ഇങ്ങ് പോര്... ഈ അവധിക്കാലം തൃശൂരിലാക്കാം...
സി.ജി. ജിജാസൽ
Thursday, April 3, 2025 5:37 PM IST
പുത്തൻപള്ളി, ബൈബിൾ ടവർ
നഗരഹൃദയത്തിലെ ദേവാലയമാണു പുത്തൻപള്ളി എന്ന വ്യാകുല മാതാവിൻ ബസിലിക്ക. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമായ പുത്തൻ പള്ളി ഗോഥിക് വാസ്തു ശൈലിയിലാണു നിർമിച്ചത്.
ഇതിനോട് ചേർന്നുതന്നെ 146 അടി aവീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും സന്ദർശകർക്ക് മനോഹര ദൃശ്യങ്ങൾ സമ്മാനിക്കും.
മൃഗശാലയും മ്യൂസിയവും
തൃശൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ 13.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു മ്യൂസിയവും മൃഗശാലയും. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മൃഗശാലകളിലൊന്നും സംസ്ഥാനത്തെ പ്രധാന സുവോളജിക്കൽ പാർക്കുമാണിത്.
ചിൽഡ്രൻസ് പാർക്ക്, ത്രീഡി തിയേറ്റർ എന്നിവയുമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിനു തുറക്കുമെന്നുമറിയുന്നു.
ചാവക്കാട് ബീച്ച്
ഒരുകാലത്ത് ബീച്ച് എന്നുപറഞ്ഞാൽ ചാവക്കാട് എന്ന് പറഞ്ഞിരുന്നവിധം ഖ്യാതിയുണ്ടായിരുന്നു ചാവക്കാട് ബീച്ചിന്. ഇന്നും അതിനു അധികമൊന്നും കോട്ടം തട്ടാതെ മുന്നോട്ട് പോകാൻ ഇടയാക്കുന്നത് പ്രകൃതിയുടെ മായക്കാഴ്ചകളാണ്.

വടക്കുന്നാഥ ക്ഷേത്രം
തൃശൂർ പൂരത്തിന്റെ പെരുമയാൽ ഉയർന്നുനിൽക്കുന്ന വടക്കുന്നാഥ ക്ഷേത്രം ചരിത്രവുമായി ഇഴചേർന്നു നിൽക്കുന്നു. ശക്തൻ തന്പുരാന്റെ കാലത്താണ് ഇന്നത്തെ നിലയിൽ പുനർനിർമിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ടുള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്.
വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്. നഗരത്തിലെത്തുന്ന ആർക്കും വടക്കുന്നാഥനു മുന്നിലൂടെയല്ലാതെ പോകാൻ കഴിയില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണു ക്ഷേത്രം.
വാഴച്ചാൽ
അതിരപ്പിള്ളിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്ന മറ്റൊരു പേരാണ് വാഴച്ചാൽ. അതിരപ്പിള്ളിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലം. പച്ചപ്പുകൊണ്ടും വെള്ളത്തിന്റെ കളകളാരവംകൊണ്ടും സന്ദർശകരുടെ മനം മയക്കും ഇവിടം.
വംശനാശം നേരിടുന്ന വേഴാന്പലുകളെയും ഇവിടെ കാണാനാകും. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
ചെപ്പാറ റോക്ക് ഗാർഡൻ
ഒരിക്കലും കാണാൻ മറന്നുപോകരുത് ചെപ്പാറ റോക്ക് ഗാർഡൻ. പ്രകൃതിസൗന്ദര്യത്താൽ സന്പന്നമായ ഇവിടം നീണ്ടുകിടക്കുന്ന പാറക്കൂട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച അതിമനോഹരമാണ്.
വീശിയടിക്കുന്ന കാറ്റും പൊട്ടിവിരിയുന്ന പ്രഭാതവും കോടമഞ്ഞും അസ്തമയവും എല്ലാം സന്ദർശകർക്ക് നവ്യാനുഭവമാണ് പകരുക. ഋഷിമാർ ധ്യാനിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന മുനിയറകളും ഇവിടെ കാണാം.
തൃശൂർ നെഹ്റു പാർക്ക്
നെഹ്റുവിനോടുള്ള ആദമർപ്പിച്ചു തുറന്ന പാർക്ക് സ്വരാജ്റൗണ്ടിൽതന്നെയാണ്. തിരക്കേറെയുള്ള നഗരത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ വിനോദത്തിന് ഉപയോഗിക്കാം.
തൃശൂർ കോർപറേഷനാണു പാർക്കിന്റെ ചുമതല. വ്യായാമത്തിനായി എല്ലാവിധ പ്രായക്കാർക്കുമുള്ള ഉപകരണങ്ങളുമുണ്ട് ഇവിടെ.

ശക്തൻ കൊട്ടാരം
കൊച്ചി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം രണ്ടുവർഷത്തിനുശേഷം അടിമുടി മാറ്റത്തോടെ സന്ദർശകർക്കായി തുറന്നിട്ടുണ്ട്.
രാമവർമ തന്പുരാൻ കേരളഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795ലും പിന്നീടു ശക്തൻ തന്പുരാനും പുനരുദ്ധരിച്ചതാണു കൊട്ടാരം. ഉദ്യാനവും സർപ്പക്കാവും കുളവുമൊക്കെയായി കാഴ്ചകളുടെ കലവറയാണിവിടം.
അതിരപ്പിള്ളി
വിദേശികളെയടക്കം ആകർഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണു കേരളത്തിന്റെ നയാഗ്രയെന്ന് അറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം.
മഴ ശക്തമാകുന്ന കാലങ്ങളിലാണ് ഇവിടെ വെള്ളച്ചാട്ടം മായക്കാഴ്ചകൾ ഒരുക്കുന്നതെങ്കിലും വേനലിലും ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്.

പശ്ചിമഘട്ട മലനിരകളിൽനിന്നു ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയുടെ ഭാഗമായ അതിരപ്പിള്ളി ഷോളയാർ വനമേഖലയുടെ കവാടം കൂടിയാണ്.
പുള്ള്
തിരക്കേറിയ നഗരജീവിതത്തിൽനിന്നു പ്രകൃതിയുടെ ശാന്തമായ പുതിയൊരു ലോകം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് പുള്ള്.
നോക്കെത്താദൂരം പരന്നുകിടക്കുന്ന കോൾപ്പാടങ്ങൾക്ക് നടുവിലൂടെ ഇളംകാറ്റേറ്റ് ഇരുവശങ്ങളിലും പച്ചപ്പും നിറഞ്ഞൊഴുകുന്ന തോടും താമരപ്പാടവും കണ്ടും കുട്ടവഞ്ചി യാത്രനടത്തിയും ഭക്ഷണം കഴിച്ചും മടങ്ങാൻ പറ്റിയ ഇടമാണിത്.
പ്രഭാതകാഴ്ചയും വൈകുന്നേരത്തെ അസ്തമയവും പറഞ്ഞറിയിക്കാനാവില്ല.
മലക്കപ്പാറ
അതിരപ്പിള്ളിയും വാഴച്ചാലും കണ്ടു തിരികെ മടങ്ങുംമുൻപ് സന്ദർശകർക്ക് കണ്ണിനു കുളിരേകുന്ന മറ്റൊരു ഇടമാണ് മാലാഖപ്പാറ എന്ന പേരിൽ അറിയപ്പെടുന്ന മലക്കപ്പാറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് പ്രദേശത്തിന്റെ ശരാശരി ഉയരം.
തേയിലത്തോട്ടങ്ങൾ കൊണ്ടും സമൃദ്ധമായ ഇവിടം ആന, മ്ലാവ്, വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങൾ എന്നിവയെയും കാണാൻ സാധിക്കും.
ഈ യാത്രയിൽ തന്നെ ലോവർ ഷോളയാർ ഡാമും കാണാം. വാഴച്ചാൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെയും കീഴിലാണു പ്രദേശം.