എന്തിനെക്കുറിച്ചാണോ പറയാൻ ഉദ്ദേശിക്കുന്നത് അതാണ് ആഖ്യ. ആഖ്യയെക്കുറിച്ച് എന്തു പറയുന്നുവോ അത് ആവ്യാതം. അംഗപരിമിതർക്ക് റെയിൽവേ തിരിച്ചറിയൽ കാർഡ് നൽകും എന്ന വാക്യത്തിൽ അംഗപരിമിതർ എന്ന പരാമർശ വിഷയമാണ് ആഖ്യ. അംഗപരിമിതർ എന്നൊരു വിഭാഗം ഉണ്ടെന്ന് ശ്രോതാവ് ഗ്രഹിക്കുന്ന ഭാഗമാണത്. ആഖ്യയെക്കുറിച്ച് എന്തു പറയുന്നുവോ അത് ആഖ്യാതം.
റെയിൽവേ തിരിച്ചറിയൽ കാർഡ് നൽകും എന്ന ഭാഗം ആഖ്യാതമാകുന്നു. ആഖ്യയിലെ ഏറ്റവും മുഖ്യമായ ഘടകം നാമമാണ്. ആഖ്യാതത്തിലേത് ക്രിയയും. ആഖ്യക്കു മുന്പും ആഖ്യാതത്തിനു മുന്പും പരിച്ഛേദങ്ങൾ ചേർത്ത് വാക്യത്തെ ഒൗചിത്യപൂർവം ക്രമീകരിക്കാം. വാക്യത്തിനുള്ളിൽ എത്ര വാക്കുകൾ വേണമെങ്കിലും നിലനിർത്താമെന്നു ചുരുക്കം.
മഹാവാക്യങ്ങളെക്കാൾ ലഘുവാക്യങ്ങളാണ് വായനസുഖം പകർന്നു നൽകുന്നത്. ആശയാവിഷ്കരണത്തിനായി എഴുതുന്ന വാക്യം ചൂർണികയായാലും സങ്കീർണകമായാലും മഹാവാക്യമായാലും അർഥത്തെ നിയന്ത്രിക്കുന്ന കേന്ദ്ര ഘടകങ്ങളായി ആഖ്യയും ആഖ്യാതവും നിലകൊള്ളും. അവയെ ഒഴിവാക്കി വാക്യരചന സാധ്യമല്ല. ഉത്തരം അടിസ്ഥാന തത്ത്വങ്ങൾ മനസിലാക്കി വേണം വാക്യഘടനയുടെ ഗതിവിഗതികൾ സ്വായത്തമാക്കാൻ. വ്യാകരണ നിയമത്തിനുള്ളിൽ നിന്നേ അർഥവ്യക്തതയോടെ ആശയം ആവിഷ്കരിക്കാൻ കഴിയൂ എന്ന വസ്തുത നാം മറന്നുകൂടാ.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ