മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ദര്‍ശനം: പ്രബന്ധ മത്സരവും സിമ്പോസിയവും ഡിസംബര്‍ 12 ന്
Sunday, November 23, 2014 6:12 AM IST
ജിദ്ദ: മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക സിമ്പോസിയം കമ്മിറ്റിയും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും സംയുക്തമായി 'കേരള സിംഹം' എന്നറിയപ്പെട്ടിരുന്ന മുന്‍ കെപിസിസി പ്രസിഡന്റും സ്വാതന്ത്യ്ര സമരസേനാനിയും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും പത്രപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വിവിധ മേഖലകളിലുള്ള ദര്‍ശനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി 'ഫീല്‍ ഇന്ത്യ2014' എന്ന് നാമകരണത്തില്‍ പ്രബന്ധ മത്സരം, സിമ്പോസിയം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജിദ്ദയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സാഹിബിന്റെ ദര്‍ശനങ്ങളുടെയും ആശയങ്ങളുടെയും വര്‍ത്തമാനകാല പ്രസക്തിയെ കുറിച്ചുള്ള പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെയും എട്ടാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെയും പ്ളസ്വണ്‍ മുതല്‍ പ്ളസ്ടു വരെ എന്നീ ക്രമത്തിലാണ് തിരിച്ചിരിക്കുന്നത്.

പ്രബന്ധം മലയാളത്തിലോ ഇംഗ്ളീഷിലോ ആകാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ പ്രബന്ധങ്ങള്‍ ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ സര.മയറൌഹൃമവാമി@ഴാമശഹ.രീാ /വമസലലാ.ുമൃമസസമഹ@ഴാമശഹ.രീാ തുടങ്ങിയ ഇമെയിലുകള്‍ മുഖേനയോ അതതു സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, സാംസ്കാരിക നായകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രബന്ധങ്ങള്‍ ഡിസംബര്‍ 12ന് നടക്കുന്ന സിമ്പോസിയത്തില്‍ അവതരിപ്പിക്കുവാനുള്ള അവസരം ലഭിക്കും. കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന മറ്റു സ്ഥാനക്കാര്‍ക്ക് സര്‍റ്റിഫിക്കറ്റുകള്‍, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ നല്‍കും.

അനുസ്മരണ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 12ന് ജിദ്ദയില്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സിമ്പോസിയവും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഘാടക സമിതി യോഗത്തില്‍ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം എ.പി. കുഞ്ഞാലി ഹാജി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക സിമ്പോസിയം കമ്മിറ്റി ചെയര്‍മാന്‍ കെ.സി. അബ്ദുറഹ്മാന്‍, ഒഐസിസി വെസ്റേണ്‍ റീജിയണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്‍ മജീദ് നഹ, ഒഐസിസി നേതാക്കളായ സി.എം.അഹമ്മദ്, പി.പി. ആലിപ്പു, ജമാല്‍ നാസര്‍, എന്‍. ഹുസൈന്‍, സൈതലവി പട്ടാമ്പി, ഷരീഫ് അറക്കല്‍, ശ്രുതസേനന്‍ കളരിക്കല്‍, ഹക്കീം പാറക്കല്‍, ഷിബിന്‍ തോമസ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. അഷ്റഫ് കന്നങ്ങാടന്‍ സ്വാഗതവും സക്കീര്‍ അലി കണ്ണേത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍