ടീ ബോർഡ് ഗുണഭോക്തൃ യോഗം ചേർന്നു
1465305
Thursday, October 31, 2024 4:03 AM IST
തൊടുപുഴ: ദേശീയ ടീ ബോർഡ് വിവിധ പദ്ധതികൾക്കായി അനുവദിച്ച 666.9 കോടി രൂപയിൽ ജില്ലയ്ക്ക് ലഭ്യമാകുന്ന വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ചർച്ച ചെയ്യുന്നതിനും ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിനുമായി ഗുണഭോക്തൃ യോഗം ചേർന്നു. വാഗമണ്‍ മാസ്കോ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ബോർഡംഗം ടി.കെ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ടീബോർഡംഗം ഡി. ഡേവിഡ് അധ്യക്ഷത വഹിച്ചു.
തേയിലത്തോട്ട മേഖലയിലെ ചെറുകിട കർഷകർ, തോട്ടം തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ, വിവിധ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ടീ ബോർഡിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ തുക ലഭിച്ചിട്ടുള്ളത് ഇത്തവണയാണ്. ജില്ലയിലെ തേയില മേഖലയുമായി ബന്ധപ്പെട്ട പരമാവധി നേട്ടം കൈവരിക്കുന്നതിനുള്ള ചർച്ചകളാണ് യോഗത്തിൽ നടന്നത്.
വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് അടുത്തമാസം മൂന്നുവരെയാണ്. 15-ലധികം പദ്ധതികളെസംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു.
വിവിധ പദ്ധതികളെ സംബന്ധിച്ച് ടീ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ എം. രമേശ് വിശദീകരിച്ചു. ടീ ബോർഡ് ഫാക്ടറി അഡ്വൈസറി ഓഫീസർ എസ്. അരുണ്‍കുമാർ പ്രസംഗിച്ചു.