ഡിഎംഎ കലോത്സവം: ശനിയാഴ്ച തിരിതെളിയും
Friday, October 10, 2025 11:02 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും. രാവിലെ എട്ടിന് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ദൂരദർശൻ ഡയറക്ടർ ജനറൽ കെ. സതീഷ് നമ്പൂതിരിപ്പാട് ഉദ്ഘാടന കർമം നിർവഹിക്കും.
ശനിയാഴ്ച സ്റ്റേറ്റ് ലെവൽ സാഹിത്യ കലാ മത്സരങ്ങളാണ് അരങ്ങേറുക. 19ന് സെൻട്രൽ മേഖലയുടെ സോണൽ ലവൽ മത്സരങ്ങൾ ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
26ന് സൗത്ത് മേഖലയുടെയും ഈസ്റ്റ് മേഖലയുടെയും മത്സരങ്ങൾ കാനിംഗ് റോഡ് കേരള സ്കൂളിലും സൗത്ത് വെസ്റ്റ് മേഖലയുടെയും വെസ്റ്റ് മേഖലയുടെയും മത്സരങ്ങൾ വികാസ്പുരി കേരള സ്കൂളിലും അരങ്ങേറും. നവംബർ എട്ട്, ഒമ്പത് തീയതികളിൽ സ്റ്റേറ്റ് ലെവൽ മത്സരങ്ങളും ഗ്രാൻഡ് ഫിനാലെയും വികാസ്പുരി കേരള സ്കൂളിൽ അരങ്ങേറും.
തുടർന്നു ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് കലാതിലകം, കലാപ്രതിഭ എന്നിവയും കൂടാതെ ഈ വർഷം മുതൽ ആരംഭിക്കുന്ന "ഡിഎംഎ നാട്യശ്രീ', "ഡിഎംഎ സംഗീത ശ്രീ', "ഡിഎംഎ കലാശ്രീ' എന്നീ അവാർഡുകളും കൂടുതൽ പോയിന്റുകൾ നേടുന്ന ഏരിയയ്ക്ക് "ഏരിയ ചാമ്പ്യൻ' പട്ടവും സമാപന ദിവസം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ.ജി. രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ. സോമനാഥൻ എന്നിവരുമായി 78388 91770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.