മഴക്കാടുകാണാം, വരൂ!
Tuesday, August 12, 2025 12:56 PM IST
ജില്ല: മലപ്പുറം
കാഴ്ച: മഴക്കാടുകൾ, പുഴകൾ
നദിയുടെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് കയം. മലപ്പുറത്തെ നെടുങ്കയം ആഴവും പരപ്പുമുള്ള, ശാന്തസുന്ദരമായ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കും. നിലന്പൂരിൽനിന്ന് ഏതാണ്ടു പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കരിന്പുഴയുടെ തീരത്തുള്ള കരുളായിവഴിയാണ് യാത്ര.
ഉയരമുള്ള മരങ്ങൾ സൂര്യപ്രകാശം തടഞ്ഞ് പകലിലും രാത്രിയനുഭവമാണ് നൽകുക. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഗംഭീരമായ ട്രെക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ജൈവവൈവിധ്യ സന്പന്നമാണ് ഈ പ്രദേശം.
ചരിത്രപ്രാധാന്യമുള്ള തേക്ക് പ്ലാന്റേഷൻ സമീപത്തുണ്ട്. ബ്രിട്ടീഷ് എൻജിനീയറായിരുന്ന ഇ.കെ. ഡോസൻ നിർമിച്ച കന്പിപ്പാലങ്ങൾ വിസ്മയക്കാഴ്ചയാണ്. 1930കളിലാണ് നിർമാണം. കരിന്പുഴയ്ക്ക് അഭിമുഖമായി ഡോസൻ തടികൊണ്ടു നിർമിച്ച ബംഗ്ലാവും കാണാം.
പിന്നീട് കരിന്പുഴയിൽ മുങ്ങിമരിച്ച ഡോസന്റെ ശവകുടീരം നെടുങ്കയത്തുണ്ട്. ഇവിടത്തെ നിബിഡ വനങ്ങളിലാണ് ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗത്തിന്റെ ജീവിതം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് നെടുങ്കയം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. നിലന്പൂർ റെയിൽവേ സ്റ്റേഷൻ ഏതാണ്ട് 12 കിലോമീറ്ററും ബസ് സ്റ്റാൻഡ് ഏതാണ്ട് 14 കിലോമീറ്ററും അകലെയാണ്.