പൂവാർ ദ്വീപിൽ പോകാം...
Monday, June 30, 2025 12:47 PM IST
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം: തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.