ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
Monday, March 16, 2015 7:24 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സോഷ്യല്‍ ഫോറം എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എ. സയീദിന്റെ മഹനീയ സാന്നിധ്യത്തില്‍ മാര്‍ച്ച് 13നു(വെള്ളി) വൈകുന്നേരം 6.30ന് അബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിലവില്‍ വന്നു. ചരിത്ര മുഹൂര്‍ത്തത്തിന് ആയിരങ്ങള്‍ സാക്ഷിയായി.

ഐഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ സലാം പ്രസ്തുത ഫോറവും അതിന്റെ ലക്ഷ്യവും പരിചയപ്പെടുത്തി. കുവൈറ്റില്‍ വസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും ഒരുമിച്ചുകൂട്ടി അവരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടു ദേശ-ഭാഷാ-ജാതി-മത വ്യത്യസ്തത എന്ന വിടവു നികത്തുകയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യക്കാരുടെ ബഹുമുഖ പുരോഗതിക്കുവേണ്ടി വര്‍ത്തിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു നാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത ചടങ്ങിനു പങ്കെടുത്ത ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സദസ്യര്‍ അതു യാഥാര്‍ഥ്യമാക്കുകയായിരുന്നു.

പ്രസ്തുത ഫോറം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് അവശത അനുഭവിക്കുന്ന പ്രവാസികളുടെ ശാക്തീകരണമാണ്. അത്തരക്കാരെ കണ്െടത്തി അവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അത് പരിഹരിക്കാന്‍ വേണ്ട നിയമ-ഭരണകൂട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങില്‍ എ. സയിദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ സംസ്ഥാന കമ്മിറ്റികളും പ്രഖ്യാപിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി അബ്ദുള്‍ സലാം (കേരള), വൈസ് പ്രസിഡന്റായി അലാവുദ്ദീന്‍ (ബിഹാര്‍), ജനറല്‍ സെക്രട്ടറിയായി അംജദ് അലി (തമിഴ്നാട്), സെക്രട്ടറിമാരായി ത്വായിഫ് അഹ്മദ് (കേരള), സമീര്‍ (കര്‍ണാടക) എന്നിവരെയും തെരഞ്ഞെടുത്തു.

നോര്‍ത്ത് ഇന്ത്യന്‍ മേഖല കമ്മിറ്റി പ്രസിഡന്റായി ഷാജഹാന്‍ തിരുപ്പതി (എപി), അമാനുളള കൂര്‍നോല്‍ (എപി) ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്തു. കര്‍ണാടക: റഫീഖ് മാഞ്ചി (പ്രസിഡന്റ്), ഇംതിയാസ് അഹമ്മദ് (ജനറല്‍ സെക്രട്ടറി). തമിഴ്നാട് : ഷക്കീല്‍ അഹമ്മദ് (പ്രസിഡന്റ്), സിക്കന്തര്‍ പാഷാ (ജനറല്‍ സെക്രട്ടറി). കേരള: മുഹമ്മദ് മുസ്തഫ (പ്രസിഡന്റ്), ഷാനവാസ് (ജനറല്‍ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഭാവി ഇന്ത്യയുടെ നിര്‍മിതിക്കു പ്രവാസസമൂഹത്തിനു നിര്‍ണായകവും ഒഴിച്ചുകൂടാനുമാവാത്ത ഒരു പങ്കുണ്ടാകുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ. സയിദ് തിങ്ങിനിറഞ്ഞ സദസിനെ ഓര്‍മിപ്പിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം പ്രകടന പത്രികയിലെ വികസന അജന്‍ഡയില്‍നിന്നു വിഭിന്നമായാണു പ്രവര്‍ത്തിക്കുന്നത് എന്ന ആശങ്ക അദ്ദേഹം സദസിനോടു പങ്കുവച്ചു. 2015ലെ ഭൂമി ഏറ്റെടുക്കല്‍ നിയമംതന്നെ കുത്തക കമ്പനികള്‍ രൂപകല്‍പ്പന ചെയ്തതും കര്‍ഷക വിരുദ്ധവുമാണെന്നും നിര്‍ദിഷ്ട നിയമമനുസരിച്ച് കര്‍ഷകരില്‍നിന്ന് അവരുടെ ഭൂമികള്‍ വികസനത്തിന്റെ പേര് പറഞ്ഞുകൊണ്ട് അനിയന്ത്രിതമായി കൈക്കലാക്കാനാണു ഗവണ്‍മെന്റ് അംഗീകാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ത്യയിലെമ്പാടുമുള്ള ബീഫ് നിരോധനസമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു. 20 വര്‍ഷത്തിലധികമായി പരിഗണനയിലിരിക്കുന്ന മഹാരാഷ്ട്രാ മൃഗ സംരക്ഷണ ബില്‍ (ഗോവധ നിരോധന നിയമം) പാസാക്കിയുള്ള രാഷ്ട്രപതിയുടെ സമീപനം തന്നെ ഞെട്ടിച്ചതായും ബീഫ് നിരോധനം എന്നതു മതപരമായ ഒരു വിഷയമല്ല മറിച്ച് ഇന്ത്യന്‍ ഭരണനഘടന അനുശാസിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ വ്യവസ്തിതിയോടുള്ള വെല്ലുവിളിയാണെന്നും പൌരന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്ന പൌരാവകാശത്തിന്മേലുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇല്ല്യാസ് മുഹമ്മദ് തുമ്പെ, എം.കെ. ഫൈസി, മുഹമ്മദ് ശാഫി, എസ്.ഡി.പി.ഐ. തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ്, കുവൈറ്റ് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് സൈഫുദ്ദീന്‍ നാലകത്ത്, ഐഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അലാവുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത കവി പീതന്‍ കെ. വയനാടിന്റെ കാവ്യാലാപനം സദസിനെ കോരിത്തരിപ്പിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദേശീയ സംസ്ഥാന ഭാരവാഹികളും, കിഫ് സെക്രട്ടറി ടി.എസ് ശിഹാബുദ്ദീന്‍, അദാരാ ഇത്തിഹാദുല്‍ ബോപാര പ്രസിഡന്റ് അബ്ദുള്ള ഇബ്രാഹിം കോക്കാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

പ്രോഗ്രാമിന്റെ ഇവന്റ് കോഓര്‍ഡിനേറ്ററായ ഐസ്എഫ് ജനറല്‍ സെക്രട്ടറി അംജദ് അലി സ്വാഗതവും സെക്രട്ടറി ത്വായിഫ് അഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍