ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച
Saturday, August 2, 2025 1:10 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനം ഞായറാഴ്ച ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് നടക്കും.
രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തിനും തുടർന്ന് വിശുദ്ധ കുർബാനയ്ക്കും ശേഷം 9.30ന് പ്രാർഥനയോടെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് ശാസ്താം കോട്ട ബൈബിൾ കോളജ് പ്രിൻസിപ്പലും അടൂർ കടമ്പനാട് ഭദ്രാസനത്തിൽ ശുശ്രൂഷകൾ ചെയ്തുവരുന്ന റവ.ഫാ. ജോജി കെ. ജോയുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്ന റൂത്തിന്റെ പുസ്തകം 4.14 വാക്യമായ "വീണ്ടെടുപ്പുകാരനായ ക്രിസ്തു' ആസ്പദമാക്കി കൊണ്ട് ബൈബിൾ ക്ലാസുകൾ നയിക്കും,
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർത്ത മറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. പത്രോസ് ജോയി, അസിസ്റ്റന്റ് വികാരി റവ.ഫാ. ലിജിൻ ജോസ്, റവ. ജ്യോതി സിംഗ് പിള്ള (സിഎൻഐ രൂപതയുടെ വനിത പുരോഹിത) എന്നിവർ പ്രസംഗിക്കും.
മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് തലത്തിൽ ബൈബിൾ ക്വിസ് മത്സരവും ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. മർത്ത മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് എന്നിവരും റവ. ഫാ. പത്രോസ് ജോയി, റവ.ഫാ. ലിജിൻ ജോസ്, ഇടവക കമ്മിറ്റി അംഗങ്ങളും ജനക്പുരി മർത്ത മറിയം വനിതാ സമാജത്തിന്റെ അംഗങ്ങളുടെയും നേതൃത്വത്തിൽ വാർഷിക സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തും.
ഭദ്രാസന വാർഷിക സമ്മേളനത്തിൽ വിവിധ ഇടവകകളിൽ നിന്നുമായി 450 പ്രതിനിധികൾ പങ്കെടുക്കുന്നതായിരിക്കും.