2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ട ഒരു ധീരവനിതയാണ് ഐറീന സെൻഡ്ലർ. എങ്കിലും, നൊബേൽ സമ്മാനം അവർക്കു ലഭിച്ചില്ല. പിറ്റേവർഷം 98-ാം വയസിൽ അവർ അന്തരിച്ചു. എന്തുകൊണ്ടാണ് ഇത്ര വൈകി ഐറീനയുടെ പേര് നൊബേലിനു നിർദേശിക്കപ്പെട്ടത്? അതൊരു നീണ്ടകഥയാണ്, ചുരുക്കി പറയാം 1910ൽ പോളണ്ടിലാണ് ഐറീന ജനിച്ചത്. ഡോക്ടർ സ്റ്റനിസ്ലാവ് ക്രൈസനോവ്സ്കി ആയിരുന്നു ഐറീനയുടെ പിതാവ്. അക്കാലത്തു നിഷേധാത്മക സമീപനമാണ് പോളണ്ടിലെ യഹൂദരോടു പലരും പുലർത്തിയിരുന്നത്. എന്നാൽ, യഹൂദരെ സഹായിക്കുന്ന സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മനുഷ്യരെ തരംതിരിക്കേണ്ടത് അവരുടെ നിരവധിയായ നന്മപ്രവൃത്തികൾ കൊണ്ടായിരിക്കണമെന്നും മതത്തിന്റെയോ വർണത്തിന്റെയോ ധനത്തിന്റെയോ പേരിലായിരിക്കരുതെന്നും അദ്ദേഹം ഐറീനയെ പഠിപ്പിച്ചു.
സാധുക്കളായ രോഗികളെ ചികിത്സിക്കുന്പോൾ കഠിനമായ പകർച്ചപ്പനി പിടിപെട്ട് ഡോ. സ്റ്റനിസ്ലാവ് മരിക്കുന്പോൾ ഐറീനയ്ക്ക് ഏഴു വയസ് പ്രായമേ ഉണ്ടായിരുന്നുള്ളെങ്കിലും അപ്പോഴേക്കും ഏറെ നല്ല കാര്യങ്ങൾ അവൾ പിതാവിൽനിന്നു പഠിച്ചിരുന്നു. ബിരുദം സന്പാദിച്ച ശേഷം സോഷ്യൽ വർക്കറായിട്ടാണ് ഐറീന ജോലിചെയ്തത്.
ജീവൻ പണയപ്പെടുത്തി
വാഴ്സോ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ ജോലി തുടങ്ങിയ ഐറീന അതിവേഗം പാവപ്പെട്ടവരുടെ നീറുന്ന പ്രശ്നങ്ങൾ നേരിൽ കാണാനിടയായി. ഈ കാലഘട്ടത്തിലാണ് രണ്ടാം ലോകമഹായുദ്ധം തുടങ്ങിയത്. പോളണ്ട് ആക്രമിച്ചു കീഴടക്കിയ നാസികൾ ആദ്യം ചെയ്തത് വാഴ്സോയിലെ യഹൂദരെ ഒരു കോളനിയിലേക്കു മാറ്റുകയായിരുന്നു. ദുരിതപൂർണമായിരുന്നു അവരുടെ അവിടത്തെ ജീവിതം.
ഈ അവസരത്തിൽ യഹൂദരെ ഒളിവിൽ സഹായിച്ചിരുന്ന സെഗോട്ട എന്ന സംഘടനയുടെ സഹായത്തോടെ ഐറീന ആ കോളനിയിലെ സാനിറ്റേഷൻ വർക്കറായി ജോലി സന്പാദിച്ചു. അവിടെ കാണാനിടയായ മനുഷ്യദുരന്തം ഐറീനയുടെ ഹൃദയം തകർത്തു. യഹൂദരായതിന്റെ പേരിൽ മാത്രം അവിടെയുണ്ടായിരുന്ന മനുഷ്യരെ ഗ്യാസ് ചേംബറുകളിൽ കൂട്ടക്കുരുതിക്ക് അയയ്ക്കാൻ തുടങ്ങിയപ്പോൾ നാസികൾ അറിയാതെ അവിടെയുണ്ടായിരുന്ന ബാലികാ ബാലന്മാരെ പല രീതിയിൽ ഐറീന ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയി രക്ഷപ്പെടുത്തി.
2500ലേറെ കുട്ടികളാണ് ഐറീനയുടെയും സഹായികളുടെയും പരിശ്രമഫലമായി ആ കോളനിയിൽനിന്നു രക്ഷപ്പെട്ടത്. എന്നാൽ, ഒരാൾ ഒറ്റിക്കൊടുത്തതിന്റെ ഫലമായി, നാസികൾ ഐറീനയെ അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാൻ ഏറെ പരിശ്രമിച്ചു. എന്നാൽ, ഐറീന വഴങ്ങിയില്ല. തന്മൂലം, നാസികൾ ഐറീനയെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ, ഒരു ജയിൽ കാവൽക്കാരനു കൈക്കൂലി നൽകി വധശിക്ഷ നടപ്പാക്കുന്നതിനു മുന്പ് ഐറീന അവിടെനിന്നു രക്ഷപ്പെട്ടു.
യുദ്ധം കഴിഞ്ഞ ശേഷം ഐറീന സോഷ്യൽ വർക്കറായി സേവനം തുടർന്നു. എന്നാൽ, അക്കാലത്ത് അധികമാർക്കും ഐറീനയുടെ സേവനത്തെക്കുറിച്ച് അറിയില്ലായിരുന്നു. 1960കളിലാണ് ഐറീനയുടെ കഥ അറിയപ്പെടാൻ തുടങ്ങിയത്. 1965ൽ ഇസ്രയേൽ സർക്കാർ ഐറീനയെ പ്രത്യേകമായി ആദരിച്ചു. അതേത്തുടർന്ന് ഐറീനയുടെ സേവനങ്ങൾ കൂടുതൽ പ്രസിദ്ധമായി. അതിന്റെ ഫലമായിട്ടാണ്, 2007ൽ ഐറീനയുടെ പേര് നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ടത്.
എന്തായിരുന്നു ഐറീനയ്ക്കു പിൽക്കാലത്ത് ഇത്രമാത്രം ആദരവ് നേടിക്കൊടുത്തത്? അതു പീഡിതരായ ഒരു ജനസമൂഹത്തിന്റെ കണ്ണീർ തുടയ്ക്കാൻ ഐറീനയ്ക്കു സാധിച്ചു എന്നതുതന്നെ. യഹൂദർ ക്രൂശിക്കപ്പെടുന്നതു കണ്ടപ്പോൾ മറ്റു പലരും കണ്ണടയ്ക്കുകയാണ് ചെയ്തത്. എന്നാൽ, ഐറീന അതു ചെയ്തില്ല. അതുപോലെതന്നെ, ഒരാൾക്കുതന്നെ എന്തു ചെയ്യാൻ കഴിയും എന്ന നിസഹായ മനോഭാവവും ഈ ധീര വനിതയ്ക്കുണ്ടായില്ല. അതിനു പകരം, തനിക്ക് ഏറെ ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസവും തന്റേടവും ഐറീനയ്ക്കുണ്ടായിരുന്നു. അതായിരുന്നു ഐറീനയെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തയാക്കിയത്.
വാഴ്സോ കോളനിയിൽനിന്നുയർന്ന ദീനരോദനംപോലെ, നമ്മുടെ ചുറ്റിലുംനിന്ന് ഏതെല്ലാം രീതിയിലാണ് ദീനരോദനം ഉയരുന്നത്? ചിലപ്പോൾ അവയ്ക്കു സ്വരം പോലും ഉണ്ടാവില്ല. പട്ടിണിയും രോഗവും സാന്പത്തിക ബാധ്യതകളും കടക്കെണിയും വ്യക്തിബന്ധങ്ങളിലെയും കുടുംബബന്ധങ്ങളിലെ തകർച്ചയും ഏകാന്തതയുമൊക്കെയാകാം നാം കേൾക്കുന്ന ദീനരോദനങ്ങൾ. കാരണങ്ങൾ എന്തുമാകട്ടെ, അവരുടെയൊക്കെ കണ്ണീർ ഏതെങ്കിലും രീതിയിൽ നമുക്കു തുടയ്ക്കാൻ സാധിക്കുമോ അല്ലെങ്കിൽ അതിനു നമുക്കു മനസുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം. ഒന്നും സാധിച്ചില്ലെങ്കിലും നാം മൂലം അവരുടെ ദുഃഖം വർധിപ്പിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കാനാവുമോ?
ചെറിയ കാര്യങ്ങൾ
മദർ തെരേസയുടെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഉണ്ട്: ""നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നുവരില്ല. എന്നാൽ, നമുക്കെല്ലാവർക്കും ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ സാധിക്കും.'' ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ അനുദിനം ചെയ്യുകയാണെങ്കിൽ അതുവഴി നാം കണ്ണീരൊപ്പുന്നവരുടെ സംഖ്യ നമ്മെ അതിശയിപ്പിക്കുകതന്നെ ചെയ്യും.
""ഒരാളെ രക്ഷപ്പെടുത്താൻ നമുക്കു സാധിച്ചാൽ ലോകം മുഴുവൻ രക്ഷപ്പെടുത്തിയതു പോലെയാണ്'' എന്ന ഒരു യഹൂദ പഴമൊഴിയുണ്ട്. ഒരാളെ രക്ഷപ്പെടുത്തിയതുകൊണ്ട് ലോകം മുഴുവൻ രക്ഷപ്പെടുത്താൻ സാധിക്കുകയില്ല എന്നു നാം പറഞ്ഞേക്കാം. എന്നാൽ, അതുവഴി ആ ഒരു വ്യക്തിയുടെ ലോകം മുഴുവൻ നാം രക്ഷപ്പെടുത്തുകയല്ലേ ചെയ്യുന്നത്? അതെ, മറ്റുള്ളവരുടെ കണ്ണീർ ഒപ്പുന്നതു ലോകത്തിന്റെതന്നെ കണ്ണീർ ഒപ്പുന്നതിനു തുല്യമാണ്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ