സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധം: ടി.വി. രാജേഷ് എംഎൽഎ
Wednesday, November 30, 2016 3:13 AM IST
റിയാദ്: നോട്ട് പിൻവലിക്കലിന്റെ മറവിൽ, കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ തകർക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഗൂഡ നീക്കത്തെ എന്തു വിലകൊടുത്തും ജനങ്ങൾ ചെറുക്കുമെന്നും സഹകരണ മേഖലയെ സംരക്ഷിക്കാൻ കേരളസർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും കല്യാശേരി എംഎൽഎ ടി.വി. രാജേഷ്. റിയാദിൽ കേളി കലാസാംസ്കാരിക വേദി ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങൾക്കിടയിൽ സഹകരണ മേഖല ആർജിച്ച വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. പ്രവാസികളുൾപ്പെടെ സഹകരണ മേഖലയിൽ നിക്ഷേപം നടത്തിയവരൊക്കെ കള്ളപണക്കാരാണെന്നാണ് ബിജെപിയും പ്രധാനമന്ത്രിയും പറയുന്നത്. സഹകരണ മേഖലയിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന പരിഭ്രാന്തി പരത്തി സ്വകാര്യ കോർപറേറ്റ് ബാങ്കുകളിലേക്കു നിക്ഷേപമെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ കക്ഷിരാഷ്ര്‌ടീയ ഭേദമന്യേ പ്രതിഷേധം ഉയർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കൃത്യമായി ബോധ്യമുള്ള ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി നിലവിലുള്ള പ്രവാസി പെൻഷൻതുക വർധിപ്പിക്കുന്നതുൾപ്പടെ നിരവധി പദ്ധതികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ടി.വി.രാജേഷ് പറഞ്ഞു.

യോഗത്തിൽ കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്രകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി റഷീദ് മേലേതിൽ, ജോസഫ് റാന്നി (അൽ ഖർജ്) എൻ. ബേബി, നാരായണൻ കയ്യൂർ (ന്യൂ സനയ്യ), സതീഷ് കോങ്ങാടൻ (അസീസിയ), സത്യബാബു നല്ലളം (സനയ്യ അർബൈൻ), പ്രഭാകരൻ കടന്നപ്പള്ളി, ശിവദാസൻ അത്തോളി (ബത്ത), ബാലകൃഷ്ണൻ പേരാമ്പ്ര (സുലൈ), കൃഷ്ണൻ കരിവെള്ളൂർ (മലാസ്), ചന്ദുചൂഡൻ (ഉമ്മുൽ ഹമാം), ഗോപിനാഥൻ വേങ്ങര (റൗദ, നസീം), രവി പാനൂർ (അതീക്ക), അലി വളാഞ്ചേരി (ബദിയ), വിജയൻ വൈക്കം (മുസാമിയ), റഷീദ് കരുനാഗപള്ളി (ദവാദ്മി) എന്നിവർ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഹാരാർപ്പണം നടത്തി. രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തഗീർ, ബി.പി.രാജീവൻ, കുഞ്ഞിരാമൻ മയ്യിൽ, കെ.പി.എം.സാദിഖ്, സതീഷ് കുമാർ, ഗീവർഗീസ് തുടങ്ങി കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിവിധ ഏരിയ, യൂണിറ്റ് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം, സജീവൻ ചൊവ്വ എന്നിവർ പ്രസംഗിച്ചു.