ഉറുന്പ് കള്ളക്കടത്ത്; കെനിയയിൽ നാലു പേർക്ക് ശിക്ഷ
Thursday, May 8, 2025 10:12 AM IST
നെയ്റോബി: ഉറുന്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുന്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുന്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.