2019 ഡിസംബർ 11 ബുധനാഴ്ച പ്രസിദ്ധീകരിച്ച പദശുദ്ധിയിൽ പറ്റിപ്പോയ നോട്ടപ്പിശകിനെക്കുറിച്ചാണ് ഈ കുറിപ്പ്. തെറ്റും ശരിയും ചൂണ്ടിക്കാണിച്ച പരജോടികളുടെ കൂട്ടത്തിൽ പരാമർശിച്ച നിരൂപകൻ, ലേഖകൻ എന്നീ വാക്കുകൾ തെറ്റാണെന്നൊരു സൂചന കടന്നുകൂടി. നിരൂപണം ചെയ്യുന്നവൻ എന്ന അർഥത്തിൽ ലേഖകനും ശുദ്ധരൂപങ്ങളും പുല്ലിംഗ ശബ്ദങ്ങളുമാണ്.
നിരൂപകൻ, ലേഖകൻ എന്നീ പദങ്ങളുടെ സ്ത്രീലിംഗ രൂപങ്ങളെപ്പറ്റിയാണ് സന്ദിഗ്ധതയുള്ളത്. നിരൂപക, ലേഖക എന്നീ തെറ്റായ രൂപങ്ങൾ സ്ത്രീലിംഗങ്ങളെന്ന നിലയിൽ പ്രചരിച്ചിരിക്കുന്നു. എന്നാൽ അവ പ്രത്യയം ചേർക്കാൻ സജ്ജമാക്കിയ ഘടന മാത്രമേ ആകുന്നുള്ളൂ. നിരൂപക, ലേഖക എന്നീ ശബ്ദങ്ങളോട് “ആൻ’’ ചേർത്താൽ പുല്ലിംഗവും (നിരൂപകൻ, ലേഖകൻ) ഇ ചേർത്താൽ സ്ത്രീലിംഗവും (നിരൂപിക, ലേഖിക) ഉണ്ടാകും.
പ്രക്രിയാഭാഷ്യക്കാരനായ വിദ്വാൻ ഫാ. ജോണ് കുന്നപ്പള്ളി ഇങ്ങനെ രേഖപ്പെടുത്തുന്നു. “ആ പ്രത്യയം ചേരുന്ന പ്രാതിപദികം പ്രത്യയാംഗമായ ക കാരത്തിൽ അവസാനിക്കുകയും ക കാരപൂർവകമായി അ കാരമുണ്ടായിരിക്കുകയും ചെയ്താൽ അ കാരത്തിന് ഇ കാരദേശം.’’ ഇതനുസരിച്ച് അധ്യാപകൻ - അധ്യാപിക, ഗായകൻ-ഗായിക, നായകൻ-നായിക, ബാലകൻ-ബാലിക എന്നിങ്ങനെ പുല്ലിംഗ, സ്ത്രീലിംഗ രൂപങ്ങൾ ഉണ്ടാകുന്നു. നിരൂപകൻ, നിരൂപികയാകുന്നതും ലേഖകൻ ലേഖിക ആകുന്നതും ഇതേ നിയമമനുസരിച്ചാകുന്നു.
നിരൂപക, ലേഖക എന്നീ തെറ്റായ രൂപങ്ങൾ ചൂണ്ടിക്കാണിക്കാനാണ് പംക്തിയിൽ ശ്രമിച്ചത്. നിരൂപക-നിരൂപിക, ലേഖക-ലേഖിക എന്നീ പദജോടികൾക്കു പകരം നിരൂപകൻ-നിരൂപിക, ലേഖകൻ-ലേഖിക എന്നിങ്ങനെ രേഖപ്പെടുത്തിപ്പോയതാണ് തെറ്റിദ്ധാരണയ്ക്ക് വകനൽകിയത്. ഇങ്ങനെയൊരു സ്ഖലിതം വന്നുപോയതിൽ ഖേദിക്കുന്നു. ഇക്കാര്യം കത്തിലൂടെ ശ്രദ്ധയിൽപ്പെടുത്തിയ ഫാ. ഡോ. പീറ്റർ കുരുതുകുളങ്ങരയോട് കടപ്പെട്ടിരിക്കുന്നു. നന്ദി.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ