മത്സരപ്പരീക്ഷകളുടെ ചോദ്യങ്ങൾക്ക് ശരിയാംവണ്ണം ഉത്തരമെഴുതേണ്ടതെങ്ങനെയെന്ന് പലർക്കുമറിയില്ല. ചോദ്യം വായിച്ചശേഷം ഉത്തരമെന്നു തോന്നിക്കുന്ന എന്തെങ്കിലുമെഴുതി പേജുകൾ നിറയ്ക്കുന്ന പ്രവണതയാണ് പലപ്പോഴും കാണാറുള്ളത്. വിഷയപരവും പ്രതിപാദനപരവും ആസൂത്രണപരവുമായ ഏകാഗ്രതകൊണ്ടേ നല്ല ഉത്തരം എഴുതാനാകൂ. വിവരണാത്മകരീതിയിൽ മികച്ച ഉത്തരങ്ങൾ തയാറാക്കാൻ കഴിയണമെങ്കിൽ നിരന്തരമായ രചനാപരിശീലനം ആവശ്യമുണ്ട്.
ഒരു പുറത്തിലോ രണ്ടുപുറത്തിലോ എഴുതാൻ നിർദേശിക്കുന്ന ഉത്തരമാകട്ടെ, ഉപന്യാസമാകട്ടെ ഏത് ഉത്തരത്തിനും അടിസ്ഥാനപരമായി മൂന്നു ഘട്ടങ്ങളുണ്ട്. ആമുഖം, മധ്യം, ഉപസംഹാരം എന്ന് അവയെ സാമാന്യമായി വിഭജിക്കാം. ഒരുത്തരത്തിന്റെ അഞ്ചു മുതൽ പത്തു വരെ ശതമാനം ആമുഖമാകാം. ചോദ്യത്തിന്റെ സൂചനകൾ മനസിലാക്കി വിഷയാവതരണമാണ് ആമുഖത്തിൽ നടത്തേണ്ടത്. പണ്ഡിതമതമോ, കാവ്യശകലമോ സൂചിപ്പിച്ചുകൊണ്ട് ഉത്തരമെഴുതുന്ന രീതി ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വന്തമായി ആശയങ്ങൾ സ്വരൂപിച്ചെഴുതുന്ന പ്രവണതയ്ക്കാണ് ഇപ്പോൾ ഏറെ സ്വീകാര്യത.
ഉത്തരത്തിന്റെ പ്രധാനഭാഗമായ മധ്യം, എൺപതു മുതൽ 90 ശതമാനം വരെ ആകാം. ചോദ്യപരാമർശമനുസരിച്ച് ഖണ്ഡിക തിരിച്ച് വിവരണാത്മകമായി ഉത്തരമെഴുതാൻ കഴിയണം. ചർച്ചചെയ്യുക, സമർഥിക്കുക, പരിശോധിക്കുക, വിശകലനം ചെയ്യുക തുടങ്ങിയ ചോദ്യവാചികൾ മനസിലാക്കി വേണം ഉത്തരമെഴുത്തിന്റെ ശൈലി നിർണയിക്കേണ്ടത്. ആസ്വാദനക്കുറിപ്പും വിമർശനക്കുറിപ്പും രണ്ടാണെന്ന് എഴുത്തിൽ ബോധ്യപ്പെടണം.എഴുതിവരുന്ന ആശയത്തെ സമർഥിക്കാൻ ഉദാഹരണങ്ങളുടെയും പണ്ഡിത മതങ്ങളുടെയും പിൻബലം തേടാവുന്നതാണ്. കൃത്യമായി ഉദ്ധരിക്കാൻ കഴിയുമെങ്കിൽ ഏറെ നന്ന്. ഓർമശക്തികൂടിയാണ് അവിടെ പരീക്ഷിക്കപ്പെടുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വന്തമെന്ന മട്ടിൽ എഴുതുന്ന പ്രവണത ഒട്ടും ആശാസ്യമല്ല.
ഒടുവിലത്തെ ഭാഗമായ ഉപസംഹാരം ആമുഖം പോലെ അഞ്ചു മുതൽ പത്തു വരെ ശതമാനം വേണം. എഴുതിവന്ന ആശയങ്ങളുടെ ക്രോഡീകരണവും സ്വന്തമായ വീക്ഷണഗതികളും ഉപസംഹാരത്തിൽ ചേർക്കാം.
ഋജുത്വം, വ്യക്തത, ആത്മപരത എന്നീ ഗുണങ്ങളത്രേ മികച്ച ഉത്തരങ്ങളുടെ മുഖമുദ്ര. വിഷയത്തിന്റെ പ്രകൃതമനുസരിച്ച് അത് ലളിതമോ ഗഹനമോ ആകാം. ഏതായാലും വ്യക്തത നഷ്ടപ്പെടരുതെന്നു മാത്രം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ