കെഎഎസ് പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങിയതോടെ ഉദ്യോഗാർത്ഥികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. മലയാള ഭാഷയിൽ സാമാന്യപരിജ്ഞാനം പരിശോധിക്കുന്ന മുപ്പതു മാർക്കിന്റെ ചോദ്യങ്ങൾ പ്രിലിമിനറിക്കുണ്ട്.
പദശുദ്ധി, വാക്യശുദ്ധി, പരിഭാഷ, ഒറ്റപ്പദം, പര്യായം, വിപരീതപദം, ശൈലികൾ, പഴഞ്ചൊല്ലുകൾ, സമാനപദം, ചേർത്തെഴുതൽ, സ്ത്രീലിംഗ-പുല്ലിംഗങ്ങൾ, വചനം, പിരിച്ചെഴുതൽ, ഘടകപദം (വാക്യം ചേർത്തെഴുതൽ) ഭരണഭാഷയുമായി ബന്ധപ്പെട്ട് ഒരു ഖണ്ഡിക നൽകി അതിനെ ആധാരമാക്കിയുള്ള ചോദ്യങ്ങൾ, ഒൗദ്യോഗിക ഭാഷാപദാവലി, വിപുലനം, സംഗ്രഹണം എന്നിവയടങ്ങുന്ന പാഠ്യപദ്ധതിയാണ് പിഎസ്സി പുറത്തിറക്കിയിരിക്കുന്നത്.
സർവസാധാരണമായി തെറ്റിപ്പോകാവുന്ന പദങ്ങളെക്കുറിച്ചും വാക്യങ്ങളെക്കുറിച്ചുമുള്ള ധാരണ പദ-വാക്യ പരിചയത്തിൽ നിന്നു ലഭിക്കും. ഇഴപിരിച്ച പദങ്ങളെ ഒറ്റപ്പദമാക്കൽ, വിപരീത പദം കണ്ടെത്തൽ, സമാനപദാന്വേഷണം എന്നിവയെല്ലാം ഒരു ഭാഷയിലെ അടിസ്ഥാന കാര്യങ്ങളാണ്. ലിംഗം, വചനം, സന്ധി മുതലായവയിൽ നിന്ന് മലയാള ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങൾ സ്വായത്തമാക്കണമെന്ന് വ്യക്തമാക്കുന്നു.
പഴഞ്ചൊല്ലും ശൈലിയുമൊക്കെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്ന പ്രയോഗ സവിശേഷതകളാണല്ലോ. അവയെക്കുറിച്ചുള്ള സാമാന്യബോധവും ചോദ്യകർത്താക്കൾ ലക്ഷ്യം വയ്ക്കുന്നു. ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുമുള്ള മൊഴിമാറ്റമാണ് പരിഭാഷകൊണ്ട് ഉദ്ദേശിക്കുന്നത്.
മാതൃഭാഷ ഭരണഭാഷയായതോടെ ഭരണഭാഷാ പരിചയവും പദപരിചയവും അനിവാര്യ വിഷയമായി പാഠ്യപദ്ധതിയുടെ ആവിഷ്കർത്താക്കൾ കരുതുന്നു. അക്ഷരം, പദം, വാക്യം ഇവയുടെ പ്രയോഗപാടവം കൊണ്ടേ ഭാഷ ശരിയായി കൈകാര്യം ചെയ്യാൻ കഴിയൂ. ആശയ സംഗ്രഹണവും വിപുലനവും പരീക്ഷിക്കപ്പെടുന്നതിലൂടെ ഭാഷയിലുള്ള പ്രാവീണ്യം വെളിപ്പെട്ടുകിട്ടുന്നു.
ഭാഷയിൽ സാധാരണ കണ്ടുവരാറുള്ള തെറ്റുകളേക്കുറിച്ച് അവബോധം സൃഷ്ടിച്ച് ശരിയെഴുതാൻ പ്രാപ്തരാക്കുക, നല്ല ഗദ്യമെഴുതാൻ ഉദ്യോഗാർഥികളെ സജ്ജരാക്കുക എന്നിവ പിഎസ്സി ലക്ഷ്യമാക്കുന്നു. സർക്കാർ തീരുമാനങ്ങൾ വളച്ചൊടിക്കാതെ നല്ല ഭാഷയിൽ ജനങ്ങളിലെത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടാവണം പിഎസ്സി പ്രിലിമിനറി പരീക്ഷയിൽ മലയാളം പാഠ്യപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
തയാറാക്കിയത്:
ഡോ. ഡേവിസ് സേവ്യർ,
മലയാളം വിഭാഗം മേധാവി,
സെന്റ് തോമസ് കോളജ്, പാലാ