ഏത് ഉയർന്ന ബിരുദം കരസ്ഥമാക്കിയാലും ജോലി ലഭിക്കുന്ന സ്ഥിതി ഇന്നില്ല. അതിനു മത്സരപ്പരീക്ഷകളെ ആശ്രയിച്ചേ തീരൂ. യുപിഎസ്സി, പിഎസ്സി, മറ്റു സ്വകാര്യ ഏജൻസികൾ മുതലായവർ കാലാകാലങ്ങളിൽ വിവിധ പരീക്ഷകൾ നടത്തുന്നു.
ഓരോരുത്തരുടെയും വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചും അഭിരുചിക്കനുസരിച്ചും മത്സരപ്പരീക്ഷകളെ ആശ്രയിക്കാം. എല്ലാ രംഗത്തും മിടുക്കരെ മതി എന്ന കാഴ്ചപ്പാട് രൂപപ്പെട്ടുവന്നിട്ടുണ്ട്. സ്വകാര്യസംരംഭകർക്കാണ് ഇക്കാര്യത്തിൽ കടുത്ത നിഷ്കർഷയുള്ളത്.
അക്കാദമിക പരീക്ഷകളുടെ സ്വഭാവമല്ല മത്സരപ്പരീക്ഷകൾക്കുള്ളത്. അവിടെ ഉദ്യോഗാർഥികളെ വിജയിപ്പിക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്നില്ല. നേരേമറിച്ച് ഒഴിവാക്കി ലക്ഷ്യത്തിലെത്തിച്ചേരുന്ന സന്പ്രദായമാണുള്ളത്. ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളാണ് പ്രധാന മാനദണ്ഡം. അതിനനുസരിച്ച് ഉയർന്ന സ്കോർ ലഭിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നു. ഗവണ്മെന്റ് തലത്തിൽ റിസർവേഷന്റെ ആനുകൂല്യം കിട്ടുമെങ്കിലും സ്വകാര്യമേഖലകളിൽ അത്തരം പരിഗണനകൾ ഒന്നുമില്ല.
അഭ്യസിച്ചുപോന്ന പഠനരീതികൾ മത്സരപ്പരീക്ഷകളിൽ പ്രയോജനപ്പെടണമെന്നില്ല. ജോലിയുടെ സ്വഭാവമനുസരിച്ച് നാനാതരത്തിലുള്ള നൈപുണികൾ പരീക്ഷിക്കപ്പെടുന്നു. അറിവിന്റെ ആഴങ്ങളെക്കാളുപരി എഴുത്തിന്റെ തന്ത്രങ്ങൾക്കാണ് പലപ്പോഴും പ്രാധാന്യം. ഉദ്യോഗം ആവശ്യപ്പെടുന്ന മിനിമം യോഗ്യതകൾക്ക് അപ്പുറമുള്ള കാര്യങ്ങളും പരീക്ഷയുടെ ഭാഗമാകുന്നു. ഇത്തരം പ്രതിസന്ധികൾ സ്വയം പഠനത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു.
ഒടുവിൽ പരിശീലനകേന്ദ്രങ്ങളുടെ സഹായം ആവശ്യമായി വരുന്നു. കൂണുപോലെ മുളച്ചുപൊങ്ങുന്ന കോച്ചിംഗ് സെന്ററുകൾ പല ആശയക്കുഴപ്പങ്ങൾക്കും കാരണമാകാം. എങ്കിലും അവയെ പൂർണമായി ഒഴിവാക്കിക്കൊണ്ട് പഠനവഴികളിൽ മുന്നേറാനാവണമെന്നില്ല. വിജയലക്ഷ്യത്തിന്റെ ആകെത്തുകയിൽ 25 ശതമാനം വരെ മികച്ച കോച്ചിംഗ് സെന്ററുകൾക്ക് നല്കാൻ കഴിയും. പലരോടും തിരക്കി മികവിന്റെ കേന്ദ്രങ്ങൾ കണ്ടെത്തുകയേ വഴിയുള്ളൂ. വിജയത്തിന് കുറുക്കുവഴികളില്ല. നിരന്തരമായ അധ്യയനത്തിന്റെയും നേർവഴിയിലുള്ള പരിശീലനത്തിന്റെയും ഫലമ്രതേ ഓരോ വിജയവും.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ