മലയാളികളുടെ ഐക്യവും സമര്‍പ്പണവും മാതൃകാപരം: കോണ്‍സല്‍ ജനറല്‍
Saturday, December 20, 2014 11:15 AM IST
ജിദ്ദ: പ്രവാസികള്‍ക്കിടയില്‍ ഏറ്റവും ഈര്‍ജസ്വലരായ സമൂഹമാണ് മലയാളികളെന്നും അവരുടെ സമര്‍പ്പണ സന്നദ്ധതയും സംഘടന വൈവിധ്യങ്ങള്‍ക്കിടയിലെ കൂട്ടായ്മയും മാതൃകാപരമാണെന്നും കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് അഭിപ്രായപ്പെട്ടു.

പ്രവാസി പ്രശ്നങ്ങള്‍ വിവാദമാക്കുന്നതിനുപകരം അത് പരിഹരിക്കാനുതകുന്ന ക്രിയാത്മകമായ പ്രവര്‍ത്തനമാണ് മാധ്യമപ്രവര്‍ത്തകര്‍ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഇരുമ്പുഴിക്ക് കോണ്‍സല്‍ ജനറല്‍ ആശംസ നേര്‍ന്നു.

ഗസല്‍ പെയ്തിറങ്ങിയ സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൌഢമായ ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും മാധ്യമ കുടുംബങ്ങളും എത്തിച്ചേര്‍ന്നിരുന്നു. മീഡിയ ഫോറം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഷിത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'വാര്‍ത്ത' സുവനീര്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് പ്രകാശനം ചെയ്തു. ജോയ് ആലുക്കാസ് സൌദി റീജണല്‍ മാനേജര്‍ ദിലീപ് ആദ്യപ്രതി ഏറ്റുവാങ്ങി. മീഡിയഫോറം മുന്‍ പ്രസിഡന്റ് കൂടിയായ ഉസ്മാന്‍ ഇരുമ്പുഴിക്കും പത്നി സാബിറ ഉസ്മാനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ഉസ്മാന്‍ ഇരുമ്പുഴിക്ക് സുല്‍ഫീക്കര്‍ ഒതായിയും സാബിറ ഉസ്മാന് സി.കെ ശാക്കിറും മീഡിയ ഫോറത്തിന്റെ ഉപഹാരം സമ്മാനിച്ചു. പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ ഡോ. ഇര്‍ഷാദ് അഹമ്മദ് ആശംസ നേര്‍ന്നു. പി.എം. മായിന്‍കുട്ടി സുവനീയര്‍ സമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ശാക്കിര്‍ സ്വാഗതവും ട്രഷറര്‍ സാദിഖലി തുവൂര്‍ നന്ദിയും പറഞ്ഞു. സയിദ് മശ്ഹൂദ് തങ്ങള്‍, ജമാല്‍ പാഷ, അനസ് മൊറയൂര്‍, മന്‍സൂര്‍ ഫറോക്ക്, കെ.ജെ കോയ, ഷാജഹാന്‍, റാഫി കോഴിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ ഗസല്‍ മേള അരങ്ങേറി. ഉസ്മാന്‍ ഇരുമ്പുഴിയെക്കുറിച്ചെഴുതിയ കവിത ഉസ്മാന്‍ പാണ്ടിക്കാട് സമ്മാനിച്ചു. അജയന്‍ വരച്ച ഉസ്മാന്റെ കാരിക്കേച്ചറില്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ ഒപ്പുവച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍