നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗങ്ങളോടൊപ്പമാണു കഴിക്കുന്നതെങ്കിൽ നമ്മുടെ ഹൃദയവും മനസും സന്തോഷപൂരിതമാകും. നമ്മുടെ ആത്മാവിനും പുതുഊർജം നൽകും. തന്മൂലം ഭക്ഷണം കഴിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർഥിക്കുന്നതു ജീവിതക്രമത്തിന്റെ ഭാഗമായി മാറണം.
ഒരു ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ഉൾപ്പെടെ ആറു ഗ്രന്ഥങ്ങളുടെ കർത്താവാണ് ഗ്രെഗ് ആൻഡേഴ്സൺ. "ലിവിംഗ് ലൈഫ് ഓൺ പർപ്പസ്' എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്ന ഒരു കഥ. ഒരു മനുഷ്യന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. തുടർന്ന് അയാൾ മാനസികമായി പാടേ തകർന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. മറ്റുള്ളവരിലുള്ള വിശ്വാസവും നഷ്ടമായി. അതോടൊപ്പം ദൈവവിശ്വാസവും ശോഷിച്ചു.
മഴ ചാറിക്കൊണ്ടിരുന്ന ഒരു ദിവസം അയാൾ പ്രഭാതഭക്ഷണം കഴിക്കാൻ ഒരു റസ്റ്ററന്റിൽ എത്തി. അവിടെ പലരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരുംതന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. അയാൾ ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ സ്ഥാനംപിടിച്ചു.
അപ്പോൾ അല്പം അകലെ വെയ്റ്ററസ് ഒരു അമ്മയ്ക്കും മകൾക്കും ഭക്ഷണം എത്തിച്ചു. ഭക്ഷണം ടേബിളിൽ എത്തിയ ഉടൻ അഞ്ചു വയസുള്ള ആ കുഞ്ഞുബാലിക ചോദിച്ചു, ""മമ്മീ, ഇവിടെ നമ്മൾ പ്രാർഥന ചൊല്ലാറില്ലേ?''
""ഉണ്ട് മോളേ. ഞങ്ങൾ ഇവിടെ പ്രാർഥിക്കാറുണ്ട്.'' - വെയ്റ്ററസ് ചാടിപ്പറഞ്ഞു. ""എല്ലാവർക്കുംവേണ്ടി മോൾക്കു പ്രാർഥിക്കാമോ?'' ബാലിക ചുറ്റും നോക്കി. എന്നിട്ട് എല്ലാവരോടും എന്നപോലെ പറഞ്ഞു, ""നിങ്ങൾ തലകുനിക്കൂ'' അപ്പോൾ ഓരോരുത്തരും അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ട് തലകുനിച്ചു. ഉടനെ ആ ബാലിക പ്രാർഥിച്ചു, ""ദൈവം നല്ലവനാണ്. ഞങ്ങൾക്കു നൽകിയിരിക്കുന്ന ഭക്ഷണത്തിനു ദൈവമേ അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. ആമ്മേൻ.'' അപ്പോൾ എല്ലാവരും ആമ്മേൻ പറഞ്ഞു.
മാറുന്ന മനസ്
പെട്ടെന്ന് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മാനസികാവസ്ഥയിൽ വലിയ വ്യത്യാസമുണ്ടായി. അവർ എല്ലാവരും സന്തോഷപൂർവം സംസാരിക്കാൻ തുടങ്ങി. ഭാര്യ നഷ്ടപ്പെട്ടു വിഷമിച്ചിരുന്ന ആൾ പിന്നീടു പറഞ്ഞു, ""ആ പ്രാർഥന കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു മനുഷ്യനായി മാറി. എനിക്കു നഷ്ടപ്പെട്ടവയേക്കാൾ എനിക്കുള്ളവയെക്കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ നന്ദിയോടെ ദൈവത്തിലേക്കു ഞാൻ വീണ്ടും തിരിഞ്ഞു.''
എല്ലാവരുടെയും പേരിൽ ഒരു കൊച്ചുബാലിക ദൈവത്തിനു നൽകിയ നന്ദിപ്രകടനംവഴി എത്രയോ വലിയ മാറ്റമാണ് അവരിൽ സംഭവിച്ചത്. പ്രത്യേകിച്ചു ഭാര്യയെ നഷ്ടപ്പെട്ടതിൽ വിഷാദിച്ചിരുന്ന ആളുടെ കാര്യത്തിൽ. നാം ഓരോരുത്തരും ജീവിതത്തിൽ ഓരോരോ നന്മകൾ അനുഭവിക്കുന്നവരാണ്. ആ നന്മകളാകട്ടെ നമുക്കു ദൈവത്തിന്റെ അനുഗ്രഹത്താലാണ് ലഭിക്കുന്നതും. എന്നാൽ, അവ ഓരോന്നിനെക്കുറിച്ചും നന്ദി പറയുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കാറുണ്ടോ? പ്രത്യേകിച്ച് നമുക്കു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച്.
അനുദിന പ്രാർഥനകൾ ചൊല്ലുന്ന കാര്യത്തിൽ കുടുംബങ്ങളും വ്യക്തികളും ശ്രദ്ധിക്കുന്ന ഒരു മത-സാംസ്കാരിക പശ്ചാത്തലമാണു മലയാളികളായ നമുക്കുള്ളത്. എന്നാൽ, ഭക്ഷണം കഴിക്കുന്നതിനു മുന്പോ പിന്പോ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്ന പതിവ് നമ്മുടെ ഭൂരിപക്ഷം കുടുംബങ്ങളിലുമില്ല. പൊതുസ്ഥലത്തു ഭക്ഷണം കഴിക്കുന്പോഴാണെങ്കിൽ ഇക്കാര്യം ആരുംതന്നെ ഓർമിക്കാറുമില്ല.
എന്നാൽ, ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുന്പ് ഭക്ഷണം നൽകുന്ന ദൈവത്തിനു നാം നന്ദി പറഞ്ഞു പ്രാർഥിക്കേണ്ടതല്ലേ? ദൈവത്തിനു നന്ദി പറഞ്ഞു ഭക്ഷണം കഴിക്കുന്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം നമ്മുടെ നന്ദി ഒതുങ്ങിനിൽക്കില്ല. അപ്പോൾ, ജീവിതത്തിലെ എല്ലാ നന്മകളും നമ്മുടെ മനസിൽ കടന്നുവരും. ജീവിതത്തിലെ വിവിധ ദുഃഖങ്ങൾക്കിടയിൽപോലും നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ നിറയും.
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗങ്ങളോടൊപ്പമാണു കഴിക്കുന്നതെങ്കിൽ നമ്മുടെ ഹൃദയവും മനസും സന്തോഷപൂരിതമാകും. നമ്മുടെ ആത്മാവിനും പുതുഊർജം നൽകും. തന്മൂലം ഭക്ഷണം കഴിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർഥിക്കുന്നതു ജീവിതക്രമത്തിന്റെ ഭാഗമായി മാറണം.
ഭക്ഷണവും പ്രാർഥനയും<\b>
ഭക്ഷണത്തിനു മുന്പ് നാം ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്പോൾ അതു കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കും. സുഹൃത്തുക്കളോടൊപ്പമാണു നമ്മുടെ ഭക്ഷണം എങ്കിൽ അതു നമ്മുടെ സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്തും.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളിലും ദീർഘസമയം നീണ്ടുനിൽക്കുന്ന കുടുംബ പ്രാർഥനയുണ്ട്. അതു നല്ലതുതന്നെ. എന്നാൽ, അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിനു മുന്പ് പ്രാർഥിക്കുന്ന കാര്യത്തിലും നാം ശ്രദ്ധവയ്ക്കണം. സാധിക്കുമെങ്കിൽ ഭക്ഷണം കഴിച്ച ശേഷവും ദൈവത്തിനു നന്ദി പറയണം.
അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ദീർഘസമയം നീണ്ടുനിൽക്കുന്ന കുടുംബ പ്രാർഥന പൊതുവേ കാണാറില്ല. അവരുടെ കുടുംബപ്രാർഥന കൊന്ത ചൊല്ലുന്നതിലും മറ്റുമായി ഒതുങ്ങിനിൽക്കും. ചില കുടുംബങ്ങളിൽ അതുപോലും കണ്ടെന്നുവരില്ല. എന്നാൽ, അവിടെയുള്ള കുടുംബങ്ങളിൽ ഭക്ഷണത്തിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുക സാധാരണമാണ്. നമുക്ക് അനുകരിക്കാവുന്ന നല്ല മാതൃകയാണിത്.
ഭക്ഷണം കഴിക്കുന്നതിനു മുന്പ് യേശു പിതാവായ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്നതു ബൈബിളിൽ നമുക്കു കാണാം. അവിടുന്ന് അപ്പം വർധിപ്പിക്കുന്നതിനു മുന്പ് ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിച്ചിട്ടാണല്ലോ അതു വിതരണം ചെയ്യാൻ ശിഷ്യരെ ഏല്പിച്ചത്. അന്ത്യത്താഴ സമയത്തും യേശു ദൈവത്തിനു നന്ദി പറഞ്ഞു പ്രാർഥിക്കുന്നത് സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. ദൈവത്തിനു കൃതജ്ഞത അർപ്പിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്ന വിശുദ്ധ പൗലോസിന്റെ കഥ ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ എന്ന പുസ്തകത്തിൽ നാം വായിക്കുന്നുണ്ട് (27:33-38).
""എപ്പോഴും എല്ലാറ്റിനുംവേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുവിൻ'' (എഫേസോസ് 5:20) എന്ന പൗലോസ് അപ്പസ്തോലന്റെ പഠനവും അനുസ്മരിക്കുന്നതു നല്ലതാണ്. അതേ, എപ്പോഴും എല്ലാ കാര്യങ്ങൾക്കുംവേണ്ടി നാം ദൈവത്തിനു നന്ദി പറയണം. അങ്ങനെയുള്ള കാര്യങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായിക്കുന്ന ഭക്ഷണം. എപ്പോൾ ഭക്ഷണം കഴിച്ചാലും ദൈവത്തിനു നന്ദി പറയാൻ മറന്നുപോകേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ