നയന മനോഹരമാണ് കൊച്ചരീക്കൽ ഗുഹകൾ
ജോമോന് പിറവം
Wednesday, August 13, 2025 5:32 PM IST
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്‍ക്കിടയില്‍ ഗുഹകള്‍. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്‍ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന്‍ വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല്‍ ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല്‍ സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില്‍ കയറിയിറങ്ങാനും വള്ളികളില്‍ തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്‍നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര്‍ വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല്‍ ഗുഹകള്‍
പിറവത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പിറമാടത്താണ് കൊച്ചരീക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല്‍ പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്‍ന്നു നില്ക്കുന്ന വന്‍ വ്യക്ഷങ്ങള്‍. വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്‍. ഇതിനിടെയില്‍ വലിയ ഗുഹകള്‍.
ഗുഹകള്‍ അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല്‍ ഗുഹയ്ക്കുള്ളില്‍ 150 അടി വരെ നേരെ കാണാനാവും. ഉള്ളില്‍ പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല്‍ 20 ആളുകള്‍ക്കുവരെ താമസിക്കാവുന്ന രീതിയില്‍ മുറികള്‍ തിരിച്ച് നിര്‍മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര്‍ രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില്‍ കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്‍
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില്‍ ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്‍ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്‍ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില്‍ സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില്‍ ഏറെപ്പേരും കയറുകളില്‍ തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില്‍ ചാടാന്‍ മത്സരമാണ്. കുളത്തില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള്‍ കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്‍ക്ക് പത്തു മുതല്‍ 15 മീറ്റര്‍വരെ ചുറ്റളവുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന്‍ സാധിക്കില്ല. ഇതിനാല്‍ കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില്‍ സഞ്ചാരികള്‍ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ അവധിദിന വിനോദയാത്രയില്‍ ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില്‍ നിന്നുമുള്ള ബസുകള്‍ യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില്‍ ഒരാളില്‍ നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്‍, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള്‍ ഇതിലും കൂടുതല്‍ പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല്‍ 20 രൂപാ വരെ സ്വകാര്യ വ്യക്തികള്‍ വാങ്ങുന്നു.
ഇവര്‍ വാഹന പാര്‍ക്കിംഗിനും അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
ഭീഷണിയാകുന്ന മണ്ണ് ഖനനം
കൊച്ചരീക്കലേക്ക് ഉറവ വെള്ളം ഒഴുകിയെത്തുന്നത് കിഴക്കുഭാഗത്തുള്ള അമ്പതേക്കറിലധികം വരുന്ന ഒലിക്കല്‍ തണ്ടേല്‍ മലയില്‍ നിന്നുമാണ്. ഈ മല നിരകള്‍ ഖനനം ചെയ്യാന്‍ ഭൂമാഫിയകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.
പിറവം, പുത്തന്‍കുരിശ്, മേമ്മുറി, തിരുവനന്തപുരം സ്വദേശികളായവരുടെ ഉടമസ്ഥതയിലാണ് പ്രദേശം. പാമ്പാക്കുട പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ പിറമാടത്തുള്ള കൊച്ചരീക്കലിന്റെ അടുത്തു തന്നെ വ്യാപകമായ മണ്ണ് ഖനനം നടന്നിരുന്നു.
നാട്ടുകാര്‍ ബഹുജന സമരവുമായി രംഗത്തിറങ്ങിയതോടെ ഹൈക്കോടതി ഇടപ്പെട്ട് ഖനനം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും മണ്ണ് ഖനനത്തിനുള്ള ശ്രമം നടക്കുന്നതായി സൂചനയുണ്ട്. ഇത് കനത്ത പാരിസ്ഥിതികാഘാതത്തിന് ഇടയാക്കും.
ഡിടിഡിസി കൊച്ചരീക്കലിനെ ഉള്‍പ്പെടുത്തണം
ജില്ലാ ടൂറിസം വകുപ്പ് നടപ്പാക്കുന്ന അരീക്കല്‍ വെള്ളച്ചാട്ട വികസന പദ്ധതികളില്‍, കൊച്ചരീക്കല്‍ പ്രദേശവും ഉള്‍പ്പെടത്തണമെന്ന് പഞ്ചായത്ത് മെമ്പര്‍ ജിനു സി. ചാണ്ടി ആവശ്യപ്പെടുന്നു. ഏറെ പൗരാണികതകള്‍ നിറഞ്ഞ പ്രദേശം സംരക്ഷിക്കപ്പെടേണ്ടതാണ്.
അന്തരിച്ച മുന്‍ മന്ത്രി ടി.എം. ജേക്കബ് ഇതിന് തുടക്കമിട്ടതാണെങ്കിലും, പിന്നീട് ഇതിനു വേണ്ടി ശ്രദ്ധ ചെലുത്താത്തത് അവഗണനയ്ക്ക് കാരണമായി.
കൊച്ചരിക്കല്‍ എത്തിച്ചേരാന്‍
പിറവത്തു നിന്നും 12 കിലോമീറ്ററാണ് ദൂരം. മുവാറ്റുപുഴ വഴി വരുന്നവര്‍ക്ക് പിറവം റോഡിലൂടെ 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കൂത്താട്ടുകുളത്തു നിന്നും പിറവം റോഡിലൂടെ അഞ്ചല്‍പ്പെട്ടി വഴിയാണ് ഇവിടെയെത്തേണ്ടത്.
16 കിലോമീറ്ററോളം ദൂരമുണ്ട്. കൊച്ചരീക്കല്‍ സന്ദര്‍ശിച്ച ശേഷം ഒന്നര കിലോമീറ്റര്‍ അകലെയുള്ള അരീക്കല്‍ വെള്ളച്ചാട്ടവും കണ്ട് മടങ്ങാം.