ഏതൊരു ഭാഷയ്ക്കും തനതായ ആശയപ്രകാശന സന്പ്രദായങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരു വിഭാഗമാണ് ശൈലികൾ. കുറച്ചുവാക്കുകളിൽ കൂടുതൽ ആശയം വെളിപ്പെടുത്തുകയാണ് ശൈലിയുടെ സ്വഭാവം. സാധാരണ ആവിഷ്കരണ രീതികളിൽ നിന്ന് ഭിന്നവും ശക്തവുമായി ശൈലികൾ ആശയത്തെ നിർമിക്കുന്നു. വാക്യത്തിനപ്പുറം ലക്ഷ്യമോ വ്യംഗ്യമോ ആയ അർഥത്തിന് അവ പ്രാധാന്യം നൽകുന്നു.
ഇംഗ്ലീഷിലെ idiom എന്നതിന് സമാനമാണ് മലയാളത്തിൽ ശൈലി എന്ന സംജ്ഞ ഉപയോഗിക്കുന്നത്. styleന് പകരമായും ശൈലി പ്രയോഗിക്കാറുണ്ട്. സംസ്കൃതത്തിലെ രീതിക്കും ഏതാണ്ട് ഇതേ താത്പര്യം കല്പിക്കുന്നു. കാര്യക്ഷമമായും ആകർഷകമായും ആശയം പ്രകാശിപ്പിക്കലാണ് ശൈലികളുടെ യഥാർഥ ധർമം.
മാനുഷികമായ നന്മതിന്മകൾ, കുടുംബാന്തരീക്ഷം, കലകൾ, സാമൂഹിക ബന്ധങ്ങൾ, തൊഴിലുകൾ, വ്യാപാരം, കാർഷികവൃത്തി, വിനോദം തുടങ്ങിയവയുമായി ശൈലികൾ ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക ഭദ്രതയെ ലക്ഷ്യമാക്കിയുള്ള അവയിലെ വസ്തുസ്ഥിതി നിരീക്ഷണവും ഉപദേശവും അകൃത്യനിഷേധവും ശൈലികളുടെ സവിശേഷതയത്രേ. ഒരു ജനതതിയുടെ സംസ്കാരത്തിന്റെ ഉച്ചതയും സ്വച്ഛതയും അവ വെളിപ്പെടുത്തുന്നു. പഴഞ്ചൊല്ലുകൾ ലോകോക്തികൾ, കാവ്യശകലങ്ങൾ തുടങ്ങി ഏതും ശൈലികളായി രൂപപ്പെടാം.
തൊഴിലിൽ നിന്നു രൂപപ്പെട്ട ഒരു ശൈലിയാണ് ‘ഇര ഇട്ടു മീൻ പിടിക്കുക’ എന്നത്. ചൂണ്ട ഇട്ട് ഇര കൊണ്ട് ആകർഷിച്ചുവരുത്തി മീൻ പിടിക്കുന്ന തൊഴിലിൽ നിന്ന് വന്നതാണ് ആ ശൈലി. കൗശലപൂർവം ഒരാളെ പ്രലോഭിപ്പിച്ച് സ്വന്തം ദുഷ്ടലാക്കിൽ കുരുക്കുന്ന പ്രവണതയത്രേ ആ ശൈലിക്ക് അടിസ്ഥാനം.
പഴഞ്ചൊല്ലും ശൈലിയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. ‘അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രിക്ക് കുട പിടിക്കും’ എന്നത് ഒരു പഴഞ്ചൊല്ലാണ്. ഇതിൽ നിന്ന് ‘അർധരാത്രിക്ക് കുട പിടിക്കുന്നു’ എന്നൊരു ശൈലി നിലവിൽ വന്നിട്ടുണ്ട്.
അനാവശ്യമായും സന്ദർഭത്തിനു ചേരാതെയും അമിതാഡംബരം കാണിക്കുക എന്നതിന് അർഥം വന്നുചേരുന്നു. പഴഞ്ചൊല്ലിൽ നിന്ന് ശൈലി വേർപെടുന്പോൾ അർഥ വ്യതിയാനം സംഭവിക്കണമെന്നില്ല.
ഭാഷയുടെ വളർച്ചയിൽ കടങ്കഥകൾ ശൈശവദശയെയും പഴഞ്ചൊല്ലുകൾ കൗമാരദശയെയും ശൈലികൾ യൗവനദശയെയും കുറിക്കുന്നുവെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. അതെന്തായാലും തലമുറതലമുറകളായി കേട്ടും പറഞ്ഞും രേഖപ്പെടുത്തിയും അവ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ