യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് (യുപിഎസ്സി) സിവിൽ സർവീസസ് പരീക്ഷകളുടെ നടത്തിപ്പുകാർ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി ഇരുപത്തിമൂന്നോളം തസ്തികകൾക്കുവേണ്ടിയാണ് യുപിഎസ്സി വർഷംതോറും പരീക്ഷ സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷാക്രമം വഴി യോഗ്യരായവരെ യുപിഎസ്സി കണ്ടെത്തുന്നു.
പരീക്ഷാനടത്തിപ്പിന് രണ്ടു ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാം ഘട്ടത്തിൽ എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്നു. പ്രധാന പരീക്ഷയ്ക്കുള്ള ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനാണ് പ്രിലിമിനറി നടത്തുന്നത്. സിവിൽ സർവീസസ് അഭിരുചിപ്പരീക്ഷ എന്ന് ഇതറിയപ്പെടുന്നു. ഇതിന്റെ മാർക്ക് റാങ്കിംഗിൽ പരിഗണിക്കില്ല. പ്രധാന എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാർക്കിനനുസരിച്ച് വിവിധ തസ്തികകളിലേക്കുള്ള അന്തിമ പട്ടിക യുപിഎസ്സി തയാറാക്കും.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം നേടിയവർക്ക് സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. മെയിൻ പരീക്ഷയ്ക്കു മുന്പ് യോഗ്യത നേടിയിരിക്കണമെന്നേയുള്ളൂ. മാർച്ച്/ഏപ്രിൽ/മേയ് മാസങ്ങളിലാണ് പൊതുവേ അപേക്ഷ ക്ഷണിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസും ഉയർന്ന പരിധി പൊതു വിഭാഗക്കാർക്ക് 32 വയസുമാണ്. എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 37 വയസുവരെയും ഒബിസിക്കാർക്ക് 35 വയസുവരെയും അപേക്ഷിക്കാം. അംഗപരിമിതർക്ക് അവരവരുടെ വിഭാഗത്തിൽ (ജനറൽ, ഒബിസി, എസ്സി, എസ്ടി) അനുവദിക്കപ്പെട്ട പ്രായപരിധിക്കു പുറമേ പത്തു വർഷത്തെ ഇളവു ലഭിക്കും.
എത്ര കഠിനമായി പരിശ്രമിച്ചാലും ഒറ്റത്തവണയിൽ വിജയിക്കാൻ പ്രയാസമായതിനാലാകണം യുപിഎസ്സി ഉദ്യോഗാർഥികൾക്ക് പല അവസരം നല്കിയിരിക്കുന്നത്. ജനറൽ വിഭാഗക്കാർക്ക് ആറു തവണയും ഒബിസിക്കാർക്ക് ഒന്പതു തവണയും ഈ പരീക്ഷ എഴുതാം. എന്നാൽ, എസ്സി, എസ്ടി വിഭാഗക്കാർക്ക് നിശ്ചിത തവണ എന്ന വ്യവസ്ഥയില്ല, അംഗീകരിക്കപ്പെട്ട പ്രായപരിധി കടക്കരുത് എന്നേയുള്ളൂ.
സിവിൽ സർവീസസ് പരീഷയ്ക്ക് രണ്ടു ഘട്ടമുണ്ടെന്ന് സൂചിപ്പിച്ചിരുന്നല്ലോ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് പ്രിലിമിനറി. അതു ജയിച്ചാൽ മാത്രമേ മെയിൻ പരീക്ഷ എഴുതാനാകൂ. മെയിൻ ജയിക്കുന്നവർക്കേ അഭിമുഖത്തിന് ക്ഷണമുണ്ടാകൂ. ഏതു ഘട്ടത്തിൽ പരാജയപ്പെട്ടാലും പ്രിലിമിനറിയിൽ തുടങ്ങണം. അഭിമുഖപ്പരീക്ഷയിലാണ് തോൽക്കുന്നതെങ്കിലും ജയിച്ച പ്രിലിമിനറിയും മെയിനും നഷ്ടപ്പെടും. ഇത്രയധികം സങ്കീർണതകളുള്ള സവിൽ സർവീസസ് പരീക്ഷകളിൽ വിജയിക്കണമെങ്കിൽ ശരിയായ ആസൂത്രണവും കഠിനമായ പരിശ്രമവും നിശ്ചയദാർഢ്യവും സമന്വയിക്കണം.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ