പാത്രിയര്‍ക്കീസ് ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി
Wednesday, June 22, 2016 6:18 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ ജന്മനാടായ സിറിയായിലെ ഖ്യാതിയിലുണ്ടായ വധശ്രമത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൌണ്‍സില്‍ അതിയായ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

സിറിയ, വടക്കന്‍ ഇറാക്ക് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്ന ക്രൈസ്തവ മക്കള്‍ക്ക് സാന്ത്വനമേകുന്നതിനും അവരെ ക്രൈസ്തവ വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിനുമായി പ്രശ്നബാധിത മേഖലകളില്‍ പോലും സധൈര്യം കടന്നു ചെന്ന് നിസ്തുല സേവനം നടത്തുന്ന ബാവായെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഈ അവസരത്തില്‍ ബാവായുടെ നേര്‍ക്കുണ്ടായ വധശ്രമത്തെക്കുറിച്ചുളള വാര്‍ത്ത ക്രൈസ്തവ സമൂഹം ഏറെ നടുക്കത്തോടെയാണ് ശ്രവിച്ചത്.

പരിശുദ്ധ ബാവായുടെ ആയുരാരോഗ്യത്തിനുവേണ്ടിയും യാതന അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടിയും സഭാ മക്കളുടെ പ്രാര്‍ഥന ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍