കണ്ണൂര്‍ സൌഹൃദവേദിയുടെ ചികിത്സാ ധനസഹായം കൈമാറി
Wednesday, October 22, 2014 7:31 AM IST
വളപട്ടണം (കണ്ണൂര്‍): കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സാര്‍ഥം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കുപോയ കണ്ണൂര്‍ വളപട്ടണം സ്വദേശി പുഞ്ചയില്‍ സോമരാജനുള്ള ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദിയുടെ ചികിത്സാ ധനസഹായം കൈമാറി.

നാട്ടില്‍ അവധിയിലുള്ള ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദി ജീവകാരുണൃ വിഭാഗം കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാവുമ്പായി സോമരാജിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. സൌഹൃദവേദി മെംബര്‍ വി. മോഹനനും ധനസഹായം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

ജിദ്ദയിലെ തിഹാമ അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ജോലിചെയ്തുവന്നിരുന്ന സോമരാജിന് പെടുന്നനെയാണ് ജോലിക്കിടെ കിഡ്നി സംബന്ധമായ അസുഖം പിടിപെട്ടത്. തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാതെ വന്ന പശ്ചാത്തലത്തില്‍ കമ്പനിയില്‍നിന്നും പിരിഞ്ഞ് നാട്ടില്‍ പോവുകയായിരുന്നു.

കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ ചികിത്സയിലായിരുന്നു സോമരാജ്. പരിശോധനയില്‍ കിഡ്നി മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന് ഭാര്യ കിഡ്നി നല്‍കാന്‍ തയാറാവുകയും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

നിര്‍ധന കുടുംബനാഥനായ സോമരാജന്‍ വീടുവയ്ക്കാന്‍ ബാങ്കില്‍നിന്നും പത്ത് ലക്ഷം രുപയോളം കടമെടുത്തിട്ടും ഇതുവരെ വീട് പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതിനിടയിലാണ് അസുഖം ബാധിച്ചത്. സോമരാജും കുടുംബവും ജിദ്ദാ കണ്ണൂര്‍ സൌഹൃദവേദി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍