മതവിശ്വാസത്തിലും ധാർമികതയിലും ഊന്നിനിന്നുകൊണ്ട് നിരവധി ചെറുകഥകളും നോവലുകളും രചിച്ച അമേരിക്കൻ സാഹിത്യകാരനാണ് നത്താനിയേൽ ഹോത്തോൺ (1804-1864). അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് ദ ക്രിസ്മസ് ബാക്വറ്റ്. ഈ കഥയുടെ ഇതിവൃത്തം ചുരുക്കത്തിൽ ഇങ്ങനെ.
അറുപിശുക്കനായിരുന്ന ഒരു ധനവാൻ. അയാളുടെ മരണപത്രത്തിൽ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം എല്ലാ വർഷവും ക്രിസ്മസിന്റെ അവസരത്തിൽ പത്തു പേർക്ക് ഒരു വിരുന്നു നൽകണമെന്നുള്ളതാണ്. അങ്ങനെ ക്ഷണിക്കേണ്ടതു സമൂഹത്തിൽ ഏറ്റവും അസന്തുഷ്ടരായി കഴിയുന്ന പത്തു പേരെയും. ഇതിനുവേണ്ടി രണ്ടു ട്രസ്റ്റിമാരെ അയാൾ നിയമിക്കുകയും ചെയ്തിരുന്നു.
പത്ത് അസന്തുഷ്ടർ
ഒരു ക്രിസ്മസ് വിരുന്നിനു ട്രസ്റ്റിമാർ ക്ഷണിച്ച പത്തു പേർ ആരെന്നറിയേണ്ടേ? അവരിൽ ഒന്നാമത്തെയാൾ ഒരു ഹിപ്പോകോൺഡ്രിയാക്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു സന്തോഷവും മനഃസമാധാനവും നഷ്ടപ്പെട്ട ആൾ. രണ്ടാമത്തെയാൾ പ്രായം വർധിച്ചപ്പോഴേക്കും സൗന്ദര്യം നഷ്ടപ്പെട്ടെന്നു വിചാരിച്ച് ആധിപൂണ്ട ഒരു സ്ത്രീ. മൂന്നാമൻ വിശ്വാസം നഷ്ടപ്പെട്ട് ജീവിതവുമായി ബന്ധമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു ഫിലോസഫർ.
നാലാമത്തെയാൾ ഒരു ഭോജനപ്രിയൻ. എത്ര മാത്രം ഇഷ്ടാഹാരം കഴിച്ചിട്ടും തൃപ്തിവരാത്തവൻ. ബിസിനസിൽ തകർച്ച മൂലം അതേക്കുറിച്ചു നിരന്തരം വിലപിച്ച് പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്തയാളാണ് അഞ്ചാമൻ. ആറാമത്തേതാകട്ടെ വിവാഹം കഴിക്കാതെ അസംതൃപ്തയായി കഴിയുന്ന ഒരു സ്ത്രീ.
മറ്റുള്ളവരുടെ ജീവിതവിജയത്തെക്കുറിച്ചു നിരന്തരം അസൂയപൂണ്ട് ജീവിക്കുന്നയാളാണ് ഏഴാമത്തേത്. എട്ടാമനാകട്ടെ വലിയൊരു കുറ്റം ചെയ്തിട്ട് അതു ഏറ്റുപറയാതെ മനഃസമാധാനം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുവൻ. ഒന്പതാമൻ ഒരു ജീനിയസാണ്. എന്നാൽ, അയാളെ ആരും അംഗീകരിക്കുന്നില്ലെന്നു ധരിച്ചു നിരന്തരം വിലപിക്കുന്നു. പത്താമൻ ഒരു ബാലനാണ്. അജ്ഞാത കാരണത്താൽ അവനും ഒരിക്കലും സന്തോഷമില്ല.
ഈ പത്തുപേർക്കു വേണ്ടിയായിരുന്നു ക്രിസ്മസ് ഡിന്നർ ഒരുക്കിയിരുന്നത്. ഡിന്നറിനുണ്ടായിരുന്നതാകട്ടെ അതിവിശിഷ്ടമായ വിഭവങ്ങളായിരുന്നു. എന്നാൽ, ആ വിരുന്നിനെത്തിയവർ അവ ഭക്ഷിച്ചു സംതൃപ്തരും സന്തോഷമുള്ളവരുമായോ? ഇല്ലേയില്ല. അതിരുചികരമായ ഭക്ഷണം വിളന്പിയിട്ടും അതിലൊന്നിലുമായിരുന്നില്ല അവരുടെ ശ്രദ്ധ.
അപ്പോഴും തങ്ങളുടെ ദഃഖദുരിതങ്ങളെക്കുറിച്ചു മാത്രം അയവിറക്കി സ്വയം വിലപിക്കുന്ന അവസ്ഥയിലായിരുന്നു അവർ. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനോ അവരുമായി സൗഹൃദ സംഭാഷണവും നടത്താനോ പോലും ആരും തയാറായതുമില്ല.
കഥയിലെ കാര്യം
എന്താണ് ഈ കഥ നൽകുന്ന സന്ദേശം. ക്രിസ്മസ് അടിപൊളിയായി ആഘോഷിക്കുന്നതു നല്ലതാണ്. എന്നാൽ, അതുകൊണ്ടു മാത്രമൊന്നും നമുക്കു ശരിയായ സന്തോഷവും സമാധാനവും ലഭിക്കില്ല. അവ നമുക്കു ലഭിക്കണമെങ്കിൽ സമാധാനവും ശാന്തിയും നമുക്കു നൽകാനായി ഈ ഭൂമിയിൽ ജാതനായ ദൈവപുത്രനായ ഈശോയെ നാം അന്വേഷിക്കണം. ദൈവത്തിനായി ഹൃദയങ്ങൾ തുറക്കണം.
അപ്പോൾ നമ്മുടെ ഏതു ദുഃഖവും അലിഞ്ഞ് ഇല്ലാതാകും. ഏതു പ്രതിസന്ധിയെയും നേരിടാനുള്ള മനോധൈര്യം ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ബ്രിട്ടീഷ് ആധ്യാത്മിക ചിന്തകനും എഴുത്തുകാരനുമായിരുന്ന സി.എസ്. ലൂവിസ് ഇപ്രകാരം എഴുതുന്നു. നീ നിന്റെ കാര്യം മാത്രം അന്വേഷിച്ചാൽ നീ കണ്ടെത്താൻ പോകുന്നത് വിദ്വേഷവും ഏകാന്തതയും നിരാശയും ദേഷ്യവും അധഃപതനവും നാശവും മാത്രമായിരിക്കും.
എന്നാൽ, യേശുവിനെ അന്വേഷിക്കു. അപ്പോൾ, നീ അവിടത്തെ കണ്ടെത്തും. അതോടൊപ്പം അവിടന്നു നൽകുന്നവ എല്ലാം.എന്തൊക്കെയാണ് അവിടന്നു നൽകുന്നവ? നമുക്കുവേണ്ടി മനുഷ്യനായി അവതരിച്ച യേശു പറയുന്നു. നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരിക. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ 11: 28).
അവിടുത്തെ പക്കലെത്തിയാൽ ആശ്വസിപ്പിക്കപ്പെടുമെന്നതിൽ രണ്ടു പക്ഷമില്ല. അതു മാത്രമോ. അവിടുന്നു നമുക്കു ജീവൻ നൽകുകയും അതു സമൃദ്ധമായി നൽകുകയും ചെയ്യും (യോഹ 10:10).വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നതു ശ്രദ്ധിക്കുക. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളിലൂടെയും നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ.
അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും (ഫിലിപ്പി 4:7).മുകളിലെ കഥയിലുള്ളവർ ക്രിസ്മസ് ആഘോഷിച്ചു. എന്നാൽ, ആ ആഘോഷം സംഘടിപ്പിച്ചവരും പങ്കെടുത്തവരും ക്രിസ്മസ് ആഘോഷത്തിനു കാരണഭൂതനായ യേശുവിനെ അനുസ്മരിച്ചില്ല.
സ്നേഹിക്കാനും കുറ്റങ്ങൾ ക്ഷമിക്കാനും മറക്കാനും പരസ്പരം സഹായിക്കാനും ദൈവത്തിൽ എപ്പോഴും ആശ്രയിക്കാനുള്ള അവിടത്തെ പഠനങ്ങൾ അവർ വിസ്മരിച്ചു. അതായിരുന്നു അവരുടെ ക്രിസ്മസ് ആഘോഷം വിഫലമാകാൻ കാരണം. ക്രിസ്തു പകർന്നത് ഒാർക്കാനും പിന്തുടരാനും കഴിയുന്നില്ലെങ്കിൽ നമ്മുടെ ആഘോഷങ്ങളും വ്യർഥമാകും.
ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ ദൈവം നമുക്കു സമീപസ്ഥനായിരിക്കുന്നു (ഫിലിപ്പി 5:6). നമുക്കു സന്തോഷിക്കാം. ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. ഹൃദയവും മനസും തുറക്കാം. ദൈവത്തെ നമ്മുടെ ലോകത്തിലേക്ക് വരവേൽക്കാം. ആ ആഗമനത്തിന്റെ വാർത്ത നിരന്തരം ഉദ്ഘോഷിക്കാം. അവിടത്തെ ദിവ്യനക്ഷത്രം തെളിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കാം. അപ്പോൾ നമ്മുടെ ജീവിതം സന്തോഷവും സമാധാനവുംകൊണ്ട് നിറയും. എല്ലാവർക്കും ക്രിസ്മസ് മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ