സഞ്ചാരികളെ... കാരികാട് ടോപ്പില്‍ ഗ്ലാസ് ടവറും പാര്‍ക്കും വരുന്നു
Saturday, April 26, 2025 5:18 PM IST
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയില്‍ തീക്കോയി കാരികാട് ടോപ്പില്‍ ഗ്ലാസ് ടവര്‍ വരുന്നു. മൂന്നാറിലും വാഗമണിലും പാര്‍ക്ക് ഉള്‍പ്പെടെ നടത്തുന്ന ഗ്രീന്‍ വോക്ക് എന്ന സ്വകാര്യ സംരംഭമാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗ്ലാസ് ടവറും പാര്‍ക്കും ഒരുക്കുന്നത്.
25 അടി ഉയരമുള്ള ഗ്ലാസ് ടവറില്‍ ഒരേ സമയം 100 പേര്‍ക്ക് കയറി നില്ക്കാം. ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങള്‍ കയറിവരുന്നതും താഴ്വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ കാണാം.
മനസിനും ശരീരത്തിനും കുളിരേകി കാറ്റില്‍ പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാര്‍ക്ക് നവ്യാനുഭൂതി പകരും. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളും കൊച്ചി റിഫൈനറിയും ഇവിടെ നിന്നാല്‍ കാണം.
ഇതു കൂടാതെ ഫെറാറി വീല്‍, നാലു പേരുള്‍പ്പെടുന്ന ഒരു ഫാമിലിക്ക് പോകാന്‍ പറ്റുന്ന രീതിയിലുള്ള റോപ് റൈഡര്‍ കാര്‍, സെല്‍ഫി, ഫോട്ടോ പോയിന്റുകള്‍, വിവിധ റൈഡുകള്‍ ഉള്‍പ്പെടുത്തിയുള്ള കുട്ടികളുടെ പാര്‍ക്ക്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സമുച്ചയം, കോഫിസ്നാക്സ് പാര്‍ലര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോജക്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓണത്തോടെ പാര്‍ക്കും ടവറും പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കാരികാട് ടോപ്പില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തീക്കോയി പഞ്ചായത്ത് നല്കിയ സ്ഥലത്ത് എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് വാച്ച് ടവര്‍ നിര്‍മിച്ചത്.
അടുത്തനാളില്‍ 10 ലക്ഷം രൂപ കൂടി ടൂറിസം വകുപ്പ് നിര്‍മാണ പരവര്ത്തനങ്ങള്ക്കായി അനുവദിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി ഡിടിപിസിയെ വാച്ച് ടവര്‍ ഏല്‍പ്പിക്കാനാണ് പദ്ധതി.
വാഗമണ്‍ യാത്രയില്‍ യാത്രക്കാര്‍ കാഴ്ചകള്‍ കാണുന്നതിനും കാപ്പി കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമാണ് കാരികാട് ടോപ്പ്.