മാലിന്യമുക്തം ഇടുക്കി: ഹരിതസൗന്ദര്യ പ്രഖ്യാപനം ഇന്ന്
1465714
Friday, November 1, 2024 7:29 AM IST
ഇടുക്കി: മാലിന്യമുക്ത ഇടുക്കിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിമായ ഇന്ന് ഹരിത സൗന്ദര്യ പ്രഖ്യാപനങ്ങളുമായി ജില്ലാ ഭരണകൂടം.
കൊന്നത്തടിയിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപനം നിർവഹിക്കും.ഡീൻ കുര്യക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് എന്നിവർ പ്രസംഗിക്കും.
അയൽക്കൂട്ടം, സർക്കാർ ഓഫീസ്, കലാലയം, ടൂറിസം കേന്ദ്രങ്ങൾ, ടൗണുകൾ എന്നിവയെയാണ് ഹരിതമാക്കുന്നത്. മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിലേക്ക് ഇവയെ എത്തിക്കുകയെന്ന ദൗത്യമാണ് ഹരിതകേരളം, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, തദ്ദേശഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെയും ഏജൻസികളെയും കോർത്തിണക്കി ജില്ലാ ഭരണകൂടം നടത്തിയതെന്ന് നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അറിയിച്ചു.
ജില്ലയിലെ 1398 അയൽക്കൂട്ടങ്ങളെയാണ് ആദ്യഘട്ടത്തിൽ ഹരിതമായി പ്രഖ്യാപിക്കുന്നത്.
ഹരിത വിദ്യാലയങ്ങൾ -254 നേരത്തേ പ്രഖ്യാപിച്ച 128 സ്കൂളുകൾക്ക് പുറമേ 126 സ്കൂളുകളെക്കൂടി ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. ഇതോടെ ജില്ലയിലാകെയുള്ള 377 സ്കൂളുകളിൽ 254 സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാകും.
ഹരിത കലാലയങ്ങൾ -27
വിവിധ കോളജുകളടക്കം ജില്ലയിൽ ആകെ 46 കലാലയങ്ങളാണുള്ളത്. അവയിൽ എട്ടെണ്ണത്തിന് നേരത്തേ ഹരിത സാക്ഷ്യപത്രം നൽകിയിരുന്നു. 19 കോളജുകൾ കൂടി ഹരിതമാകുന്നതോടെ ജില്ലയിൽ ഹരിത കലാലയങ്ങളുടെ എണ്ണം 27ആകും.
ഹരിത ഓഫീസുകൾ-528
സർക്കാർ, പൊതു മേഖലയിൽ 2536 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇവയിൽ കേരളപ്പിറവി ദിനത്തിൽ 194 സർക്കാർ ഓഫീസുകൾക്ക് കൂടി ഹരിത പദവി നൽകും. 334 ഓഫീസുകളെ നേരത്തേ ഹരിതമായി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. 528 സ്ഥാപനങ്ങളുടെ ഹരിത പ്രഖ്യാപനമാണ് കേരളപ്പിറവിയിൽ നടത്തുക.
ഹരിത ടൂറിസം കേന്ദ്രങ്ങൾ-8
ജില്ലയിലാകെ 40 ടൂറിസം കേന്ദ്രങ്ങളെയാണ് ഹരിതമാക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയിൽ ഏഴെണ്ണത്തെ ഇന്ന് ഹരിതമായി പ്രഖ്യാപിക്കും. ഒരെണ്ണം നേരത്തേ ഹരിത പദവി നേടിയിരുന്നു.
ഹരിതസുന്ദര ടൗണുകൾ-23
ചെറുതും വലുതുമായ ജംഗ്ഷനുകളടക്കം ജില്ലയിൽ 45 ടൗണുകളെയാണ് ഹരിതവത്കരിക്കുന്നതിനായി തെരഞ്ഞെടുത്തത്. ഇതിൽ 23 എണ്ണത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടത്തുന്നത്.