അമേരിക്കൻ സാഹിത്യകാരനായ വാഷിംഗ്ടൺ എർവിംഗിന്റെ (1783-1859) പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ഡെവിൾ ആൻഡ് ടോം വാക്കർ. അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്ത് 1727ലാണ് കഥ തുടങ്ങുന്നത്. കഥാനായകനായ ടോം വാക്കർ അറു പിശുക്കനാണ്. അയാളുടെ ഭാര്യയാകട്ടെ വാക്കറെ കടത്തിവെട്ടുന്ന അറു പിശുക്കിയും. രണ്ടുപേർക്കും ജീവിതത്തിൽ ഒരു ആഗ്രഹം മാത്രമേയുള്ളൂ - ആവോളം പണം സന്പാദിക്കുക.
അങ്ങനെയിരിക്കുന്പോഴാണ് ഒരു ദിവസം ഒരു ചതുപ്പു പ്രദേശത്തുവച്ച് വാക്കർ പിശാചിനെ കണ്ടുമുട്ടുന്നത്. വാക്കർ ഒരു ദുരാഗ്രഹിയും അത്യാഗ്രഹിയുമാണെന്ന് അറിയാമായിരുന്ന പിശാച് താൻ ഒരു നിധി സൂക്ഷിക്കുന്ന കാര്യം വാക്കറെ അറിയിച്ചു. ആ നിധി വാക്കർക്കു നൽകാൻ തയാറായിരുന്നു പിശാച്. എന്നാൽ, അതിനു ചില നിബന്ധനകളുണ്ടായിരുന്നു. അതിലൊന്ന്, വാക്കർ തന്റെ ആത്മാവിനെ പിശാചിനു നൽകണമെന്നുള്ളതായിരുന്നു.
ഒരു തീരുമാനമെടുക്കാൻ വാക്കർക്ക് അപ്പോൾ കഴിഞ്ഞില്ല. അയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യയോട് വിവരം പറഞ്ഞു. തന്റെ ആത്മാവ് മാത്രമല്ല പിശാച് ചോദിക്കുന്നതെന്തും കൊടുക്കാൻ ആ സ്ത്രീ തയാറായിരുന്നു. അങ്ങനെയാണ് അടുത്തദിവസം ആ നിധി തനിക്കു മാത്രമായി സന്പാദിക്കാൻ ആ സ്ത്രീ പിശാചിന്റെ വാസസ്ഥലമായിരുന്ന ചതുപ്പുപ്രദേശത്തേക്കു പോയത്.
എന്നാൽ, ആ സ്ത്രീ വീട്ടിൽ മടങ്ങിയെത്തിയില്ല. പിശാച് ആ സ്ത്രീയെ എവിടേക്കോ കൊണ്ടുപോയത്രേ. പിന്നീട്, വാക്കർ പിശാചിനെ വീണ്ടും കണ്ടുമുട്ടുകയും പിശാച് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിച്ച് നിധി കൈക്കലാക്കുകയും ചെയ്തു. ആ നിബന്ധനകളിലൊന്ന്, നിധി ഉപയോഗിച്ച് വാക്കർ അമിത പലിശയ്ക്കു പണം കടംകൊടുത്തു ലാഭമുണ്ടാക്കണമെന്നുള്ളതായിരുന്നു. വാക്കറിന് ഏറെ ഇഷ്ടപ്പെട്ട ഒരു നിബന്ധനയായിരുന്നു ഇത്.
പിശാച് നൽകിയ നിധി ഉപയോഗിച്ച് പണം അമിതപലിശയ്ക്ക് കൊടം കൊടുത്തു വാക്കർ വലിയ ധനവാനായി. എന്നാൽ, പിശാചിൽനിന്നു മോചനം നേടാമെന്നുള്ള പ്രതീക്ഷയിൽ വാക്കർ തന്റെ അവസാനകാലത്തു പള്ളിയിൽ സ്ഥിരമായി പോകാൻ തുടങ്ങി. പക്ഷേ, അയാൾക്കു മാനസാന്തരപ്പെടാൻ അവസരം നൽകാതെ പിശാച് വന്ന് അയാളെ തട്ടിക്കൊണ്ടുപോകുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
വാക്കർക്കു സംഭവിച്ചത്
വാക്കറിന്റെ കാര്യത്തിൽ എന്താണു സംഭവിച്ചത്? ദൈവം അയാൾക്ക് നൽകിയ സമയവും ആയുസും ജീവിതത്തിലെ അതിസുപ്രധാനമായ കാര്യം മറന്നു ധനസന്പാദനത്തിനു വേണ്ടി മാത്രമായി അയാൾ ചെലവഴിച്ചു. ഈലോക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നത് അയാൾ മറന്നു. അവസാനം അതേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു ഫലം? എന്ന് ദൈവപുത്രനായ ഈശോ ചോദിച്ച ചോദ്യം വാക്കർ വിസ്മരിച്ചുപോയിരുന്നു.
2024 ഡിസംബർ 31ന് അർധരാത്രിക്കു പന്ത്രണ്ടു മണി അടിക്കുന്പോൾ നാം പുതിയൊരു വർഷത്തിലേക്കു കടക്കും. എന്തായിരിക്കും പുതിയ വർഷത്തിൽ നമുക്കെല്ലാവർക്കും ഒരുപോലെ ലഭിക്കുന്ന ദൈവത്തിന്റെ ദാനം? ആ ദാനം സമയമാണ്. എന്നാൽ, ദൈവം നമുക്കു നൽകുന്ന സമയത്തിന്റെ ദൈർഘ്യം എത്രയായിരിക്കും എന്നറിയാൻ ഒരു മാർഗവുമില്ല. ചിലരെ സംബന്ധിച്ചിടത്തോളം അത് ഒരു നിമിഷം മാത്രമേ നീണ്ടുനിൽക്കൂ എന്നുവരാം. എന്നാൽ, മറ്റ് അനേകരെ സംബന്ധിച്ചിടത്തോളം പുതുവർഷം മുഴുവനും അതിനപ്പുറവുമായിരിക്കും.
നമുക്കു ലഭിക്കുന്ന സമയത്തിനു വ്യത്യാസമുണ്ടെങ്കിലും നമുക്കു ലഭ്യമായ സമയം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അമേരിക്കൻ കവിയായിരുന്ന കാൾ സാൻഡ് ബർഗ് (1878-1967) ഇപ്രകാരം എഴുതി: ""സമയമാണ് നിന്റെ ജീവിതത്തിന്റെ നാണയം. നിനക്കുള്ള ഏക നാണയമാണത്. ആ നാണയം എങ്ങനെ വിനിയോഗിക്കണമെന്ന് നിനക്കു മാത്രമേ തീരുമാനിക്കാനാകൂ.''
ടോം വാക്കർ തന്റെ നാണയം മുഴുവൻ ധനസന്പാദനത്തിനു ചെലവഴിച്ചു. അത് അയാളുടെ നാശത്തിലേക്കു വഴിതെളിക്കുകയും ചെയ്തു. ക്രിസ്തു പറയുന്നു: ""ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുന്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുന്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെയായിരിക്കുന്നുവോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.'' (മത്താ 6:19-21).
എവിടെയാണ് ഹൃദയം
എവിടെയാണ് നമ്മുടെ ഹൃദയം? എവിടെയാണ് നിക്ഷേപം? നാം പുതുവർഷത്തിലേക്കു പ്രവേശിക്കുന്പോൾ നമ്മുടെ ചിന്തകൾ ഭൗതിക ധനസന്പാദനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരിക്കരുത്. അവ ആധ്യാത്മിക ധനസന്പാദനത്തിൽക്കൂടി ഏറെ ശ്രദ്ധവയ്ക്കുന്നതായിരിക്കണം. എങ്ങനെയാണ് ആധ്യാത്മിക ധനസന്പാദനം സാധ്യമാകുക? അതിനു പ്രാർഥനയിലൂടെ ദൈവവുമായി ദൃഢമായ ഒരു ബന്ധം ഉണ്ടാകണം. ആ ബന്ധം കൂടുതൽ ഫലപ്രദമാക്കാൻ ദിവസവും ദൈവവചനം വായിച്ച് അതു ജീവിതത്തിൽ പ്രാവർത്തികമാക്കണം.അങ്ങനെ ചെയ്യുന്പോഴാണ് നാം സഹോദരസ്നേഹവും കരുണയും ഉദാരമനസ്കതയും ക്ഷമയും ദീനാനുകന്പയുമൊക്കെ ഉള്ളവരായി മാറുന്നത്. അതുവഴി സാധിക്കുന്നതാകട്ടെ അറിയാതെയുള്ള ആധ്യാത്മിക ധനസന്പാദനവും.
ടോം വാക്കറുടെ കഥ വായിച്ചപ്പോൾ ചിലരെങ്കിലും ജർമൻ സാഹിത്യകാരനായ റെയ്ഥെയുടെ ഫോസ്റ്റസിന്റെ കഥ ഓർമിച്ചുകാണും. രണ്ടു ഭാഗമായി എഴുതപ്പെട്ട ഈ നാടകത്തിലെ പ്രധാന കഥാപാത്രം ഫോസ്റ്റസ് ആണ്. ഫെസ്റ്റസും പിശാചുമായി ഒരു ഉടന്പടിയുണ്ടാക്കി. എന്നാൽ, വാക്കറെപ്പോലെ ധനസന്പാദനമായിരുന്നില്ല അയാളുടെ ലക്ഷ്യം. അയാൾക്കുവേണ്ടിയിരുന്നത് അനന്തമായ അറിവും കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശക്തിയുമൊക്കെയായിരുന്നു. അയാളും തന്റെ ആത്മാവിനെ പിശാചിനു തീറെഴുതിക്കൊടുത്തിട്ടാണ് ഇതൊക്കെ നേടിയെടുത്തത്.
എന്നാൽ, വാക്കറുടെ കഥ അവസാനിക്കുന്നത് അയാളുടെ ആത്മാവിനെ നഷ്ടപ്പെടുത്തിക്കൊണ്ടാണെങ്കിൽ ഫോസ്റ്റസിന്റെ കാര്യത്തിൽ അയാൾക്ക് പശ്ചാത്തപിക്കാനും പിശാചിന്റെ പിടിയിൽനിന്നു മോചിതനാകാനും സാധിക്കുന്നുണ്ട്. അതു സാധിക്കുന്നതാകട്ടെ ദൈവകരുണയുടെ കുടക്കീഴിലും.
നാമാരെങ്കിലും ആധ്യാത്മിക ധനസന്പാദനം മറന്നു ഭൗതികസന്പത്തിന്റെയും ലോകസുഖങ്ങളുടെയുമൊക്കെ പിന്നാലെ പോകുന്നവരാണെങ്കിൽ അതിൽനിന്നു മോചനം നേടാനാകുമെന്നു ഫോസ്റ്റസിന്റെ കഥ നമ്മെ അനുസ്മരിപ്പിക്കുന്നു. ആ മോചനത്തിനുള്ള വഴിയാകട്ടെ പശ്ചാത്താപവും പ്രായശ്ചിത്തവും.
നവവർഷത്തിലേക്കു നാം കടക്കുന്പോൾ നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ വീഴ്ചകളെക്കുറിച്ച് പശ്ചാത്തപിച്ച് ദൈവത്തോടു നമുക്കു മാപ്പിരക്കാം. അതോടൊപ്പം ദൈവത്തോടൊപ്പം നടന്നുകൊണ്ട് ആധ്യാത്മിക ധനസന്പാദനത്തിനു നമുക്കു ഊന്നൽ നൽകാം. അപ്പോൾ, നമുക്കു ലഭിച്ചിരിക്കുന്ന സമയം എന്ന നാണയം നന്നായി ചെലവഴിക്കുന്നവരായി മാറും. എല്ലാവർക്കും നവവത്സരത്തിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ