മേകുനു കൊടുങ്കാറ്റ്; ജനങ്ങൾ ജാഗ്രത പാലിക്കണം
Thursday, May 24, 2018 12:54 AM IST
ദമാം: സൗദി അറേബ്യയിലെ ചില സ്ഥലങ്ങളിൽ മേകുനു കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.

ഒമാനിലും യമനിലും ശക്തമായ കൊടുങ്കാറ്റും മഴയും അനുഭവപ്പെടുന്നതോടപ്പമാണ് സൗദിയുടെ ചില ഭാഗങ്ങളിലും മേകുനുവിനു സാധ്യതയുണ്ടെന്നു കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. 26 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യത.

സൗദിയിൽ കിഴക്കൻ പ്രവിശ്യ, നജ്റാൻ തുടങ്ങിയ പ്രദേശങ്ങളിൽ 80 കിലോമീറ്റർ വേഗത്തിൽ പൊടിപടലത്തോടപ്പം ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്. റിയാദ് മേഖലയിൽ അഫ്ലാജ്, വാദി അൽദവാസിർ, ലൈലാ തുടങ്ങിയ പ്രദേശങ്ങളിലും ഇടിയോടപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം