'ലോക സമാധാനത്തിന് വിശുദ്ധ ഖുര്‍ആന്‍ അവലംബിക്കണം'
Wednesday, July 9, 2014 8:09 AM IST
കുവൈറ്റ് : ഇന്നു ലോകത്ത് അനുഭവപ്പെടുന്ന അസമാധാനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ശാശ്വത പരിഹാരം വിശുദ്ധ ഖുര്‍ആന്‍ അവലംബിക്ക ലാണെന്നും ആയിരത്തഞ്ഞൂറില്‍പരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു മാറ്റത്തിരുത്തലുകളുമില്ലാതെ നിലനില്‍ക്കുന്ന ആ മഹത്ഗ്രന്ഥം നിഷ്പക്ഷമായി പഠിക്കാനും പകര്‍ത്താനും ലോകം മുന്നോട്ടു വരണമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി പ്രസ്താവിച്ചു.

വിശുദ്ധ ഖുര്‍ആനെയും പവാചകനായ മുഹമ്മദ് റസൂല്‍ (സ്വ)യെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടുവെന്നും പ്രവാചകനെയും ഖുര്‍ആനെയും നിഷ്പക്ഷമായി പഠിക്കാന്‍ ഒരുങ്ങിയവര്‍ ഇസ്ലാം അവലംബിച്ച ചരിത്രമാണ് ലോകത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.എഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി യുഎഇ എക്സ്ചേഞ്ച്, ലുലു ഹൈപര്‍മാര്‍ക്കറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദസ്മ ടീച്ചേഴ്സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് അബ്ദുള്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ മുന്‍ പ്രസിഡന്റ് കെ.പി.എസ് എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ താഴപ്ര മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ പ്രസംഗിച്ചു. സയിദ് ഹബീബ് ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, പി.കെ.എ.ഷുക്കൂര്‍ മൌലവി, മര്‍കസ് പിആര്‍ഒ ഉബൈദ് സഖാഫി, മുഹമ്മദ് ഹസനി പാലക്കാട്, സ്വാദിഖ് അഹ്സനി തൃക്കരിപ്പൂര്‍, അബ്ദുള്‍ഖാദര്‍ സഖാഫി മഞ്ഞനാടി, കാവനൂര്‍ അഹ്മദ് സഖാഫി, സെയ്തലവി സഖാഫി, സയിദ് അബ്ദുള്ള ബുഖാരി, വി.ടി. അലവി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ട്രി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി തന്‍വീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍