ഡിഎംഎയുടെ തിരുവാതിര കളി മത്സരം 24ന്
പി.എൻ. ഷാജി
Friday, August 22, 2025 7:22 AM IST
ന്യൂഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന തിരുവാതിരകളി മത്സരം ഓഗസ്റ്റ് 24 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ സാംസ്കാരിക മന്ത്രാലയത്തിലെ ഡയറക്ടർ അനീഷ് പി രാജൻ, ഐ.ആർ.എസ്. മുഖ്യാതിഥിയായി പങ്കെടുക്കും.
ആശ്രം ശ്രീനിവാസ്പുരി, ബദർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജസോല, കാൽക്കാജി, ലാജ് പത് നഗർ, മഹിപാൽപൂർ കാപ്പസ്ഹേഡാ, മായാപുരി ഹരി നഗർ, മയൂർ വിഹാർ ഫേസ്2, മയൂർ വിഹാർ ഫേസ് 3 ഗാസിപൂർ, മെഹ്റോളി, പാലം മംഗലാപുരി, ആർ കെ പുരം, വസുന്ധര എൻക്ലേവ്, വികാസ്പുരി ഹസ്താൽ, വിനയ് നഗർ കിദ്വായ് നഗർ എന്നീ 17 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 7,500 രൂപയും ട്രോഫികളും നൽകും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് സെപ്റ്റംബർ ആറിനു സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ’ചിങ്ങനിലാവ്’ എന്ന ഓണാഘോഷ പരിപാടിയിൽ തിരുവാതിരകളി അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടാവും.
മത്സരാർത്ഥികൾ അന്നേദിവസം ഉച്ചകഴിഞ്ഞു 2.15ന് അവരുടെ സാന്നിധ്യം അറിയിക്കേണ്ടതാണെന്ന് വൈസ് പ്രസിഡന്റും കൺവീനറുമായ കെ ജി രഘുനാഥൻ നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.