യാമ്പു നവോദയയുടെ സഹായത്താല്‍ മലയാളികള്‍ ദുരിതക്കടല്‍ കടന്നു
Thursday, February 26, 2015 7:22 AM IST
യാമ്പു: യാമ്പു നവോദയയുടെ സഹായത്താല്‍ മലയാളികള്‍ ദുരിതക്കടല്‍ കടന്നു. ഹെവി ഡ്രൈവര്‍ ജോലിയാണെന്നു പറഞ്ഞു സൌദിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശി ശെല്‍വരാജ്, കൊല്ലം മാടന്‍ നട സ്വദേശി ബാലാജി എന്നിവരാണ് കൊല്ലത്തെ ഒരു ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍ കുടുങ്ങിയത്. ശെല്‍വരാജും ബാലാജിയും യാംബുവിനു അടുത്ത് ബദറിലുള്ള ഒരു കമ്പനിയില്‍ ഹെവി ഡ്രൈവര്‍ ആയാണ് എത്തിയത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം പലരില്‍നിന്നു കടം വാങ്ങിയാണ് വീസയ്ക്കുള്ള തുക കണ്െടത്തിയത്. ഇവര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയോ ശമ്പളമോ കിട്ടാതായതോടെ നാട്ടില്‍ ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെയും ഹൈസ്കൂളില്‍ പഠിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കാര്യങ്ങള്‍ അവതാളത്തിലായി. ഇതേത്തുടര്‍ന്നാണ് ഇവര്‍ നവോദയ യാമ്പു ഏരിയ സെക്രട്ടറി സാബു വെളിയവുമായി ബന്ധപ്പെടുന്നതും നാട്ടിലേക്ക് പോകാനുള്ള വഴിയുണ്ടാകുന്നതും.

കഴിഞ്ഞ ഒമ്പതു മാസമായി ഇവര്‍ക്ക് വേണ്ടുന്ന നിയമ സഹായങ്ങളും നാട്ടിലുള്ള കുടുംബത്തിനു കഴിയാനുള്ള നിത്യച്ചെലവിനുള്ള വഴിയും നവോദയ യാമ്പു ഏരിയ കമ്മിറ്റി ചെയ്തു കൊടുത്തു. കടുംപച്ച വിഭാഗത്തിലുള്ള കമ്പനിയില്‍നിന്നും തീരുമാനം വരാന്‍ വൈകുന്നതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സാബു വെളിയവും വെല്‍ഫയര്‍ കണ്‍വീനര്‍ അജിത്തും കൂടി കമ്പനി ഉടമയുമായി സംസാരിച്ചെങ്കിലും ഇവര്‍ക്കനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് കമ്പനി ഉടമയുടെ അടുത്ത ബന്ധുക്കളെ കണ്ടു സംസാരിക്കുകയും ഇവരെ നാട്ടിലേക്ക് അയയ്ക്കാന്‍ വഴിയുണ്ടാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ നീക്കം ഫലം കണ്ടു. ഇതിനെ തുടര്‍ന്ന് സ്പോണ്‍സറുടെ ബന്ധുക്കള്‍ ഇടപെട്ട് ഇവരെ നാട്ടിലയയ്ക്കാനുള്ള രേഖകള്‍ ശരിയാക്കിത്തന്നു. അങ്ങനെ കഴിഞ്ഞ ഒമ്പതു മാസത്തെ നിയമ പോരാട്ടം പര്യവസാനമായി. നവോദയ നല്‍കിയ ടിക്കറ്റില്‍ ശെല്‍വരാജും ബാലാജിയും ഇത്രയും നാള്‍ തങ്ങളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ സംരക്ഷിച്ച നവോദയയുടെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍