വനിതാവേദി കുവൈത്ത് നേതൃത്വ പരിശീലനക്ളാസ് സംഘടിപ്പിച്ചു
Tuesday, April 26, 2016 8:04 AM IST
കുവൈത്ത്: സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാവേദി കുവൈത്ത് നേതൃത്വ പരിശീലന ക്ളാസ് സംഘടിപ്പിച്ചു.

ഏപ്രില്‍ 23നു അബാസിയ കല സെന്ററില്‍ നടന്ന പരിപാടി പ്രസിഡന്റ് ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡന്റ് ഷെറിന്‍ ഷാജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം പറഞ്ഞു.

തുടര്‍ന്നു കല കുവൈത്ത് മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഹിക്മത്ത് ടിവിയുടെയും വനിതാവേദി മെംബറും കേന്ദ്ര കമ്മിറ്റി അംഗവുമായ സജിത സ്കറിയുടെയും നേതൃത്വത്തില്‍ നടത്തിയ നേതൃത്വ പരിശീലന ക്ളാസ് കേള്‍വിക്കാര്‍ക്ക് പുതിയൊരനുഭവമായി. സംഘടനയുടെ വിജയപ്രദമായ നടത്തിപ്പിനു ഉതകുന്ന പൊതുചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടുന്നതിനെക്കുറിച്ചും പുതുതലമുറയിലേയും പഴയ തലമുറയിലെയും ആളുകളുടെ അനുഭവ സമ്പത്തില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടുകൊണ്ടും പരസ്പര സഹകരണത്തോടും വ്യക്തിശുദ്ധി നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിക്കണമെന്നും ടി.വി. ഹിക്മത്ത് അഭിപ്രായപ്പെട്ടു.

എല്ലാവരുടെയും ഉള്ളില്‍ ഒരു ലീഡര്‍ ഒളിഞ്ഞു കിടപ്പുണ്െടന്നും ഒരു ലക്ഷ്യത്തിലേക്ക് പോകുമ്പോള്‍ കൂടെയുള്ള എല്ലാവരുടെയും കഴിവുകളെ സാംശീകരിച്ചു മുന്നോട്ടു പോകണമെന്നും പരസ്പര ബഹുമാനവും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു നയിക്കാനുള്ള പക്വതയാണ് ലീഡര്‍ക്ക് വേണ്ടതെന്നുമുള്ള അഭിപ്രായങ്ങള്‍ അടങ്ങിയ ക്ളാസ് ഒരു പവര്‍ പോയിന്റ് സ്ളൈഡ് ഉപയോഗിച്ചുകൊണ്ട് സജിത സ്കറിയ വിശദമായി അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ശുഭ ഷൈന്‍, ലിജി, സിന്ധു എന്നിവര്‍ പങ്കെടുത്തു. ജോ. സെക്രട്ടറി ലിജി തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍