ദുബായിൽ 35,000 അനധികൃത താമസക്കാർ പിടിയിൽ
Tuesday, September 6, 2016 8:24 AM IST
ദുബായ്: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കുടിയേറ്റ നിയമം ലംഘിച്ച 34,561 അനധികൃത താമസക്കാർക്കെതിരെയും 1780 യാചകരേയും അറസ്റ്റു ചെയ്തതായി ദുബായ് പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

അനധികൃത കുടിയേറ്റ വിഭാഗം പോലീസ് നടത്തിയ റെയ്ഡിൽ 15,348 പേർ കുടുങ്ങി. ഇതിൽ 2520 പേർ സ്ത്രീകളാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പിടിക്കപ്പെട്ടവരുടെ സംഖ്യ 1884 ആയി ഉയർന്നിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ ബംഗ്ലാദേശികളാണ് ഏറ്റവും മുന്നിൽ. 6514 പുരുഷന്മാരും 381 സ്ത്രീകളുമാണ് പിടിയിലായത്. തൊട്ടുപിന്നിൽ പാക്കിസ്‌ഥാനാണ്. 4232 പുരുഷന്മാരും ആറു സ്ത്രീകളും. 1164 പുരുഷന്മാരും 62 സ്ത്രീകളുമായി ഇന്ത്യ മൂന്നാം സ്‌ഥാനത്താണ്.

അനധികൃത കുടിയേറ്റ വിഭാഗവും ദുബായ് പോലീസും മറ്റു വിഭാഗങ്ങളും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേർ പിടിയിലായതെന്നു ദുബായ് പോലീസ് ക്രിമിനൽ വിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ അൽ മൺസൂരി പറഞ്ഞു.