മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
Monday, May 19, 2025 5:32 PM IST
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി കാണണമെങ്കിൽ കടൽ തീരത്തു ചെല്ലണം. എന്നാൽ, കടലില്ലാത്ത കോട്ടയത്ത് അസ്തമയം വളരെ മനോഹാരിതയോടെ കാണാവുന്ന ഒരു ഇടമുണ്ട്, അയ്യൻപാറ. ഇവിടത്തെ മഞ്ഞിൽ കുതിർന്ന ഉദയക്കാഴ്ചയും മറക്കാനാവില്ല.
പേരു പോലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം. 40 ഏക്കറോളം വിസ്തൃതിയിലാണ് ഇവിടെ പാറ കിടക്കുന്നത്. പാറക്കൂട്ടത്തിൽത്തന്നെ മരങ്ങളും പുൽമേടുകളുമൊക്കെയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരമുള്ള പ്രദേശം.
ഇവിടെ ഒരു പള്ളിയും അന്പലവുമുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ സമയം ചെലവഴിക്കാൻ ഉചിതം. വീശിയടിക്കുന്ന കാറ്റും തലയ്ക്കു തൊട്ടു മുകളിലൂടെ പായുന്ന മേഘങ്ങളും ആരെയും ആകർഷിക്കും.
ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ചൻ മല, ഇലവീഴാപൂഞ്ചിറ തുടങ്ങിയവയുടെ വിദൂര ദൃശ്യങ്ങൾ ഇവിടെനിന്നാൽ കാണാം.

യാത്ര: ഈരാറ്റുപേട്ട തീക്കോയിയിൽനിന്നു തലനാട് റോഡിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച് അയ്യൻപാറയിലെത്താം. വാഗമൺ, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ സഞ്ചാരികൾക്കു പരിഗണിക്കാവുന്ന ഇടമാണ് അയ്യൻപാറ.