കാഴ്ചകളുടെ ദ്വീപ് പാതിരാമണല്‍
മനീഷ് മാത്യു
Wednesday, September 24, 2025 1:08 PM IST
കായലില്‍ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നില്‍ കായല്‍ വഴിമാറി. പിന്നീട് പതിയെ ആ പ്രദേശം പ്രകൃതിരമണീയമായ ഒരു ദ്വീപായി രൂപപ്പെട്ടു. ഇന്ന് സഞ്ചാരികളുടെ പറുദീസയായ പാതിരാമണല്‍ ദ്വീപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമാണിത്.
വേമ്പനാട്ട് കായലില്‍ കുമരകത്തിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
റോഡുകളോ പാലങ്ങളോ ഇല്ലാത്ത ഇവിടേക്കുള്ള ഏക യാത്രാ മാര്‍ഗം ബോട്ടുകളും വള്ളങ്ങളുമാണ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചുള്ള നടത്തമാണ് പാതിരാമണലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
ജൈവ വൈവിധ്യത്തിന്റെ ദ്വീപ്!
ഇപ്പോള്‍ ജൈവ വൈവിധ്യ പൈതൃക പ്രദേശം കൂടിയാണ് പാതിരാമണല്‍. നാലിനം ശുദ്ധ കണ്ടല്‍ച്ചെടികളും ഒട്ടനവധി സഹ കണ്ടല്‍ സസ്യങ്ങളും നിറഞ്ഞതാണ് ദ്വീപ്.
160 പുഷ്പിത സസ്യങ്ങളും ഒമ്പത് ഇനം പന്നല് ചെടികളും 52 ഇനം മരങ്ങളും 21 ഇനം കുറ്റിച്ചെടികളും 72 ചെറുസസ്യങ്ങളും 13 തരം വള്ളിച്ചെടികളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്തു വൈവിധ്യത്തില്‍ അഞ്ച് ഇനം സസ്തനികളും 18 ഇനം ഉഭയജീവികളും 12 തരം ഉരഗങ്ങളും 89 ഇനം പക്ഷികളും 18 തരം തുമ്പികളെയും ഇവിടെ കാണാം. ചിത്രശലഭങ്ങള്‍ തന്നെ 106 ഇനങ്ങളുണ്ട്.
എന്തൊക്കെയുണ്ടിവിടെ...
• ഹരിതാഭമായ ദ്വീപ്.
• കായല്‍ യാത്രയും കാഴ്ചകളും.
• നൂറുകണക്കിന് അപൂര്‍വയിനം പക്ഷികളുടെ വാസസ്ഥലം.
• കല്ലുപാകിയ വഴിത്താരകളും കണ്ടല്‍ കാടുകളും.
ഇതുവഴി പോകാം...
പാതിരാമണലില്‍ എത്തിച്ചേരാനുള്ള ഏക യാത്രാമാര്‍ഗം ബോട്ടുകളാണ്. ആലപ്പുഴയില്‍നിന്നു തണ്ണീര്‍മുക്കം റോഡില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കായിപ്പുറം ജെട്ടിയായി. ചേര്‍ത്തല തണ്ണീര്‍മുക്കം വഴി 13 കിലോമീറ്റര്‍ യാത്ര ചെയ്താലും കായിപ്പുറത്തെത്തും.
കായിപ്പുറത്തുനിന്നു ബോട്ടില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ പാതിരാമണലിലെത്താം. കുമരകം, കായിപ്പുറം ജെട്ടി എന്നിവിടങ്ങളില്‍ നിന്നു മോട്ടോര്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭിക്കും.
• അടുത്തുള്ള റെയില്‍വേ സ്റ്റേഷന് ആലപ്പുഴ. 20 കിലോമീറ്റര്‍ ദൂരം. കോട്ടയത്തുനിന്ന് 38 കിലോമീറ്റര്‍ ദൂരം.
• അടുത്തുള്ള വിമാനത്താവളം കൊച്ചി. 73 കിലോമീറ്റര്‍ ദൂരം.
അരികിലുണ്ട് വേറെയും കാഴ്ചകള്‍
• ആലപ്പുഴ ബീച്ച്
• ആലപ്പുഴ ലൈറ്റ് ഹൗസ്
• അന്തകാരനഴി ബീച്ച്
• തോട്ടപ്പള്ളി ബീച്ച്
• അന്താരാഷ്ട്ര കയര്‍ മ്യൂസിയം
• അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
• രവി കരുണാകരന് മ്യൂസിയം