കുവൈത്തില്‍ കുട്ടികളുടെ സയന്‍സ് കോണ്‍ഗ്രസും പ്രദര്‍ശനവും
Thursday, November 19, 2015 8:19 AM IST
കുവൈത്ത്: കുവൈത്തിലെ ഭാരതീയ വിദ്യാര്‍ഥി സമൂഹത്തിനായി ആദ്യ സയന്‍സ് കോണ്‍ഗ്രസും (കെസിഎസ്സി) പ്രദര്‍ശനവും ഒരുങ്ങുന്നു. ഭാരതസര്‍ക്കാര്‍ നാഷണല്‍ കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്യൂണിക്കേഷന്റേയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന നാഷണല്‍ സയന്‍സ് കോണ്‍ഗ്രസിനോടനുബന്ധിച്ചാണു കുവൈത്തില്‍ കെസിഎസ്സി സംഘടിപ്പിച്ചിട്ടുള്ളത്.

നവംബര്‍ 27ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ കുവൈത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള എന്‍സിഎസ്സി സ്ക്രീനിംഗിന്റെ അവസാനഘട്ട മത്സരവും ഫലപ്രഖ്യാപനവും നടക്കും. കുവൈത്ത് ശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ മികച്ച ഗവേഷകരാണു സ്ക്രീനിംഗിന്റെ വിധികര്‍ത്താക്കള്‍. പങ്കെടുക്കുന്ന വിവിധ സ്കൂളുകള്‍ ഒരുക്കുന്ന പവിലിയന്‍ പ്രദര്‍ശനത്തിനുണ്ടായിരിക്കും. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പ്രദര്‍ശനം. വിവിധ പ്രോജക്ടുകളുടെ പ്രദര്‍ശനം കുട്ടികളിലെ ശാസ്ത്രഗവേഷണ അഭിരുചി മനസിലാക്കാനുള്ള അസുലഭ അവസരമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (സിഫ്) കുവൈത്തിന്റെ ആഭിമുഖ്യത്തിലാണു കുവൈത്തില്‍നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് എന്‍സിഎസ്സിയില്‍ പങ്കെടുക്കുവാനുള്ള ആദ്യ അവസരം ഒരുങ്ങിയത്. തെരഞ്ഞെടുക്കപ്പെടുന്ന ടീമിനു ഹൈദരാബാദില്‍ നടക്കുന്ന നാഷണല്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍