ഡൽഹി കൊറേൽ ഓഫ് മെൻ 25-ാം വാർഷികം ആഘോഷിച്ചു
റെജി നെല്ലിക്കുന്നത്ത്
Monday, October 6, 2025 7:07 PM IST
ന്യൂഡൽഹി: ഡൽഹി കൊറേൽ ഓഫ് മെൻ (ഡിസിഎം) 25-ാം വാർഷികം ആഘോഷിച്ചു. രാഷ്ട്രപതി ഭവന് എതിർവശത്തുള്ള റിഡംപ്ഷൻ കത്തീഡ്രലിലാണ് രജത ജൂബിലി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നിലനിൽക്കുന്ന വർത്തമാനകാല സാഹചര്യങ്ങളെക്കുറിച്ച് ഓർമിക്കുന്ന "ഹീൽ ദി വേൾഡ്' എന്ന ആശയമായിരുന്നു രജതജൂബിലിയുടെ തീമായി തെരഞ്ഞെടുത്തിരുന്നത്.
മൈക്കൽ ജാക്സന്റെ പഴയതും നിത്യഹരിതവുമായ രചനയായ ഹീൽ ദി വേൾഡ് പോലുള്ള ഗാനങ്ങളിലൂടെ ഡിസിഎം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. "വീ ഷാൽ ഓവർകം' എന്ന ഗാനത്തിലെ വരികൾ ഉൾക്കൊള്ളുന്ന പീസ് സോംഗ്, ലോകത്തെ സുഖപ്പെടുത്തൂ, നിങ്ങൾക്കും എനിക്കും മുഴുവൻ മനുഷ്യവർഗത്തിനും ഇത് ഒരു മികച്ച സ്ഥലമാക്കൂ, ജീവിച്ചിരിക്കുന്നവരെ നാം വേണ്ടത്ര പരിപാലിക്കേണ്ടതുണ്ട്, നമ്മുടെ ഹൃദയങ്ങളിൽ സമാധാനം, നമ്മുടെ ദേശങ്ങളിൽ സമാധാനം, നിങ്ങൾക്കും എനിക്കും സമാധാനം, ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും സമാധാനം, ഡിസിഎം കൊൺസേർട്ടിനായി തെരഞ്ഞെടുത്ത മനോഹരമായ ഗാനശേഖരത്തിലെ ശക്തവും ആത്മാവിനെ സ്പർശിക്കുന്നതുമായ വരികളായിരുന്നു ശ്രദ്ധേയം.
ആവോ നാഗ ഫെലോഷിപ്പ് പള്ളിയിലെ ഗായക സംഘമായിരുന്നു മറ്റൊരു ആകർഷണം. അവരുടെ ആദിവാസി നാടോടി ഗാനവും ഒരു മാവോറി നാടോടി ഗാനവും ഉൾപ്പെടെ വിവിധ ഗാനങ്ങളുടെ മനോഹരമായ ആലാപനവും പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകി.