റിസയുടെ 'ദശലക്ഷം സന്ദേശം' കാമ്പയിനു പരിസമാപ്തി
Sunday, November 15, 2015 6:32 AM IST
റിയാദ്: റിസാ ബോധവത്കരണപരിപാടിയുടെ ഭാഗമായി സുബൈര്‍ കുഞ്ഞു ഫൌണ്േടഷന്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ആരംഭിച്ച ഗ്ളോബല്‍ ദശലക്ഷം ലഘുസന്ദേശ കാമ്പയിനു വിജയകരമായ പരിസമാപ്തി.

സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍, ഇ-മെയില്‍ ഗ്രൂപ്പുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലൂടെയും റിസ നേരിട്ടും അന്താരാഷ്ട്ര തലത്തില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു ലഹരിവിരുദ്ധ സന്ദേശ ലഘുലേഖ കൈമാറി.

ലോകാരോഗ്യസംഘടന-യുനിസെഫ് പ്രതിനിധികള്‍, വിവിധ എംബസികള്‍, അന്താരാഷ്ട്ര ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മത-സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ തുറയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്ക് ആദ്യ ആഴ്ചയില്‍ത്തന്നെ സന്ദേശം അയച്ചിരുന്നു. ആദ്യ രണ്ടുമാസം കൊണ്ടുതന്നെ പത്തുലക്ഷം സന്ദേശമെന്ന ലക്ഷ്യം പൂര്‍ത്തിയായി. വിവിധ സ്ഥാപനങ്ങള്‍ സജീവമായതിനെത്തുടര്‍ന്നു കാമ്പയിന്‍ നവംബര്‍ 14 വരെ നീട്ടുകയായിരുന്നു. പോളിക്ളിനിക് വിഭാഗത്തില്‍ റിയാദിലെ ന്യൂസഫാമക്കയും ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ കൂട്ടത്തില്‍ ലുലുവും തുടക്കത്തില്‍ത്തന്നെ വെബ്സൈറ്റില്‍ ലഹരിവിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തി. ലുലു ഹൈപ്പെര്‍മാര്‍ക്കറ്റ് മൂന്നു ലക്ഷവും അല്‍മദീന ഒന്നരലക്ഷവും ജീ-മാര്‍ട്ട് ഒരു ലക്ഷവും ബ്രോഷറുകളിലുടെ സന്ദേശം ജനകീയമാക്കി. സൌദിയിലെ സിറ്റി ഫ്ളവര്‍ ഗ്രൂപ്പും കാമ്പയിനില്‍ സഹകരിച്ചു. യൂത്ത്വിഷന്‍, ഫ്രണ്ട്സ് ക്രിയേഷന്‍, പയ്യന്നൂര്‍ സൌഹൃദവേദി, ഷിഫാ മലയാളി സമാജം, പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം തുടങ്ങി സംഘടനകള്‍ പതിനായിരക്കണക്കിനു സന്ദേശങ്ങള്‍ കൈമാറി.

റിസയുടെ ജിദ്ദ, ദമാം-ജുബൈല്‍, സക്കാക്ക റീജണല്‍ കമ്മിറ്റികളോടൊപ്പം അതതു പ്രദേശത്തെ പ്രവാസി കൂട്ടായ്മകളും സ്ഥാപനങ്ങളും കാമ്പയിനില്‍ പങ്കു ചേര്‍ന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റേതുള്‍പ്പെടെ നൂറുകണക്കിനു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും പ്രചാരണ പരിപാടിയില്‍ സജീവമായി. റിയാദിലെ ഡെന്‍മാര്‍ക്ക് എംബസിയുടെ പ്രത്യേക ക്ഷണവും അഭിനന്ദനവും പരിപാടിക്കു ലഭിച്ചു. കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് സക്കാക്ക, ജിദ്ദ പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ 15, 16 തീയതികളില്‍ പ്രത്യേകപരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കലും സംഘടിപ്പിക്കുമെന്നും കാമ്പയിനുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും റിസയുടെ ഭാരവഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍