പ്രതിപക്ഷ ഗ്രൂപ്പുകള്‍ റാലികള്‍ സംഘടിപ്പിക്കും
Wednesday, April 16, 2014 8:48 AM IST
കുവൈറ്റ്: രാജ്യത്തെ രാഷ്ട്രീയ മേഖലയുടെ വ്യാപക ശുദ്ധീകരണത്തിന് ആഹ്വാനം ചെയ്ത് അടുത്തുതന്നെ വന്‍ പൊതുജന റാലി സംഘടിപ്പിക്കുമെന്ന് മുന്‍ പാര്‍ലമെന്റ് അംഗം മുസല്ലം അല്‍ ബര്‍റാക്. തന്റെ ദീവാനിയയില്‍ നടന്ന വിവിധ പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റാലി എന്നാണ് സംഘടിപ്പിക്കുകയെന്നോ എവിടെയാണ് നടക്കുകയെന്നോ വെളിപ്പെടുത്തിയില്ലെങ്കിലും ഉടന്‍ തന്നെ നടക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

അതേസമയം ബഹുജന റാലിയെ തടയാന്‍ മുന്നോട്ടുവരരുതെന്ന മുന്നറിയിപ്പും ബര്‍റാക് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. എല്ലാം കണ്ടും കേട്ടും ആരുടെയും ചൊല്‍പ്പടിക്ക് കീഴില്‍ ജീവിക്കാനല്ല കുവൈറ്റികളെ സൃഷ്ടിച്ചത്. ഏതു കാര്യവുമായും തങ്ങള്‍ മുന്നോട്ട് പോകുന്നുണ്െടങ്കില്‍ അവ രാജ്യത്തിന്റെ നന്മ ഉദ്ദേശിച്ച് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍