കലാമണ്ഡലം ടാൻസാനിയ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
മനോജ് കുമാർ
Friday, August 22, 2025 2:02 AM IST
ടാൻസാനിയ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കലാമണ്ഡലം ടാൻസാനിയയുടെ നേതൃത്വത്തിൽ വിവിധ ഇന്ത്യൻ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
മസാക്കിയിലെ ഹൈടെക് ഇവന്റ് സ്പേസായ സൂപ്പർ ഡോമിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായ ടാൻസാനിയ നാച്ചുറൽ റിസോഴ്സസ് ആൻഡ് ടൂറിസം മന്ത്രി ഡോ. പിണ്ടി ചാന, മുഖ്യാതിഥിയായ ആക്ടിംഗ് ഹൈ കമ്മീഷണർ ലക്ഷയ് ആനന്ദ് എന്നിവരോടൊപ്പം കലാമണ്ഡലം ചെയർമാൻ മിഥുൻ ആർ. പിള്ള, സെക്രട്ടറി ജെയ്സൺ ചാക്കോ, ജോയിന്റ് സെക്രട്ടറി സംഗീത കമ്മത്ത് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

2024 - 25 അധ്യയന വർഷത്തിൽ പ്ലസ് ടു സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ലാപ്ടോപ് നൽകി അഭിനന്ദിച്ചു. അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള യോഗ്യത നേടിയ ടാൻസാനിയൻ നാഷനൽ ക്രിക്കറ്റ് ടീമംഗങ്ങളെ ആദരിക്കുകയും ചെയ്തു.
തുടർന്ന് പരിപാടിയുടെ പ്രധാന സ്പോൺസർമാർക്കുള്ള മെമെന്റോ വിതരണവും അംബോള റീജൻസി ഹോസ്പിറ്റൽ, സിസിബിആർടി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കലാമണ്ഡലം ഈ വർഷം സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ശസ്ത്രക്രിയ, ഹിയറിംഗ് എയ്ഡ് ചാരിറ്റി ഇനിഷ്യേറ്റീവ് സ്പർശ്, ദി ഹീലിംഗ് ടച്ചിന്റെ ലോഞ്ചിംഗും നടത്തി.

കലാമണ്ഡലം ടാൻസാനിയ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷംതുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യ സമര വീരന്മാരുടെയും കഥകൾ ഉൾപ്പെടുത്തി ടാൻസാനിയയിലെ വിവിധ ഇന്ത്യൻ സംഘടനകൾ കലാപരിപാടികൾ അവതരിപ്പിച്ചു.
എഐ സാങ്കേതിക വിദ്യയും, തീമാറ്റിക് ലൈറ്റിംഗും സംയോജിപ്പിച്ച് ദൃശ്യശ്രാവ്യ വിസ്മയം കുഞ്ഞാലി മരക്കാർ കലാമണ്ഡലത്തിന്റെ പ്രവർത്തകർ അരങ്ങിലെത്തിച്ചു. ഇന്ത്യയുടെയും ടാൻസാനിയയുടെയും പതാകകൾ ഉയർത്തിയ ശേഷം കലാമണ്ഡലം സെക്രട്ടറി ജെയ്സൺ ചാക്കോ നന്ദി പറഞ്ഞു.