ഇന്ത്യൻ ജനാധിപത്യത്തെ മൂന്നു സ്തംഭങ്ങളാണ് നിയമിനിർമാണസഭയും നീതിന്യായവ്യവസ്ഥയും ഭരണനിർവഹണ സംവിധാനവും. ഇവയിൽ ഭരണനിർവഹണത്തിന് നേതൃത്വം കൊടുക്കുകയും ഓരോ കാലഘട്ടത്തിലുമുള്ള സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ് സിവിൽ സർവന്റുകൾ ചെയ്യുന്നത്. ഭരണനിർവഹണത്തിന്റെ എല്ലാ മേഖലകളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ പ്രാമുഖ്യവും സ്ഥാനവുമുണ്ട്.
ഇന്ത്യയിലെ ഒന്നാംതരം ഉദ്യോഗങ്ങളിൽ ഒന്നാണ് സിവിൽ സർവീസസ്. ജോലികളിലെ ഗ്ലാമർ താരമായി ഇത് അറിയപ്പെടുന്നു. ഇന്ത്യയിൽ ഒരു പൗരനു കിട്ടാവുന്ന ഏറ്റവും ഉയർന്ന പദവി വരെ സിവിൽ സർവീസ് വഴി ലഭിക്കും. പണം മുടുക്കി കരസ്ഥമാക്കാൻ കഴിയില്ല എന്നതും കഠിനാധ്വാനത്തിലൂടെ മാത്രം നേടാനാവുക എന്നതും സിവിൽ സർവീസിനെ ഏറെ ആകർഷകമാക്കുന്നു.
പ്രമോഷൻ വഴിയല്ലാതെ, ഉയർന്ന തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നു എന്നത് സിവിൽ സർവീസിന്റെ മറ്റൊരു പ്രത്യേകതയാണ്. പദവിക്കനുസരിച്ചുള്ള ഔന്നത്യം, ശന്പളം, സാമൂഹികി സ്ഥിതി മുതലായവയും സിവിൽ സർവീസിനെ മറ്റു ജോലികളിൽനിന്നു വ്യത്യസ്തമാക്കുന്നു.
സിവിൽ സർവീസിൽ എത്തിപ്പെടാൻ കുറുക്കുവഴികളില്ല. ഒരു വർഷം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് (യുപിഎസ്സി) പരീക്ഷ നടത്തിപ്പിന്റെ ചുമതല. അവർ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തി യോഗ്യരായവരെ കണ്ടെത്തും. അഞ്ചു ലക്ഷം ഉദ്യോഗാർഥികളിൽനിന്നത്രേ ആയിരം വിജയികളെ തെരഞ്ഞെടുക്കുന്നത്. ഓരോ വർഷത്തെയും ഒഴിവിനനുസരിച്ച് ഈ സംഖ്യ ഭേദപ്പെടാം. ഈ അനുപാതത്തിൽ നിന്നുതന്നെ സിവിൽ സർവീസിന്റെ പരീക്ഷകൾ എത്രമാത്രം കടുപ്പമേറിയതാണ് എന്ന് ഊഹിക്കാമല്ലോ! “എത്തേണ്ടയിടത്തെത്തിയാലും ശരി
മധ്യേമരണം വിഴുങ്ങിയാലും ശരി
മുന്നോട്ടുതന്നെ നടക്കും വഴിയിലെ
മുള്ളുകളൊക്കെച്ചവുട്ടിമെതിച്ചു ഞാൻ
എന്ന കവിവചസ് മുദ്രാവാക്യമായി നെഞ്ചേറ്റുന്നവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണത്രേ സിവിൽ സർവീസിലെ പദവികൾ.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ