സുമനസുകളുടെ സഹായം തേടി കോഴിക്കോട് സ്വദേശി
Thursday, April 28, 2016 7:06 AM IST
കുവൈത്ത് സിറ്റി: ഹൃദ്രോഗം മൂര്‍ച്ഛിച്ച് ഫര്‍വാനിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെരുവണ്ണാമൂഴി പരവന്തറയില്‍ കരുണാകരന്‍ ചന്ദ്രന്‍ തുടര്‍ ചികിത്സയ്ക്കും നാട്ടിലേക്കു മടങ്ങുന്നതിനുമായി സുമനസുകളുടെ സഹായം തേടുന്നു.

16 വര്‍ഷത്തോളമായി കുവൈത്തിലുള്ള ചന്ദ്രന്‍ ഗാര്‍ഹിക തൊഴിലാളിയായിട്ടാണ് പണിയെടുത്തിരുന്നത്. 2010ല്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിനു പിന്നീട് രണ്ടു തവണ ആന്‍ജിയോപ്ളാസ്റി നടത്തിയിട്ടുണ്ട്. തുടര്‍ന്നു ചെറിയ ജോലികളുമായി കുവൈത്തില്‍ തുടര്‍ന്ന ചന്ദ്രനെ കഴിഞ്ഞമാസം ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നു സബാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതിനായി ഏറെനാള്‍ കാത്തുനില്‍ക്കേണ്ടതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത ചന്ദ്രനെ വീണ്ടും നെഞ്ചുവേദന കലശലായതിനെ തുടര്‍ന്നു ഫര്‍വാനിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ആശുപത്രി അധികൃതരുടെയും ഒരു സുഹൃത്തിന്റേയും പരിചരണത്തിലാണദ്ദേഹം. നാട്ടില്‍ രോഗിയായ ഭാര്യയും രണ്ട് പെണ്മക്കളുമുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും പണയത്തിലാണുള്ളത്.

ഇദ്ദേഹത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരെ 60383336, 97264683, 66646578, 24317875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍