പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണശീലം പ്രധാനം
Sunday, November 15, 2015 6:27 AM IST
ദോഹ: പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമങ്ങളെ പോലെ തന്നെ ഭക്ഷണശീലങ്ങളും പ്രധാനമാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പള്‍സ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവു കൂടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് പ്രായോഗിക നടപടികളില്ലാത്തതുകൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരങ്ങള്‍ ശീലമാക്കുകയും ആവശ്യത്തിനു പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശീലിക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. അതോടൊപ്പം അത്യാവശ്യം ശാരീരിക വ്യായാമങ്ങളും മാനസികസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കമെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥയാണു പ്രമേഹം നിയന്ത്രിക്കുന്നതില്‍ മുഖ്യമെന്നു ചടങ്ങില്‍ സംസാരിച്ച കൌണ്‍സിലറും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. യാസര്‍ പറഞ്ഞു. മാനസിക സംഘര്‍ഷങ്ങളുടെ ആധിക്യം പ്രമേഹം വര്‍ധിക്കുവാനുള്ള മുഖ്യ കാരണങ്ങളിലൊന്നാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കായികാധ്വാനം ചെയ്യുന്ന തൊഴിലാളികളില്‍ പ്രമേഹം കൂടുന്നതിനുള്ള മുഖ്യ കാരണം മാനസിക സംഘര്‍ഷങ്ങളാണ്.

സമൂഹത്തിലെ മേലേക്കിടയിലുള്ള പ്രായം ചെന്നവരില്‍ കൂടുതലായും കണ്ടിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗം ജനങ്ങളിലും ഏതു പ്രായക്കാരിലും കണ്ടുവരുന്നുവെന്നത് അപകടകരമായ സൂചനയാണെന്നു പരിപാടിയില്‍ സംസാരിച്ച നസീം അല്‍ റബീഹ് മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ സന്ദീപ് ജി. നായര്‍ പറഞ്ഞു. സമൂഹത്തിന്റെ സമഗ്രമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ സംസാരിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ പരിപാടിക്കെത്തിയ മുഴുവനാളുകളുടെയും ഷുഗറും പ്രഷറും പരിശോധിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.